April 30, 2024

ഫുള്‍ ജാര്‍ സോഡക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

0
വയനാട്   ജില്ലയിലെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ഫുള്‍ ജാര്‍ സോഡയെക്കുറിച്ചുളള  പരാതിയും സംശയവും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്  പരിശോധന തുടങ്ങി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ യാതൊരു ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ ജാര്‍ സോഡ വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തി. പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച മിശ്രിതവും, ഉപ്പും, പഞ്ചസാരയും, കസ്‌കസും ലായിനിയാക്കി ചെറിയ ഗ്ലാസില്‍ നിറച്ച് സോഡ നിറച്ച വലിയ ഗ്ലാസിലേക്കിടുന്നതാണ് ഫുള്‍ ജാര്‍ സോഡ.  ഇത്തരം സോഡ കുടിക്കാന്‍ വലിയ തിരക്കാണ് വില്‍പ്പനകേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്.  സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകള്‍ കഴുകുന്നവെളളം മാറ്റാതെയും സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വേണ്ടത്ര വൃത്തിയില്ലാത്ത രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്.  ഇത് ഭക്ഷ്യ വിഷബാധപോലെയുളള അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു.ഉപഭോക്താക്കള്‍ വൃത്തിയും ശുചിത്വവുമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മാത്രമേ ഇവ വാങ്ങാന്‍ പാടുളളു.ഗുണനിലവാരത്തില്‍ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം അത്തരം ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി. ഫുള്‍ ജാര്‍ സോഡ വില്‍പ്പന നടത്തുന്ന തെരുവോര ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് എന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു.  കച്ചവടക്കാര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കുകയും ആയത് ഉപഭോക്താക്കള്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കുകയും ചെയ്യുക, ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കുക, സ്ഥാപനത്തിലുപയോഗിക്കുന്ന വെളളം, ഐസ് മുതലായവ ശുദ്ധവും രോഗാണുവിമുക്തവുമായിരിക്കുക, വൃത്തിഹീനമായ ചുറ്റുപാടുകളിലും, ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യത്തിലും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാതിരിക്കുക, ജീവനക്കാര്‍ കര്‍ശനമായ വ്യക്തി ശുചിത്വം പാലിക്കുക, സോഡ മുതലായ ബോട്ടില്‍ പാനീയങ്ങള്‍ നിയമാനുസൃത ലൈസന്‍സുളള സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങുകയും, ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക (ഉല്‍പാദകന്റെ മേല്‍വിലാസം, ഉല്‍പാദിപ്പിച്ച തീയതി, കാലാവധി, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നമ്പര്‍ മുതലായവ) തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.  അല്ലാത്തപക്ഷം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *