പാലിന് ഗുണമേന്മ ഉറപ്പ് വരുത്താൻ നടപടികളുമായി മാനന്തവാടി ക്ഷീരസംഘം

മാനന്തവാടി: പാൽ ഗുണമേന്മാ വർഷാചരണത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പും, മിൽമയുമായി ചേർന്ന് മാനന്തവാടി ക്ഷീരസംഘം പാൽ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനാവശ്യമായ വിവിധ തലത്തിലുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു. സംഘത്തിലെ മുഴുവൻ കർഷകർക്കും അവർ ഉൽപാദിപ്പിക്കുന്ന പാലിന് രാസ -അണു ഗുണനിലവാരം ഉറപ്പ് വരുത്തി വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കർഷകർ ഉൽപാദിപ്പിക്കുന്നപാലിന് 3.90 ശതമാനം കൊഴുപ്പ്,, 8.4 ശതമാനം കൊഴുപ്പിതര ഘടകങ്ങൾ , 240 മിനിറ്റിൽ കുറയാതെയുള്ള അണു ഗുണ നിലവാരം
എന്നിവ ഉറപ്പു വരുത്തുന്നതിനായാണ് ക്യാമ്പയിൻ.
കർഷക തലത്തിലും സംഘം തലത്തിലും ഇടപെടലുകൾ നടത്തി ഗുണമേന്മ കുറഞ്ഞ പാലിന്റെ ഗുണനിലവാരം പടിപടിയായി ഉയർത്തും. ഇതിനായി ഉദ്യോഗസ്ഥരും, സംഘം പ്രതിനിധികളും കർഷകരുടെ വീടുകൾ സന്ദർശിച്ച് പാൽ ഗുണമേന്മ കുറയുന്നതിന്റെ കാരണം കണ്ട് പിടിച്ച് സഹായം നൽകി ഗുണമേന്മ വർദ്ധിപ്പിക്കും. ആവശ്യമായ കർഷകർക്ക് ഡോക്ടറുടെ സേവനം സംഘം വഴി ഉറപ്പാക്കും.
സംഘം പാൽ ശേഖരിക്കുന്നതിൽ സംഭരണം, സാംപിൾ ശേഖരിക്കൽ , പരിശോധന എന്നിവ കുറ്റമറ്റതാക്കും.
ഗൃഹസന്ദർശനത്തിന് മാനന്തവാടി ഡി.ഇ.ഒ. നിഷാദ് വി.കെ,
മിൽമ സൂപ്പർവൈസർ ഷിജോ മാത്യു തോമസ് , സംഘം പ്രസിഡന്റ് പി.ടി. ബിജു, സെക്രട്ടറി എം എസ്. മഞ്ജുഷ ജീവനക്കാരായ അഭിലാഷ്, സിന്ധു, പ്രദീഷ് , സന്ദീപ് എം.ബി, നിഷാന്ത് പി.ആർ.എന്നിവർ നേതൃത്വം നൽകി.



Leave a Reply