കർഷക ദമ്പതികളുടെ പ്രതീക്ഷകൾ നശിപ്പിച്ച രാത്രി

• റിപ്പോർട്ട് : ദീപാ ഷാജി പുൽപ്പള്ളി.
പുൽപ്പള്ളി : പുൽപ്പള്ളി പഞ്ചായത്തിലെ 17-ാം വാർഡിലെ കർഷകരാണ് അമ്മായി കവലയിലെ വള്ളോംകുന്നേൽ ജോസും, ഭാര്യ ബീനയും. പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവ് കൂടിയാണ് ജോസ് . അടുത്ത കാലംവരെ ജോസിന്റെ കൃഷിയിടത്തിൽനിന്ന് നല്ല വരുമാനവും ലഭിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് കാട്ടുപന്നികളുടെ വരവോടെയാണ്.കാട്ടുപന്നികൾ ആദ്യം ആക്രമിച്ചത് ജോസിന്റെ വയലിലെ നെൽകൃഷിയാണ്. പറഞ്ഞുകേട്ടതും അറിയാവുന്നതുമായ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഒരുക്കിയെങ്കിലും അതും നിഷ് ഫലമായി .
ജോസിന്റെ പൊൻകതിരുകൾ കാട്ടുപന്നികൾക്ക് ഭക്ഷണമായി.ഇത് പലതവണ ആവർത്തിച്ചപ്പോൾ ജോസ് നെൽകൃഷി ഉപേക്ഷിച്ചു. പിന്നീട് റോഡിന് സമീപവും വീടിനടുത്തും ഉള്ളതായ 10 സെൻറ് സ്ഥലത്ത് കപ്പ കൃഷി ചെയ്യാൻ തീരുമാനിച്ചത്. കൃഷിപ്പണികളിൽ ജോസിന്റെ സന്തത സഹചാരിയായ മേലേ കാപ്പ് വെള്ളിയും കൂടെയുണ്ടായിരുന്നു.നിലം കിളച്ചൊരുക്കി -നല്ല രീതിയിൽ തന്നെ -കിണറ്റിൽ നിന്ന് വെള്ളം കൊണ്ടുവന്ന് ഒഴിച്ച് മൂന്നുമാസങ്ങൾക്ക് മുമ്പ് ജോസും ബീനയും കപ്പ നട്ടു. വാഹനങ്ങൾ ഓടുന്ന റോഡിന് സമീപത്തെ കപ്പ വന്യമൃഗങ്ങൾ ആക്രമിക്കുകയില്ല എന്ന ഉറപ്പുണ്ടായിരുന്നിട്ടും ജോസ് കപ്പയ്ക്ക് ചുറ്റും വേലിയും നിർമ്മിച്ചു. വേനലിൽ തളരാതെ നനച്ചാണ് കർഷക ദമ്പതികൾ കപ്പ വളർത്തിയത് .എല്ലാം തകിടം മറിഞ്ഞത് ഒരൊറ്റ രാത്രി കൊണ്ടാണ്. കാട്ടുപന്നികൾ കഴിഞ്ഞദിവസം രാത്രി ജോസിന്റെ കപ്പ കൃഷിയിൽ കയറി അടിമുടി തകർത്തു. ഇനി ഒന്നും ബാക്കിയില്ല. ജോസിന് പരാതിയില്ല പരിഭവമില്ല .ആരോടും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം .തന്റെ പാഴായിപ്പോയ കൃഷിയിടത്തിനു മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന ജോസ് വയനാട്ടിലെ ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രതീകമാണ്.



Leave a Reply