May 20, 2024

ഗൃഹനാഥന്റെ ആത്മഹത്യ: സര്‍ക്കാരിന്റെ ഗുരുതര വീഴ്ച: ഐ സി ബാലകൃഷ്ണന്‍

0

കല്‍പ്പറ്റ: സര്‍ക്കാരിന്റെയും, കല്‍പ്പറ്റ എം എല്‍ എയുടെയും, പഞ്ചായത്ത് ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചമൂലമാണ് പ്രളയത്തില്‍ വീട് തകര്‍ന്ന  ഗൃഹനാഥന് ജീവനൊടുക്കേണ്ടി വന്നതെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. മേപ്പാടി നത്തംകുനി സനലിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞ ആഗസ്റ്റ് എട്ടിലെ പ്രളയത്തിലാണ് സനിലിന്റെ വീട് തകര്‍ന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പകരം വീട് നിര്‍മ്മിച്ച് നല്‍കാനോ ധനസഹായം നല്‍കാനോ സാധിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഇപ്പോഴും പ്രളയനഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കുടുംബങ്ങള്‍ വയനാട്ടിലുണ്ട്. ഈ കുടുംബങ്ങള്‍ക്ക് ഇനിയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പുത്തുമലയിലെ ജനങ്ങളുടെ പുനരധിവാസം പോലും എങ്ങുമെത്താത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. സനലിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും,  സനലിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൃഹനാഥന് ആത്മഹത്യ ചെയ്യേണ്ടി വന്നത് സര്‍ക്കാരിന്റെ അനാസ്ഥ മൂലം: എന്‍ ഡി അപ്പച്ചന്‍
കല്‍പ്പറ്റ: മേപ്പാടി നത്തംകുനിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കെടുകാര്യസ്ഥതയും അനാസ്ഥയുമാണെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗവും ജില്ലാ യു ഡി എഫ് കണ്‍വീനറുമായ എന്‍ ഡി അപ്പച്ചന്‍ കുറ്റപ്പെടുത്തി. പ്രളയത്തില്‍ വീട് തകര്‍ന്ന സനലിന്റെ കുടുംബം നാളിതുവരെയായിട്ടും നഷ്ടപരിഹാരം ലഭ്യമാകാത്തതില്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് കളയുമ്പോഴും അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇതുവരെ ലഭ്യമാകാത്ത നിരവധി കുടുംബങ്ങളാണ് വയനാട്ടിലുള്ളത്. വന്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമല പ്രദേശത്ത് ഇനിയും 43 പേര്‍ക്ക് പതിനായിരം രൂപ ധനസഹായം ലഭിച്ചിട്ടില്ല. പാവപ്പെട്ടവരുടെ ജീവിതത്തിന് എന്തെങ്കിലും വില കല്‍പ്പിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്രയും വലിയ അനാസ്ഥയുണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ പൊടിച്ച് പഞ്ചായത്ത് ദിനാഘോഷം നടത്തിയിട്ട് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഖജനാവിലെ പണം ധൂര്‍ത്തടിക്കാന്‍ കാണിക്കുന്ന താല്‍പ്പര്യം, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *