April 30, 2024

ഭക്തിഗാനങ്ങളുടെ രചനയും, സംഗീതവും, പകര്‍പ്പവകാശവും നടന്റെ പേരില്‍ തട്ടിയെടുത്തതായി പരാതി

0
ഭക്തിഗാനങ്ങളുടെ രചനയും, സംഗീതവും, പകര്‍പ്പവകാശവും നടന്റെ പേരിൽ തട്ടിയെടുത്തതായി പരാതി

കല്‍പ്പറ്റ: മാനന്തവാടിയിലെ കെ എസ് ആര്‍ ടി സി ജീവനക്കാരനായിരുന്ന കാണിച്ചേരി ശിവകുമാര്‍ രചിച്ച ഹിന്ദു ഭക്തിഗാനങ്ങളുടെ രചനയും, സംഗീതവും, പകര്‍പ്പവകാശവും നടന്‍ ജയറാമിന്റെ പേരില്‍ തട്ടിയെടുത്തതായി കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് തലപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വള്ളിയൂര്‍ക്കാവ് ക്ഷേത്രം, ഗണപതി ഭഗവാന്‍ എന്നീ ചരിത്രം ആസ്പ്രദമാക്കി ശിവകുമാര്‍ രചിച്ച് മകള്‍ ആതിരയുടെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി അഷ്‌റഫ് കൊടുവള്ളിയും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ഫൈസലും എന്നിവര്‍ ചേര്‍ന്ന് സംഗീതം ചെയ്ത് പുറത്തിറക്കിയ 'അതുല്യനിവേദ്യം' എന്ന ഭക്തിഗാനങ്ങളാണ് ശ്യാം വയനാട്, വിഗേഷ് പനമരം എന്നിവര്‍ ചേര്‍ന്ന് ജയറാമിന്റെ പേരില്‍ തട്ടിയെടുത്തതെന്ന് കുടുംബം ആരോപിച്ചത്. 2013, 2014 വര്‍ഷത്തിലാണ് ആറ് മലയാളം പാട്ടുകളും രണ്ട് തമിഴ്പാട്ടുകളുമുള്‍പ്പെടെ എട്ട് പാട്ടുകള്‍ ഉള്‍പ്പടുത്തി സിഡി പുറത്തിറക്കിയത്. ഇത് വീഡിയോ ചെയ്യാന്‍ വേണ്ടി നിരവധി ഡയറക്ടര്‍മാരെ ശിവകുമാര്‍ കണ്ടിരുന്നു. ഇത് പ്രകാരം വീഡിയോ ചെയ്ത് തുടങ്ങി വിവിധ കാരണങ്ങളാല്‍ നിര്‍ത്തിവെക്കേണ്ടിയും വന്നിരുന്നു. പിന്നീടാണ് വീടിന് സമീപത്തുള്ള ശ്യാമിനെ കാണുന്നത്. രണ്ട് ഗാനങ്ങള്‍ വീഡിയോ ചെയ്യാമെന്ന് ഇത് പ്രകാരം പറയുകയും ചെയ്തു. അങ്ങനെ രണ്ട് ഗാനങ്ങള്‍ നല്‍കുകയും ശിവകുമാര്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ഹൃദയപൂര്‍വം ജയറാമേട്ടന് അതുല്യനിവേദ്യം എന്ന പേരില്‍ ശ്യാമടക്കമുള്ളവര്‍ ചാരിറ്റിക്കായി ഒരു പരിപാടി ആരംഭിച്ചു. ഇതിലും രചനയുടെ സ്ഥാനത്ത് ശിവകുമാറിന്റെ പേര് തന്നെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ജയറാമിനെ നേരിട്ട് കണ്ട് സംസാരിച്ച് ഇതിന്റെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഒരു കേസുമായി ബന്ധപ്പെട്ടാണ് ജയറാമിന് ഇതില്‍ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാവുന്നത്. വീഡിയോസിഡി ആരാധകര്‍ നല്‍കുന്ന പോലെ കൊടുത്ത് അതിന്റെ ചിത്രവും വീഡിയോയും എടുക്കുകയായിരുന്നുവെന്നാണ് പിന്നീട് മനസിലാക്കാന്‍ സാധിച്ചതെന്നും കുടുംബം പറഞ്ഞു. പിന്നീട് ശിവകുമാറിന്റെ മരണശേഷം അദ്ദേഹം രചിച്ച അതുല്യനിവേദ്യം എന്ന പേരടക്കം ഭക്തിഗാനസിഡിയിലെ എട്ട് ഗാനങ്ങള്‍ ഉള്‍പ്പെടെ സ്വന്തം പേരിലാക്കി ശ്യാം രജിസ്റ്റര്‍ ചെയ്തതായും കുടുംബം ആരോപിക്കുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തതായും അവര്‍ വ്യക്തമാക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ശിവകുമാറിന്റെ മകള്‍ ആതിര കെ, ഭാര്യ ചിത്ര ശിവകുമാര്‍, സംഗീത സംവിധായകന്‍ അഷ്‌റഫ് കൊടുവള്ളി എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *