May 17, 2024

ഇരട്ടക്കൊലപാതക: ആളൂരിനെ അഭിഭാഷകനാക്കണമെന്ന് പ്രതി വിശ്വനാഥൻ കോടതിയിൽ

0
Img 20190722 Wa0294.jpg
കല്‍പ്പറ്റ: ഏറെ കോളിളക്കം സൃഷ്ടിച്ച  കണ്ടത്തുവയല്‍ പൂരിഞ്ഞി ഇരട്ട കൊലപാതക കേസില്‍ കല്‍പ്പറ്റയിലെ ജില്ലാ കോടതിയില്‍ വിചാരണ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. ഇതിന് മുന്നോടിയായി ഇന്ന് നടന്ന കേസില്‍ പ്രതി തൊട്ടില്‍പ്പാലം സ്വദേശി കലങ്ങോട്ടുമേല്‍ വിശ്വനാഥനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഇതിനിടെ താന്‍ നിരപരാധിയാണെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതിന് നിലവിലുളള സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.ബി.എ.ആളൂരിനെ നിയമിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. തനിക്ക് വേണ്ടി വാദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വനാഥന്‍ നേരത്തെ അഡ്വ.ആളുരിന് കത്തയച്ചിരുന്നു. പ്രതിയുടെ ബന്ധുക്കളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വ.ആളൂരിന് വേണ്ടി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ അഡ്വ.ഷെഫിന്‍ അഹമ്മദ് കോടതിയിലെത്തി ആളൂരിനെ അഭിഭാഷകനാക്കണമെന്നുളള അപേക്ഷ നല്‍കി. കേസ് നിലവിലിരിക്കെ അഭിഭാഷകനെ മാറ്റുന്നതിന് കോടതി അനുമതി നല്‍കണം. നിലവില്‍ സര്‍ക്കാരിന്റെ സൗജന്യ നിയമസഹായം ഉളളതിനാല്‍ അഡ്വ.ഷൈജു മാണിശേരിയാണ് പ്രതിഭാഗം വക്കീല്‍. 
കോടതി അനുമതി നല്‍കിയാല്‍ അടുത്ത മാസം 21 ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ആളൂരായിരിക്കും വിശ്വനാഥിന് വേണ്ടി വാദിക്കുക. മാപ്പു സാക്ഷിയാക്കാമെന്നുളള ഉറപ്പിന്മേലാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിശ്വനാഥിന്റെ വാദം. രാജ്യത്തെ ഏറ്റവും പ്രമുഖനായ ക്രിമിനല്‍ ലോയറായ ആളൂര്‍ ഹാജരാകാന്‍ ഇടയുണ്ടെന്ന് അറിഞ്ഞതിനാലാണ് പോലീസ് ധൃതിപ്പെട്ട് ഇന്ന് കുറ്റപത്രം വായിച്ചതെന്ന് അഡ്വ.ഷഫിന്‍ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ പത്ത് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് പ്രതി. 
2018 ജൂലൈ ആറിന് രാത്രിയാണ്   കണ്ടത്തു വയൽ   പൂരിഞ്ഞി വാഴയില്‍ പരേതനായ മൊയ്തുവിന്റെയും  ആയിഷയുടേയും മകന്‍ ഉമ്മര്‍(23), ഭാര്യ ഫാത്തിമ (19) എന്നിവരെ തലയ്ക്കും കഴുത്തിനും വെട്ടേറ്റ നിലയില്‍ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി പിന്‍വാതില്‍ കുത്തിതുറന്ന് അകത്തു കടന്ന് കൃത്യം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇരുവരേയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും മൊബൈലും കാണാതായിരുന്നു. കൃത്യം നടന്ന് രണ്ട് മാസത്തിന് ശേഷം സെപ്തംബര്‍ 18 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ അന്വേഷണ മികവിന് അന്വേഷണ ഉദ്യോഗസ്ഥരായ വയനാട് എസ്.പി. കറുപ്പസ്വാമി, ഡിവൈഎസ്പി കെ.എം.ദേവസ്യ, എസ്.ഐ.മാരായ എന്‍.ജെ.മാത്യു, അബൂബക്കര്‍, സിപിഒ നൗഷാദ് എന്നിവര്‍ സംസ്ഥാന പോലീസ് ചീഫിന്റെ ബാഡ്ജ് ഓഫ് ഹോണര്‍ അംഗീകാരം നേടിയിരുന്നു. 
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ക്രിമിനല്‍ കേസുകള്‍ വാദിക്കുന്നതില്‍ പ്രശസ്തനാണ് അഡ്വ.ബി.എ.ആളൂര്‍. പ്രമാദമായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയ്ക്കും എന്‍.ഐ.എ. കേസില്‍ പ്രതി റിയാസ് അബൂബക്കറിനും വളാഞ്ചേരി പീഡനക്കേസില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷംസുദ്ദീനും വേണ്ടി ഹാജരായാണ് കേരളത്തില്‍ അദ്ദേഹം ശ്രദ്ധേയനായത്. ഓരോ തവണ ഹാജരാകുന്നതിനും 5 ലക്ഷം മുതല്‍ മുകളിലേക്കാണ് ഫീസ്. എന്നാല്‍ ചുരുക്കം കേസുകളില്‍ സൗജന്യമായും വാദിക്കാറുണ്ട്. വിശ്വനാഥന്റെ കേസിൽ ഏത് തരത്തിലായിരിക്കും  അഡ്വ: ആളൂർ ഹാജരാകുക എന്ന കാര്യം  വ്യക്തമല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *