May 19, 2024

വയനാട് മെഡിക്കല്‍ കോളജ്: അനിശ്ചിതത്വം നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ്

0
 
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ വന്നിട്ടുള്ള അനിശ്ചിതത്വം നീക്കാന്‍ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന് ജില്ലാ യു ഡി എഫ് നേതൃയോഗം ആവശ്യപ്പെട്ടു. വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപടികളെടുത്ത് മുന്നോട്ടുപോയതാണ്. സൗജന്യമായി ലഭിച്ച 50 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് പ്രാരംഭനടപടികള്‍ ആരംഭിച്ചതുമാണ്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തുടക്കത്തില്‍ ചില തുടര്‍നടപടികളെടുത്തെങ്കിലും ക്രമേണ അത് നിശ്ചലമാകുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും ഊഹാപോഹങ്ങളും ജനമധ്യത്തില്‍ ഏറെ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ഇന്ന് ത്രിശങ്കുവില്‍ നില്‍ക്കുകയാണ്. എൽ ഡി എഫ് സര്‍ക്കാര്‍ നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ചതും മറ്റൊരു സ്ഥലം തേടേണ്ടി വന്ന സാഹചര്യവും ജനങ്ങളില്‍ സംശയങ്ങളും ആശങ്കയും സൃഷ്ടിച്ച സാഹചര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ ഭരണനേതൃത്വം തയ്യാറാകണം. ആരോഗ്യവകുപ്പ് മന്ത്രി വയനാട്ടില്‍ വന്ന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് നിലപാടുകള്‍ വിശദീകരിക്കണമെന്നും ജനങ്ങളുടെ ഭയാശങ്കകള്‍ നീക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. യു ഡി എഫ് ഭരണകാലത്ത് മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ സജീവ പങ്കാളിത്തം വഹിച്ച മുന്‍ എം എല്‍ എയും, ഇടതുപക്ഷമുന്നണി നേതാവുമായ എം വി ശ്രേയാംസ്‌കുമാറും, വയനാട്ടുകാരനായ എം പി വീരേന്ദ്രകുമാറും നിലപാട് വ്യക്തമാക്കണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മുന്‍മന്ത്രി പി കെ ജയലക്ഷ്മി, പി കെ അബൂബക്കര്‍, വി എ മജീദ്, സി പി വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, അബ്ദുള്ള മാടക്കര, കെ കെ അബ്രഹാം, റസാഖ് കല്‍പ്പറ്റ, എന്‍ കെ വര്‍ഗീസ്, പൗലോസ് കുറുമ്പേമഠം എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *