May 4, 2024

പ്രളയത്തിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ് ; ‘അമ്മിണിക്കുട്ടി’യെ കാണാന്‍ വിദ്യാര്‍ത്ഥികളെത്തി

0
Santha Cherkkad Colony2.jpg

മഹാപ്രളയത്തിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ് തികയുമ്പോള്‍ 'അമ്മിണിക്കുട്ടി'യെ കാണാന്‍ സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും അധ്യാപകരുമെത്തി. ഡോണേറ്റ് എ കൗ കാമ്പയിനിന്റെ ഭാഗമായിട്ടാണ്  എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍  'അമ്മിണിക്കുട്ടി'യെ മാനന്തവാടി എടവക പഞ്ചായത്തിലെ എള്ളുമന്നം ചേര്‍ക്കോട് കോളനിയിലെ ശാന്തയ്ക്ക്  വാങ്ങി നല്‍കുന്നത്. ഉപജീവന മാര്‍ഗമായ കറവ പശുക്കളെ പ്രളയത്തില്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്ന അവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ വലിയൊരു ആശ്വാസമാകുകയായിരുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അമ്പത്തിയാറായിരം രൂപയോളം ചെലവഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ കറവപശുവിനെ വാങ്ങി നല്‍കിയത്. ശാന്തയുടെ ഏഴിലും ആറിലും പഠിക്കുന്ന മക്കളായ നകുലനും നിവേദുമാണ് പശുവിന് അമ്മിണിക്കുട്ടിയെന്നു പേരിടുന്നത്. 

അപ്രതീക്ഷിതമായി കുട്ടികളുടെ സംഘത്തെ വീട്ടുമുറ്റത്തു കണ്ടപ്പോള്‍ ശാന്തയ്ക്കു സന്തോഷം കൗതുകവും, പിന്നെ പറഞ്ഞാ തീരാത്ത നന്ദിയും… രണ്ടുകുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ചേര്‍ക്കോട് ആദിവാസി കോളനിയിലെ കൊച്ചു വീട്ടില്‍ താമസിക്കുന്ന ആ കുടുംബം ഇന്ന് പ്രളയത്തിന്റെ ഓര്‍മകളെ അതിജീവിച്ചു കഴിഞ്ഞു. ഇന്ന് ശരാശരി 22 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ കൊടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. അതിജീവനത്തിന്റെ അനേകം മാതൃകകളില്‍ ഒന്നായി തീര്‍ന്നിരിക്കുകയാണ് ഇന്ന് ഈ കുടുംബവും. കല്‍പ്പറ്റ ക്ഷീര വികസന വകുപ്പ് ഓഫീസര്‍ വി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലാണ് ഡോണേറ്റ് എ കൗ കാമ്പയിനു തുടക്കം കുറിച്ചത്. പ്രളയത്തെ തുടര്‍ന്ന് ഉപജീവന മാര്‍ഗമായ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് ഡോണേറ്റ് എ കൗ കാമ്പയിന്‍ വലിയ ആശ്വാസമായിരുന്നു.  
  
ശാന്തയോടും അമ്മിണിക്കുട്ടിയോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും സന്തുഷ്ടരായിരുന്നു. മഹത്തായ ദൗത്യത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍. സംഘത്തോടൊപ്പം അധ്യാപകരായ ശുഭാങ്ക്, നവീന്‍ പോള്‍, സുനിത ഇല്ലത്ത്, വി.എസ് ദീപ, വിദ്യാര്‍ത്ഥികളായ അജയ് വി.റജി, അഖില്‍ പി.നാഥ്, എം.എസ് അഭിഷേക്, ആര്‍ദ്ര സുരേന്ദ്രന്‍, അബിത മാത്യൂസ്, അജിന ഷെറിന്‍ എന്നിവരുണ്ടായിരുന്നു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *