ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ഉണ്ടായിട്ടും മാലിന്യ പ്രശ്നത്തിന് അറുതിയില്ലാതെ വെള്ളാരം കുന്ന് പ്രദേശം

• റിപ്പോർട്ട് : കെ. ജി. അശ്വതി
കൽപ്പറ്റ : കല്പറ്റ നഗരസഭയിൽ പുതുതായി നിലവിൽ വന്ന കേരളത്തിലെ ഏറ്റവും വലിയ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റാണ് കല്പറ്റ വെള്ളാരംക്കുന്നിൽ സ്ഥിതി ചെയ്യുന്നത് . 2022 ആഗസ്റ്റിൽ മന്ത്രി എം. വി.ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത് . ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭയിലെ മാലിന്യങ്ങളെല്ലാം ശേഖരിച്ച് വെള്ളാരംകുന്നിലെ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വെള്ളാരംകുന്ന് പ്രദേശം മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. പ്രദേശത്തെ വഴിയോരങ്ങളിൽ അനുദിനം മാലിന്യ നിക്ഷേപം വർധിക്കുകയാണ് . മാലിന്യ സംസ്കരണ പ്ലാന്റ് ചെയ്യുന്നുണ്ടെങ്കിൽ കൂടിയും പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപത്തിൽ ഇതുവരെ യാതൊരു മാറ്റവും വന്നിട്ടില്ല.
രാത്രി കാലങ്ങളിൽ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുകയാണ്. കടകളിൽ നിന്നും വീടുകളിൽ നിന്നും അറവുശാലകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് വെള്ളാരാംകുന്നിന്റെ പാതയോരങ്ങളിലായി അനുദിനം കാണാൻ കഴിയുന്നത്.പ്രദേശത്ത് നായകളുടെയും കുരങ്ങുകളുടെയും ശല്യം കൂടി വരുന്നത് കൊണ്ടുതന്നെ മാലിന്യങ്ങൾ ഭക്ഷിക്കുകയും അവ പൊതു ഇടങ്ങളിൽ വലിച്ചെറിയുകയും ചെയ്യുന്നുണ്ട്. ഇത് നാട്ടുകാർക്കും വിദ്യാർത്ഥികൾക്കടക്കം വെള്ളാരംക്കുന്നിലൂടെയുള്ള യാത്ര പലപ്പോഴും ദുസഹ്യമാക്കുന്നു.
മൂന്ന് വർഷം മുൻപ് എൻ എം എസ് എം ഗവണ്മെന്റ് കോളേജിന്റെ പരിസരങ്ങളിൽ അറവു മാലിന്യങ്ങൾ വലിച്ചെറിയുകയും അതെ തുടർന്ന് വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തിരുന്നു. അറവു മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം കാരണം മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. മൂന്നു വർഷങ്ങൾക്കിപ്പുറവും അതെ അവസ്ഥക്ക് യാതൊരുവിധ മാറ്റവും ഉണ്ടായിട്ടില്ല.
വഴിയിലൂടെ പലപ്പോഴും മൂക്കുപൊത്തി പോകേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും കാലകാലങ്ങളായി ഈ പാതയിലെ മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരവും കണ്ടിട്ടില്ല.നിലവിൽ അനുഭവിച്ചു വരുന്ന മാലിന്യ പ്രശ്നത്തിന് ഇനിയെങ്കിലും ഒരു അറുതി ഉണ്ടാവണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.



Leave a Reply