പ്രതികാര നടപടി സ്വീകരിക്കരുത്: സംഷാദ് മരക്കാര്‍

കല്‍പ്പറ്റ. മാസങ്ങളോളം പൊന്മുടിക്കോട്ടയിലും പരിസരങ്ങളിലും ഭീതി സൃഷ്ടിച്ച കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികാര നടപടികളിലേക്ക് വനംവകുപ്പ് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
പ്രദേശത്തൊന്നാകെ ഭീതിയിലാഴ്ത്തിയ കടുവയെ കൂടുവെച്ച് പിടികൂടാന്‍ നിരവധി ദിവസങ്ങള്‍ ഉണ്ടായിട്ടും വനംവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തത് പ്രദേശത്തെ ജനങ്ങളുടെ വളര്‍ത്ത് മൃഗങ്ങള്‍ അടക്കമുള്ള സമ്പത്ത് നശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചെങ്കിലും ഉദാസീന നിലപാടായിരുന്നു വകുപ്പിന്റേത്. ഒടുവില്‍ നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയതോടെയാണ് കൂട് സ്ഥാപിക്കാനും കടുവക്കായി തിരച്ചില്‍ നടത്താനും വനംവകുപ്പ് തയ്യാറായത്. ജനങ്ങളെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത് വകുപ്പിന്റെ അലംഭാവമാണ്. തങ്ങളുടെ വീഴ്ചകള്‍ മറച്ചുവെക്കാനാണ് നിലവില്‍ കര്‍ഷകനെതിരെ കേസെടുത്ത് മുന്നോട്ട് പോകാനുള്ള വനംവകുപ്പിന്റെ തീരുമാനം. ഒപ്പം ജില്ലയില്‍ ഇനിയുണ്ടാകുന്ന പ്രതിഷേധങ്ങളെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. വകുപ്പിന്റെ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ല. ഇതില്‍ നിന്നും വകുപ്പ് പിന്‍മാറണം. വന്യജീവികള്‍ക്കൊപ്പം മനുഷ്യന് കൂടി പരിഗണന നല്‍കുന്ന തരത്തിലേക്ക് വനംവകുപ്പിന്റെ നിലപാടുകള്‍ മാറണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.



Leave a Reply