April 27, 2024

പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് വിളയിക്കാന്‍ പദ്ധതിയുമായി കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവക

0
Kolavayal
കല്‍പറ്റ-പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് ഗ്രോ ബാഗുകളില്‍  ജൈവമുറയില്‍ വിളയിക്കാന്‍ പദ്ധതിയുമായി കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവക. വികാരി ഫാ.ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍ മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ചതാണ് പദ്ധതി. ഇടവകാംഗങ്ങളില്‍ നെല്‍കൃഷിയില്‍ ആഭിമുഖ്യം വര്‍ധിപ്പിക്കുകയും പദ്ധതി ലക്ഷ്യമാണെന്നു വികാരി പറഞ്ഞു. അമ്പലവയല്‍ മാളിക കുന്നേല്‍ അജി തോമസ് കെട്ടിനാട്ടി രീതിയില്‍ തയാറാക്കിയ മുളപ്പിച്ച പെല്ലറ്റുകളാണ് പദ്ധതിയുടെ ഭാഗമായി ഗ്രോ ബാഗുകളില്‍ വളര്‍ത്തുന്നത്. ഇടവകയിലെ 103 കുടുംബങ്ങള്‍ക്കു അഞ്ചു വീതം ഗ്രോ ബാഗുകളില്‍ നടുന്നതിനു ആവശ്യമായ പെല്ലറ്റ് അജി തോമസ് കഴിഞ്ഞ ദിവസം ഇടവക ആസ്ഥാനത്ത് ലഭ്യമാക്കി. ഗ്രോ ബാഗുകളില്‍ വളര്‍ത്തുന്നതിനു പാല്‍ത്തൊണ്ടി ഇനം പെല്ലറ്റുകളാണ് നല്‍കിയതെന്നു അജി തോമസ് പറഞ്ഞു.ഗ്രോ ബാഗുകളില്‍ പാകിയ വിത്തുകള്‍ വളര്‍ന്നു 110 ദിവസംകൊണ്ട് വിളവെടുപ്പിനു പാകമാകും. 
പ്രത്യേക വളക്കൂട്ടും  കളിക്കൂട്ടും ഉപയോഗിച്ചു തയാറാക്കുന്ന ഒരു പെല്ലറ്റ് പാകുന്ന ഗ്രോബാഗില്‍ ശരാശരി 150 നെല്‍കതിരുകളാണ് പ്രതീക്ഷിക്കുന്നത്. ഒരു കതിരില്‍ കുറഞ്ഞതു 200  നെന്മണികള്‍ ഉണ്ടാകും. അഞ്ചു ഗ്രോ ബാഗുകളിലെ 750 കതിരുകളില്‍  രണ്ടു പറ നെല്ല് വിളയുമെന്നു അജി തോമസ് പറഞ്ഞു. 
സംസ്ഥാന കൃഷിവകുപ്പ് മുന്‍ വര്‍ഷം നടപ്പിലാക്കിയ ഓണത്തിനു ഒരു മുറം വിഷരഹിത പച്ചക്കറി പദ്ധതിയാണ്  ഇടവകയില്‍ പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് വിളയിക്കുന്ന പദ്ധതിക്കു പ്രചോദനമായതെന്നു ഫാ.ഫ്രാന്‍സിസ്  പറഞ്ഞു. ഇക്കാലത്തെ ചോറിനും പലഹാരങ്ങള്‍ക്കും പഴയ രുചിയില്ല. രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിച്ചുള്ള  നെല്ലുത്പാദനമാണ്  ഇതിനു പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് പദ്ധതി വിഭാവനം ചെയ്ത്. ഇടവകാംഗങ്ങള്‍ ഇതിനെ ഹൃദയപൂര്‍വം സ്വീകരിക്കുകയായിരുന്നുവെന്നു വികാരി പറഞ്ഞു.  പെല്ലറ്റുകള്‍ നടുന്നതിനുള്ള ഗ്രോ ബാഗുകള്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും നേരത്തേ തയ്യാറാക്കിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *