വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന് വീണ്ടും എൻ.ബി.എ. അക്രെഡിറ്റേഷൻ

മാനന്തവാടി : 1999ൽ തുടങ്ങിയ വയനാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബി. ടെക് പ്രോഗ്രാമിന് 2023 മുതൽ മൂന്ന് വർഷത്തേക്ക് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷന്റെ അംഗീകാരം ആദ്യമായി ലഭിച്ചു. ഓരോ വർഷവും രണ്ടുബാച്ചിലായി 120 വിദ്യാർത്ഥികൾ ബിരുദപഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. നിലവിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന് 2017 മുതൽ എൻ.ബി.എ. അംഗീകാരം ലഭിച്ചിരുന്നു.
സാങ്കേതിക വിദ്യാഭ്യാസത്തിന് ഉയർന്ന നിലവാരം നൽകി മികച്ച എഞ്ചിനീയർമാരെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എൻ.ബി.എ. അവരുടെ കർശനമായ മൂല്യനിർണ്ണയ പ്രക്രിയക്കുശേഷം രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകൾക്ക് കൊടുക്കുന്ന മികവിന്റെ അംഗീകാരമാണിത്.
ലോകത്തെ മികവാർന്ന സ്ഥാപനങ്ങളിൽ എൻ.ബി.എ. അംഗീകാരമുള്ള എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് മുൻഗണനയുണ്ട്. അങ്ങനെ വിദ്യാർത്ഥികൾക്ക് കരിയറിലെ വിജയത്തിന് ഈ അംഗീകാരം കൂടുതൽ അവസരങ്ങൾ നൽകുന്നു.
വളരെ ഉയർന്ന സാങ്കേതിക യോഗ്യതകളും കഴിവുകളും ഉള്ള നിരവധി അധ്യാപക- അനധ്യാപകരുടെ നേതൃത്വത്തിൽ എല്ലാവിധ സജ്ജീകരണങ്ങളുമുള്ള ലബോറട്ടറികൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ മികവാർന്ന വിജയം കരസ്ഥമാക്കാൻ സഹായിക്കുന്നു. കഴിഞ്ഞ വർഷം 140 വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ഉദ്യോഗം ലഭിച്ചത് വളരെ അഭിനന്ദനാർഹമാണ്. പാലക്കാട് ഐ.ഐ.ടി, മീനങ്ങാടി സ്റ്റെർക്, SMARTENERSOL Renewables Pvt Ltd സ്റ്റാർട്ട് അപ്പ് തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി കോളേജ് ധാരണാപത്രങ്ങളിൽ ഒപ്പു വെച്ചിട്ടുണ്ട്.
അടുത്ത അധ്യയന വർഷത്തിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങൾ ഈ അംഗീകാരം നേടുന്നതിനായി അപേക്ഷ നൽകി കഴിഞ്ഞു. കൂടാതെ ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആദ്യമായി സിവിൽ എഞ്ചിനീയറിംഗ് ആൻഡ് എൻവയോൺമെന്റ് സയൻസ് എന്ന പുതിയ കോഴ്സ് കൂടി വയനാട് കോളേജിന് സ്വന്തമായി കഴിഞ്ഞു.
കൂടാതെ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് മേഖലകളിൽ ഓരോ എം. ടെക് പ്രോഗ്രാം വീതമുണ്ട്. പി എച്ച് ഡി റിസർച്ച് സെന്റർ കൂടിയായ കോളേജിൽ ഈ വർഷം ആദ്യത്തെ റിസർച്ച് സ്കോളർ പുറത്തിറങ്ങി.



Leave a Reply