May 19, 2024

വിലക്കുറവിന്‍റെ കേന്ദ്രങ്ങളായി കുടുംബശ്രീ ഓണച്ചന്തകള്‍

0
Whatsapp Image 2020 08 28 At 1.59.03 Pm 1.jpeg
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിലാരംഭിച്ച ഓണച്ചന്തകളില്‍ തിരക്കേറുന്നു. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടത്തുന്ന ജില്ലാ ചന്തയിലും വിവിധ സി.ഡി.എസുകളില്‍ നടത്തുന്ന ചന്തകളിലും ഓണമടുത്തതോടെ തിരക്കേറി. ഗുണമേന്മയും വിശ്വസ്തതയുമാണ് കുടുംബശ്രീ ഓണച്ചന്തകളുടെ മുഖമുദ്ര. പൂര്‍ണ്ണമായും കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ തല ഒണച്ചന്ത ആഗസ്റ്റ് 30 ന് അവസാനിക്കും.
തേങ്ങ, മുരിങ്ങയില, മത്തനില, കപ്പ, മത്തന്‍, ഇളവന്‍, വെള്ളരി, പാല്‍ചേമ്പ്, ചേന തുടങ്ങിയവ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. വയനാടന്‍ ഗന്ധകശാല അരിയും ഇഞ്ചി, വെളുത്തുള്ളി, നാടന്‍ തക്കാളി, പച്ചമുളക് തുടങ്ങിയവയും  മേളയില്‍ ലഭ്യമാണ് ശുദ്ധമായ വെളിച്ചെണ്ണയില്‍ പാകം ചെയ്ത കായ വറുത്തതും, ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, ചക്ക ചിപ്സ്, അച്ചപ്പം, അരിമുറുക്ക്, ഉണ്ണിയപ്പം തുടങ്ങിയവയും മേളയിലുണ്ട്. ഗുണമേന്മയുളള ധാന്യങ്ങളും മസാലകളും ചേര്‍ത്ത് തയ്യാറാക്കിയ പൊടികള്‍, അച്ചാറുകള്‍, ചമ്മന്തിപ്പൊടി, ചക്കപപ്പടം, പപ്പടം തുടങ്ങി എല്ലാ സാധനങ്ങളും പൊതു വിപണിയേക്കാള്‍ വലിയ വിലക്കുറവിലാണ് ഓണചന്തകളില്‍ വില്‍ക്കുന്നത്. കളിമണ്‍ പാത്രങ്ങളും കരകൗശല വസ്തുക്കളും ഇത്തവണത്തെ മേളയുടെ ആകര്‍ഷണമാണ്.
ഇടനിലക്കാരില്ലാത്തതിനാല്‍ വില്‍പനയിലെ ലാഭം ഭൂരിഭാഗവും കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും ലഭിക്കുന്നുവെന്നതാണ് കുടുംബശ്രീ ഓണച്ചന്തകളുടെ സവിശേഷത. കുടുംബശ്രീയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന തരത്തില്‍ ഗുണമേന്‍മയേറിയ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന ഓണച്ചന്തകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് പ്രദാനം ചെയ്യുന്നത്. 
ഓണം സീസണ്‍ മുന്നില്‍കണ്ട് നിരവധി ഉല്‍പന്നങ്ങള്‍ സംരംഭകര്‍ തയ്യാറാക്കിയിരുന്നു. കൂടാതെ സംഘകൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഓണത്തിനാവശ്യമായ പച്ചക്കറികള്‍ ധാരാളമായി കൃഷി ചെയ്തിരുന്നു. 
ജില്ലാതല ഓണച്ചന്ത വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത അദ്ധ്യക്ഷം വഹിച്ചു. കല്‍പ്പറ്റ നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സഫിയ, അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. വാസുപ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. സാധാരണക്കാര്‍ക്കാശ്വാസമായി പരമാവധി ഇടങ്ങളില്‍ ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ മിഷന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *