April 26, 2024

സുരക്ഷാ 2023, ചെന്നലോട് വാർഡിന് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനം

0
Img 20230506 142855.jpg
ചെന്നലോട്: സുരക്ഷ 2023 പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ വാര്‍ഡായ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ വച്ച് അനുമോദിച്ചു. ജില്ലാ കലക്ടർ ഡോ രേണു രാജ് ഐഎഎസ് ഉപഹാരം നൽകി. വാർഡിലെ 18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ചെന്നലോട് ഈ നേട്ടം കൈവരിച്ചത്.
64 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ വാര്‍ഡിലെ 280 കുടുംബങ്ങളും സുരക്ഷയുടെ ഭാഗമായി അപകട ഇൻഷൂറന്‍സ് പരിരക്ഷ നേടി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്രഗവണ്മെന്റിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ദൗത്യമാണ് സുരക്ഷ -2023. അപകട ഇന്‍ഷുറന്‍സ് കൂടാതെ 436 രൂപ വാര്‍ഷികപ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയും സുരക്ഷ 2023 ല്‍ ഉള്‍പ്പെടുന്നുണ്ട്.
'മനസ്സിനു സന്തോഷവും ജീവനു ഇൻഷൂറൻസും എല്ലാവർക്കും' എന്ന ലക്ഷ്യത്തോടെ 
വാർഡ് മെമ്പർ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിൽ വാർഡ് വികസന സമിതി, കുടുംബശ്രീ, ആരോഗ്യ ശുചിത്വ കമ്മിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാർഡ് തലത്തിൽ പദ്ധതി പൂർത്തീകരിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ഷമീം പാറക്കണ്ടി. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, സര്‍ക്കാര്‍ പ്രതിനിധി എ.എന്‍ പ്രഭാകരന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ്, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ലീഡ് ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *