കളിക്കാരില്‍ ആവേശം നിറച്ച് പന്ത് തട്ടി സിദ്ദിഖ്; കൈയ്യടിച്ച് കാണികൾ


Ad

കല്‍പ്പറ്റ: വെങ്ങപ്പള്ളിയിലെ ചോലപ്പുറത്ത് കാല്‍പ്പന്ത് കളിയുടെ ആരവമുയരുന്നു. സമയം നട്ടുച്ചയായിട്ടും തളരാതെ വിജയത്തിനായി പോരാടുകയാണ് കളിക്കാര്‍. അവര്‍ക്കിടയിലേക്ക് കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖ് വോട്ടഭ്യര്‍ത്ഥിച്ച് എത്തിയപ്പോള്‍ ആവേശം ഇരട്ടിയായി. ലക്ഷ്യത്തിലേക്ക് പന്തുപായിക്കാനുള്ള അവരുടെ ശ്രമത്തെ കയ്യടിച്ച് പ്രോത്സാഹിച്ച് അദ്ദേഹം നിന്നു. ആദ്യം കാണികളോടുള്ള വോട്ടഭ്യര്‍ത്ഥന. അപ്പോഴേക്കും ഹാഫ് ടൈമായി. ടീമംഗങ്ങളെ ഓരോരുത്തരെ പരിചയപ്പെട്ടു വിജയാശംസകള്‍ നേര്‍ന്നു. ബാല്യകാലം മുതല്‍ ഫുട്‌ബോളിനോടുള്ള അഭിനിവേശം മറച്ചുവെക്കാതെ അല്‍പ്പനേരം അവര്‍ക്കൊപ്പം പന്തുതട്ടി ഗ്രൗണ്ടില്‍. സ്ഥാനാര്‍ത്ഥിക്കൊപ്പം കളിക്കാരിലും ആവേശം. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നായാടിപ്പൊയില്‍ ചെല്‍സിയ പട്ടികവര്‍ഗ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന പഞ്ചായത്ത് ഗ്രൗണ്ടിലേക്കായിരുന്നു പഞ്ചായത്ത് തല പര്യടനത്തിനിടെ സിദ്ദിഖിന്റെ അപ്രതീക്ഷിതയാത്ര. പണിയസമുദായത്തില്‍പ്പെട്ടവര്‍ മാത്രം പങ്കെടുക്കുന്ന ആ ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയിലെ 14 ടീമുകളാണ് പങ്കെടുക്കുന്നത്. പഴശിരാജ പന്ത്രണ്ടാംപാലം, പഴശി കുട്ടമംഗലം, എന്‍ എഫ് സി കമ്പളക്കാട്, ഐശ്വര്യ എഫ്‌സി പിണങ്ങോട്, നമ്മ ഉദയ അമ്പുകുത്തി, ചലഞ്ചേഴ്‌സ് മുണ്ടക്കൊല്ലി, യുണൈറ്റഡ് എഫ് സി മുണ്ടേരി, വിസ്മയ പത്താംമൈല്‍, കളേഴ്‌സ് ഇടിയംവയല്‍, യൂത്ത് എഫ് സി മാനന്തവാടി, മാടക്കുന്ന് എഫ് സി എന്നിങ്ങനെ മത്സരത്തിനെത്തിയത് ടീമുകളുടെ നീണ്ടനിര. അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയെത്തിയതോടെ കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ സന്തോഷം. ചിലരാവട്ടെ പരാതികളുമായി സിദ്ദിഖിന്റെ മുന്‍പിലെത്തി. കായികമേഖല സമ്പന്നമാണെങ്കിലും അസൗകര്യങ്ങളാണ് അവര്‍ പരിഭവമായി അദ്ദേഹത്തിന് മുന്നിലേക്കിട്ടത്. മണ്ഡലത്തില്‍ വിജയിച്ചാല്‍ അവരുടെ ആഗ്രഹങ്ങള്‍ക്കൊത്തുള്ള ഗ്രൗണ്ടും മറ്റ് സൗകര്യങ്ങളുമൊരുക്കുമെന്ന് സിദ്ദിഖിന്റെ ഉറപ്പ്. കൈയ്യിലടിച്ച് സ്‌നേഹം പങ്കുവെച്ച് പിന്തിരിയുമ്പോള്‍ അവരുടെ മുഖത്ത് നിറഞ്ഞതാവട്ടെ നിറഞ്ഞ ശുഭപ്രതീക്ഷയായിരുന്നു. ഞായറാഴ്ച പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ അവസാനിച്ചതോടെയാണ് സിദ്ദിഖ് പഞ്ചായത്ത് തല പര്യടന പരിപാടികള്‍ക്ക് തിങ്കളാഴ്ച തുടക്കമിട്ടത്. രാവിലെ പൊഴുതന ഗ്രാമപഞ്ചായത്തിലായിരുന്നു തുടക്കം. പൊഴുതനയിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഏറെ നേരം സമയം ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. അവരുടെ സ്‌നേഹവും, വാത്സല്യവുമേറ്റുവാങ്ങി തരിയോട് ഗ്രാമപഞ്ചായത്തില്‍. അരികിലെത്തുന്നവരോടെല്ലാം വിശേഷങ്ങള്‍ തിരക്കി തരിയോട് നിന്നും മാടക്കുന്നിലേക്ക്. മാടക്കുന്നും പിന്നിട്ട് ഒരു വിവാഹവിട്ടിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. അവിടെ നിന്നും നിരവധി പേരോട് വോട്ടഭ്യര്‍ത്ഥിച്ച് വെങ്ങപ്പള്ളിയിലേക്ക്. മാറ്റം കൊതിക്കുന്ന കല്‍പ്പറ്റ മണ്ഡലത്തിലെ ജനങ്ങളെല്ലാം അദ്ദേഹത്തിന് നല്‍കിയത് നിറഞ്ഞ സ്വീകാര്യത മാത്രം. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വോട്ടഭ്യര്‍ത്ഥനയോടെയാണ് തിങ്കളാഴ്ചത്തെ പര്യടനപരിപാടികള്‍ക്ക് സമാപനമായത്. ചൊവ്വാഴ്ച കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ സിദ്ദിഖ് പര്യടനം നടത്തും. കല്‍പറ്റ നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ്, വി എ മജീദ്, മാണി ഫ്രാന്‍സിസ്, ഷാജി വട്ടത്തറ, ബഷീര്‍ പുള്ളാട്ട് അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *