വട്ടം ചുറ്റിക്കും വയനാട് ചുരം

• റിപ്പോർട്ട്: സി.വി. ആതിര
കൽപ്പറ്റ : ബ്രിട്ടീഷ്കാരുടെ വാണിജ്യാവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത പാത. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതിലുപരി വയനാട് ചുരം നമ്മുക്കായ് ഒരുക്കിവച്ചത് വന സൗന്ദര്യത്തിന്റെ മായ കാഴ്ചയായിരുന്നു. കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്നും തുടങ്ങുന്ന ഈ വഴിയിലൂടെ 9 ഹെയർപിൻ വളവുകൾ താണ്ടി ആ യാത്ര ലക്കിടിയിൽ അവസാനിക്കുമ്പോൾ സമുദ്രനിരപ്പിൽനിന്നും ഏകദേശം 2,625 അടി മുകളിലാണ് നാം എത്തിച്ചേരുക.
പാതയ്ക്കു ഇരുവശങ്ങളിലുമുള്ള ഇടതുറന്ന വനം വിനോദസഞ്ചരികളെ ആകർഷിക്കുന്ന ഒരു മുഖ്യഘടകമാണ്. ഹെയർപിൻ വളവിലെ വ്യൂപോയിന്റിൽ നിന്നും കാഴ്ചയെ മറക്കുന്ന കൊടമഞ്ഞും, മേഘങ്ങൾക്കും ഇടയിലൂടെ പ്രകൃതി സൗന്ദര്യത്തിന്റെ വ്യത്യസ്ത തലങ്ങൾ ഓരോരുത്തർക്കും കാണാൻ കഴിയും. മഴക്കാലത്ത് പാറക്കെട്ടിലൂടെ ഉർന്നിറങ്ങുന്ന നീർച്ചാലുകളും, ചെറിയ വെള്ളച്ചാട്ടങ്ങളും ചുരത്തിന്റെ മനോഹാരിതയെ പൂർണമാക്കുന്നു. വയനാട്ടിലേക്ക് എത്തുന്ന ഓരോ യാത്രികരുടെയും കണ്ണും മനസും നിറക്കാൻ ഈ ചുരത്തിന് കഴിയും.
എന്നാൽ ഇന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ ഓരോ യാത്രകരുടെയും കണ്ണും മനസും തളരുകയാണ്. ചുരത്തിലെ യാത്ര ദുരിതത്തിൽ വട്ടം ചുറ്റുകയാണ് ആളുകൾ. ചുരത്തിലെ ഗതാഗത കുരുക്ക് അനുദിനം തീരാകുരുക്കായി മാറുന്നതാണ് ഇന്നു നാം കാണുന്നത്. മൾട്ടി ആക്സിന് ബസുകളും, ചരക്കു ലോറികളും, ടിപ്പറുകളും ചുരത്തിൽ ഏതാനും മാസങ്ങളായി മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസം സൃഷ്ടിക്കുകയാണ്.ഇതിനു ഒരു പരിധിവരെയെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വയനാട് ചുരത്തിലെ യാത്രയിൽ ആളുകൾ കൂടുതൽ ബുദ്ധിമുട്ടിലാവും.



Leave a Reply