സഹപാഠിക്ക് വീടൊരുക്കാന്‍ സ്‌ക്രാപ് ചലഞ്ചുമായി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം
മേപ്പാടി : വയനാട് ജില്ലാ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വീടില്ലാത്ത സഹപാഠിക്കായി സ്‌നേഹഭവനം ഒരുങ്ങുന്നു. പുത്തുമല സ്വദേശിയും മേപ്പാടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വെണ്ണിലയുടെ ആറംഗ കുടുംബത്തിനാണ് സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കുന്നത്. ഗൃഹനിര്‍മാണത്തിന് ചെമ്പോത്തറയില്‍ ചിലര്‍ വാങ്ങി നല്‍കിയ അഞ്ചു സെന്റ് സ്ഥലത്താണ് വയനാട് ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വീടൊരുങ്ങുന്നത്. വയനാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന 54 യൂനിറ്റുകളിലെയും വളണ്ടിയര്‍മാര്‍ സ്വന്തം വീടുകളിലെ പാഴ് വസ്തുക്കള്‍, പഴയ പേപ്പര്‍ മുതലായവ ശേഖരിച്ച് വിറ്റു കിട്ടുന്ന ചെറുതും വലുതുമായ തുക പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൈമാറി ജില്ലാ തലത്തില്‍ സമാഹരിച്ചാണ് വീടു നിര്‍മാണത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്. സ്‌ക്രാപ് ചലഞ്ച് എന്ന പരിപാടിക്ക് വളണ്ടിയര്‍മാര്‍ വളരെ ഉദാരവും മാതൃകാ പരവുമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് ജില്ലാ കണ്‍വീനര്‍ കെ എസ് ശ്യാല്‍ അഭിപ്രായപ്പെട്ടു. ചെമ്പോത്തറയില്‍ കല്ലുമലയ്ക്കടുത്ത് അഞ്ചു സെന്റില്‍ നടത്തിയ തറക്കല്ലിടല്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഷാജു കെ കെ ,എന്‍ എസ് എസ് വയനാട് ജില്ലാ കോഡിനേറ്റര്‍ ശ്യാല്‍ കെ.എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ സാജിദ് പി കെ, രജീഷ് എ വി, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിര്‍മ്മല എം. മാത്യു, ശ്രീകുമാര്‍ ജി, പ്രോഗ്രാം ഓഫീസര്‍മാരായ സതീശന്‍.എസ്. ക്രിസ്റ്റല്‍ രാജം, മേപ്പാടി ഹയര്‍ സെക്കന്‍ഡറിയിലെ മുന്‍ വാളണ്ടിയര്‍ ലീഡര്‍ മഹേഷ് എം, സിദ്ദിഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply