പ്ലസ് – വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണം; ആദിശക്തി സമ്മര്‍ സ്‌കൂള്‍ നവംബര്‍ ആദ്യവാരം ആദിവാസി- ദലിത് വിദ്യാഭ്യാസ മെമ്മോറിയല്‍ സമര്‍പ്പിക്കും

കല്‍പ്പറ്റ: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന മുഴുവന്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കും സീറ്റ് നല്‍കണമെന്നും, എം ആര്‍ എസ്സില്‍ സീറ്റ് വര്‍ധിപ്പിച്ചും എസ് ടി വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ബാച്ചുകള്‍ ആരംഭിച്ചും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തില്‍ നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണമെന്ന് ആദിവാസി ഗോത്രമഹാസഭ, ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസ മേഖല മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ ആദിവാസി – ദളിത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൊവിഡ് സാഹചര്യവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോഴുള്ള ചില അടിയന്തിര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, മന്ത്രി കെ രാധാകൃഷ്ണനും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അനുപമക്കും ആദിശക്തി സമ്മര്‍ സ്‌കൂളും ആദിവാസി ഗോത്രമഹാസഭയും ചേര്‍ന്ന് നിവേദനങ്ങള്‍ സമര്‍പ്പിച്ചതായി ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ പറഞ്ഞു. നവംബര്‍ 1-ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് വിദ്യാഭ്യാസ മെമ്മോറിയല്‍ സമര്‍പ്പിക്കുന്നതോടെ പ്രക്ഷോഭ ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും അറിയിച്ചു.
ഈ വര്‍ഷം 2287 എസ് ടി വിദ്യാര്‍ഥികള്‍ എസ് എസ് എല്‍ സി പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കിലും 730 സീറ്റുകള്‍ മാത്രമേ ജില്ലയില്‍ മാറ്റി വച്ചിട്ടുള്ളു. വര്‍ഷാ വര്‍ഷം സീറ്റ് വര്‍ധിപ്പിക്കണമെന്ന തീവ്ര ആവശ്യം ഉന്നയിച്ചിട്ടും എറ്റവും കൂടുതല്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയില്‍ ആവശ്യമായ സീറ്റ് വര്‍ധനവ് നടപ്പാക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. എം ആര്‍ എസ്സിലെ സീറ്റ് വര്‍ധിപ്പിച്ചും സ്‌പെഷ്യല്‍ ബാച്ചുകള്‍ അനുവദിച്ചും പ്രതിസന്ധിക്ക് പരിഹാരം കാണണം.
കൊവിഡ് സാഹചര്യത്തില്‍ അക്ഷര ലോകത്ത് നിന്നും പൂര്‍ണമായും പുറംതള്ളപ്പെട്ട ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ തിരിച്ചെത്തിക്കാന്‍ പ്രോമോട്ടര്‍മാരെയും മെന്റര്‍ ടീച്ചര്‍മാരെയും സന്നദ്ധ പ്രവര്‍ത്തകരെയും ചുമതലപ്പെടുത്തുക, ഡിഗ്രി-പിജി തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പണത്തിനും അഡ്മിഷന്‍ സമയത്തും നല്‍കേണ്ട എല്ലാത്തരം ഫീസുകളും സൗജന്യമാക്കുക, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വര്‍ധിപ്പിക്കുക, കൈറ്റിന്റെ ഉടമസ്ഥതയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ആയിരകണക്കിന് ലാപ്‌ടോപ്പുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കുക, അഡ്മിഷന്‍ നടപടികളില്‍ സംവരണ വ്യവസ്ഥ പാലിക്കാത്ത ഓട്ടോണമസ് കോളജുകള്‍ക്കും യൂനിവേഴ്‌സിറ്റികള്‍ക്കും എസ് സി, എസ് ടി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്താന്‍ വ്യക്തമായ വ്യവസ്ഥകള്‍ പ്രോസ്‌പെക്റ്റസില്‍ നല്‍കുക, എസ് സി, എസ് ടി സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റാനുള്ള വ്യവസ്ഥ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മന്ത്രി കെ രാധാകൃഷ്ണന്റെ മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.
ആദിശക്തി സമ്മര്‍ സ്‌കൂള്‍ 2020- 2021 വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം ഈ അധ്യായന വര്‍ഷം കൂടുതല്‍ വിപുലീകരിച്ചു. 500- ലേറെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ ഹെല്‍പ് ഡെസ്‌കില്‍ സേവനം ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 100 – ലധികം എസ് ടി വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി /പി ജി / ഇതര കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ എടുത്തു കൊടുത്തിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഡിഗ്രി, പിജി, ഇതര കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ എസ് ടി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ച 10 മണി മുതല്‍ സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ (ഡയറ്റിനു സമീപം) ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആദിശക്തി സമ്മര്‍ സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ സി മണികണ്ഠന്‍, എ എസ് മൃദുല, വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ മേരി ലിഡിയ, പി ആര്‍ ദിവ്യ എന്നിവര്‍ പങ്കെടുത്തു.



Leave a Reply