March 21, 2023

തരിശ് നിലത്തിൽ മഞ്ച വിളഞ്ഞു;നുറുമേനിയിൽ ആദിവാസികളുടെ കൃഷിയിടം

IMG_20230305_094629.jpg
 മാനന്തവാടി : കാടുകയറി മൂടിയിരുന്ന തരിശ് നിലത്തിൽ വയനാടൻ മഞ്ഞളിൻ്റെ നൂറുമേനി വിജയഗാഥ.നാഷണൽ ആയുഷ്മിഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആയുഷ് ഗ്രാമം പദ്ധതിയിൽ 
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുമായി കൈകോർത്ത് മുണ്ടക്കൽ ആദിവാസി കോളനിയിൽ നടത്തിയ മഞ്ഞൾ കൃഷിയാണ് പുതിയ മുന്നേറ്റമായത്. വേരറ്റുപോകുന്ന വയനാടൻ മഞ്ഞളിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്.
 ഔഷധ സസ്യ കൃഷി പ്രോത്സാഹനവും ആദിവാസി ശാക്തീകരണവും മുന്നിൽ കണ്ടാണ് മഞ്ച എന്ന പേരിൽ ജില്ലയിൽ ആദ്യമായി ജൈവ വയനാടൻ മഞ്ഞൾ കൃഷിക്ക് ഇവിടെ തുടക്കമിട്ടത്. പത്തേക്കർ ഭൂമിയുള്ള കോളനിയിലെ ഒരേക്കർ ഇതിനായി കണ്ടെത്തി. പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായ 10 ആദിവാസി ഗുണഭോക്താക്കളുടെ ക്ലസ്റ്റർ രൂപീകരിച്ചു. മഞ്ച എന്ന പേരിൽ സ്വാശ്രയ സംഘമായി രജിസ്‌റ്റർ ചെയ്ത ഈ കൂട്ടായ്മയാണ് കൃഷിയിൽ നേരിട്ടിറങ്ങിയത്. വെള്ളമുണ്ട പഞ്ചായത്ത് മുന്നൂറ് തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചയുമായി സഹകരിച്ചു. ആയുഷ് വകുപ്പ് നടീൽ വിത്തുകളും ലഭ്യമാക്കി. പൂർണ്ണമായും ജൈവമാതൃകയിലായിരുന്നു കൃഷി പരിപാലനം. തഴച്ചു വളർന്ന മഞ്ഞൾ വിളവെടുത്തപ്പോൾ പ്രതീക്ഷയുടെ നൂറുമേനി. പണിയ സമുദായക്കാരായ കോളനിവാസികൾക്കും ആഹ്ളാദ നിമിഷം. മഞ്ഞൾ സംഭരിക്കാനും വയനാട് സോഷ്യൽ സർവീസ് അതോറിറ്റിക്ക് കീഴിലുള്ള വേവിൻ മുന്നോട്ടെത്തി . ഇതിൽ നിന്നുള്ള വരുമാനം മഞ്ച കൂട്ടായ്മക്ക് തന്നെ നൽകും. വിത്ത് ഉപയോഗിച്ച് പുന കൃഷിയും നടത്താനാണ് തീരുമാനം. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കൃഷി വ്യാപിപ്പിക്കാനാണ് ആയുഷ് ഗ്രാമത്തിൻ്റെ തീരുമാനം. വയനാടൻ മഞ്ഞൾ പ്രത്യേകമായി ബ്രാൻഡ് ചെയ്ത് വിപണയിലെത്തിക്കാനും ഇതുവഴി ഗോത്ര ജീവിത പുരോഗതിയും ആയുഷ് ഗ്രാമം ലക്ഷ്യമിടുന്നു . ലോക വിപണിയിൽ വരെ പ്രീതിയുണ്ടായിരുന്ന വയനാടൻ മഞ്ഞളിൻ്റെ വ്യാപനവും ഇതിലൂടെ സാധ്യമാകും. കുട്ടികളിൽ ശരിയായ ആരോഗ്യ ഭക്ഷ്യസംസ്കാരം വളർത്തുന്നതിന് വിദ്യാലയങ്ങളിൽ ആയുഷ് ക്ളബ്ബുകളും കർമ്മനിരതരാവുകയാണ്.
മാനന്തവാടി ബ്ലോക്കിലെ തൊണ്ടർനാട്, തവിഞ്ഞാൽ, വെള്ളമുണ്ട,എടവക തിരുനെല്ലി പഞ്ചായത്തുകളിൽ നടപ്പിലാക്കി വരുന്ന നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ
ജീവിത ശൈലീ രോഗ നിർണ്ണയവും ചികിത്സയും ഔഷധ സസ്യ കൃഷി പ്രചാരണം പ്രോത്സാഹനം,
ഗൃഹവൈദ്യം,യോഗ,
പകർച്ചവ്യാധി പ്രതിരോധം
വിദ്യാലയങ്ങളിൽ ആയുഷ് ക്ലബ്പ്രവർത്തനംതുടങ്ങിയവ നടത്തി വരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *