May 4, 2024

വ്യക്തിത്വനിര്‍മാണമായിരുന്നു പ്രാചീനകാല വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം: ആചാര്യശ്രീ രാജേഷ്

0


കല്‍പ്പറ്റ: വ്യക്തിത്വനിര്‍മാണമായിരുന്നു പ്രാചീനകാല വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യമെന്ന് വേദപണ്ഡിതനും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ പുളിയാര്‍മലയിലെ കൃഷ്ണഗൗഡര്‍ ഹാളില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദ്വിദിന ജ്ഞാനയജ്ഞത്തിന് നേതൃത്വം കൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളിലുള്ള നിഷേധഭാവങ്ങളെ പിഴുതുകളഞ്ഞ് ജീവിതത്തെ ഐശ്വര്യപൂര്‍ണവും ആരോഗ്യപൂര്‍ണവുമാക്കിത്തീര്‍ക്കുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍ ഒരുവന്‍ ഗുരുകുല വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നീ ഘട്ടങ്ങളിലൂടെ പൂര്‍ണതയിലെത്തുന്ന വ്യക്തിജീവിതത്തിന്റെ ഉത്തമമായ മാതൃക വേദങ്ങളില്‍ കാണാം. ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കാത്ത യാതൊന്നും വേദങ്ങളില്‍ പറഞ്ഞിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച ജ്ഞാനയജ്ഞം ആചാര്യശ്രീ രാജേഷും മീരാ കെ. രാജേഷും ഭദ്രദീപം  ജ്വലിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍വെച്ച് എന്‍.എസ്.എസ്. ഭാരവാഹിയായ എ.പി.നാരായണന്‍ നായര്‍, ജൈനധര്‍മപ്രമുഖനായ ബാബു കടമന, എസ്.എന്‍.ഡി.പി ഭാരവാഹിയായ മോഹനന്‍, ആര്‍ട്ട് ഓഫ് ലിവിങ് ഭാരവാഹിയായ രാജേന്ദ്രന്‍, മുന്‍ കൗണ്‍സിലറായ ശശീന്ദ്രന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ വിനോദ്, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം ഭാരവാഹി സുനില്‍, മടിയൂര്‍കുനി വിഷ്ണുക്ഷേത്രം ഭാരവാഹി ഗോപിനാഥ്, വൈത്തിരി കുന്നത്ത് ഭഗവതിക്ഷേത്രം ഭാരവാഹി മുരുകേശന്‍ മാസ്റ്റര്‍, ബ്രഹ്മകുമാരീസ് ഭാരവാഹി രാംദാസ്, പൗരപ്രമുഖരായ വിജയദാസ് മേപ്പാടി, ചന്ദ്രന്‍ കല്‍പ്പറ്റ എന്നിവരെ ആചാര്യശ്രീ രാജേഷ് ആദരിച്ചു. അതിവിശിഷ്ടമായ അഗ്നിഹോത്രയജ്ഞവും തുടര്‍ന്ന് പ്രസാദവിതരണവും നടന്നു. ഇന്ന് വൈകുന്നേരവും വൈകിട്ട് ജ്ഞാനയജ്ഞം ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *