May 3, 2024

കാഞ്ഞിരത്തിനാല്‍ ഭൂമി: നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി നാളെ നടത്തുന്ന സ്ഥലപരിശോധനയും തെളിവെടുപ്പും നിര്‍ണായകമാകും

0

കല്‍പ്പറ്റ: നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി നാളെ(2) നടത്തുന്ന സ്ഥലപരിശോധനയും തെളിവെടുപ്പും കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ നിര്‍ണായകമാകും. അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് തെറ്റായി പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരികെ ലഭിക്കുന്നതിനു പെറ്റീഷന്‍സ് കമ്മിറ്റിയുടെ ഇടപെടല്‍ ഉതകുമെന്നാണ് പൊതുവെ വിലയിരുത്തല്‍. കുടുംബാംഗങ്ങള്‍ നീതിക്കായി 2015 ഓഗസ്റ്റ് 15 മുതല്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സത്യഗ്രഹത്തിന്റെ വിജയകലാശത്തിനു കമ്മിറ്റി പരിശോധനയും തെളിവെടുപ്പും കാരണമാകുമെന്നു കരുതുന്നവരും നിരവധി. രാവിലെ 10നു സ്ഥലപരിശോധന നടത്തുന്ന പെറ്റീഷന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഉച്ചയ്ക്കു 12നാണ് കോറോം കൂട്ടുപാറയില്‍ തെളിവെടുപ്പ് നടത്തുന്നത്. കാഞ്ഞിരത്തിനാല്‍ കുടുംബവുമായി ബന്ധപ്പെട്ടതിനു പുറമേ മറ്റു ഹരജികളും പരിഗണിക്കും. 
കെ.ബി. ഗണേഷ്‌കുമാറാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍. രാജു ഏബ്രഹാം, സി. മമ്മൂട്ടി, ഒ. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍, വി.വി. സജീന്ദ്രന്‍, സി.കെ. ശശീന്ദ്രന്‍, എം. സ്വരാജ്, പി. ഉബൈദ് എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ചെയര്‍മാന്‍ ഉള്‍പ്പെടെ കമ്മിറ്റിയിലെ എട്ട് അംഗങ്ങള്‍ കാഞ്ഞിരങ്ങാട് എത്തുമെന്നാണ് വിവരം. റവന്യൂ, വനം, സര്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടെ ഉണ്ടാകും. 
ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.ടി. പ്രദീപ്കുമാറിന്റെ ഹരജിയിലാണ്  നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയുടെ  സ്ഥലപരിശോധനയും തെളിവെടുപ്പും. കമ്മിറ്റി നിര്‍ദേശിച്ചതനുസരിച്ചു സര്‍വേ ഉദ്യോസ്ഥര്‍ നേരത്ത് സ്ഥലപരിശോധന നടത്തിയിരുന്നു. 
കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്ത്. ഈ സ്ഥലം 1949ലെ മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍പ്പെട്ടതാണെന്ന  നിലപാടിലായിരുന്നു വനം വകുപ്പ്. 
ഭൂമി പിടിച്ചെടുത്തതിനു എതിരായ പരാതിയില്‍ 1978 നവംബര്‍ ആറിനു കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായി കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയുണ്ടായി. എന്നാല്‍ വനം വകുപ്പ് നല്‍കിയ അപ്പീലില്‍ 1985 ഫെബ്രുവരി രണ്ടിനു പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധി കുടുംബത്തിനു എതിരായി. ഇതിനു പിന്നാലെ ഹൈക്കോടതിയിലെത്തിയ ഭൂമിക്കേസില്‍ കക്ഷികള്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു എക്‌സ്പാര്‍ട്ടി വിധിയുണ്ടായി. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ പേരില്‍ അദ്ദേഹം അറിയാതെ നല്‍കിയ ഹരജിയിലായിരുന്നു ഇത്. 
ഫോറസ്റ്റ് ട്രിബ്യൂണലിന്റെയും പിന്നീട് ഹൈക്കോടതിയുടെയും ഉത്തരവുകളില്‍ പരാമര്‍ശിക്കുന്നതു കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയല്ലെന്നു വ്യക്തമാക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം അഡ്വ.പ്രദീപ്കുമാര്‍ സമ്പാദിച്ചിരുന്നു. ഈ രേഖകള്‍ സഹിതമാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയെ സമീപിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്പിയും പിന്നീട് മാനന്തവാടി സബ്കളക്ടറായിരുന്ന ശിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതിയും സര്‍ക്കാരിനു സമര്‍പ്പിച്ച അന്വേണ റിപ്പോര്‍ട്ടുകളുടെ പകര്‍ക്കും  കമ്മിറ്റിക്കു സമര്‍പ്പിച്ചു.  കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു പറയുന്ന സ്ഥലം വനം വകുപ്പ് വിജഞാപനം ചെയ്ത ഭൂമിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കുന്നതാണ് രണ്ട് റിപ്പോര്‍ട്ടുകളും.  വനഭൂമിയുടെ ഭാഗമെന്നു പറഞ്ഞു പിടിച്ചെടുത്ത സ്ഥലം 2010 ഒക്ടോബര്‍ 21നു വനഭൂമിയായി വിജ്ഞാപനം ചെയ്തതിലെ അനൗചിത്യവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *