May 10, 2024

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്‌ : ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

0
Img 20171023 115559
കല്‍പ്പറ്റ: ജില്ല വര്‍ഷങ്ങളായി നേരിടുന്ന ഏറ്റവും ഗുരുതരമായ വികസന പ്രശ്നം പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്‌ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ്. വയനാട് ജില്ലയുടെ സമഗ്ര  വികസനത്തിന് ടൂറിസം രംഗത്ത്  വന്‍ കുതിച്ചു ചാട്ടത്തിന് തന്നെ വഴി ഒരുക്കിയേക്കാവുന്ന പദ്ധതിയാണ് പാതി വഴിയില്‍ നിലച്ചു പോയത്.  കഴിഞ്ഞ 23 വര്‍ഷങ്ങളായി ഫയലില്‍  ഒതുങ്ങിയ ഈ പാത യാഥാര്‍ത്ഥ്യമാക്കുവാന്‍  ഇനിയെങ്കിലും കേന്ദ്ര – സംസ്ഥാന ഗവണ്മെന്‍റ്കളും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ദീര്‍ഘ കാലത്തെ ശാസ്ത്രീയമായ പഠനത്തിനും സര്‍വ്വേക്കും ചര്‍ച്ചക്കും ശേഷം പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തനം  ആരംഭിച്ച് 10 കോടി രൂപ യോളം ചിലവഴിച്ച് ആകെയുള്ള 27.225km  ദൂരത്തില്‍ പൂഴിത്തോട് നിന്ന് വനാതിര്‍ത്തി വരെയുള്ള 3km ദൂരവും പടിഞ്ഞാറത്തറയില്‍നിന്നു കുറ്റിയാംമൈല്‍ വരെ 9km  ദൂരവും 12mtr വീതിയില്‍ മികച്ച രീതിയില്‍ നിര്‍മ്മാണം നടത്തിയ ശേഷം വനത്തിലൂടെയുള്ള 8km  ദൂരത്തിന് ദേശീയ വന പാരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തി വെക്കുകയായിരുന്നു. കടുത്ത വന നിയമങ്ങളാണ് വയനാടിന്‍റെ വികസനത്തിന്‌ പ്രധാന തടസ്സം. വിവരാവകാശ നിയമനുസരിച്ച് കേന്ദ്ര വനം മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ ഇപ്പോള്‍ ഈ റോഡിന്‍റെ അനുമതി സംബന്ധിച്ച് യാതൊരു അപേക്ഷകളും ഫയലുകളും അവശേഷിക്കുന്നില്ലെന്ന്‍ രേഖാമൂലം മറുപടി ലഭിച്ചിട്ടുണ്ട് എന്ന് നേതാക്കള്‍ വെളിപ്പെടുത്തി.വനത്തിലൂടെ കടന്നുപോകേണ്ടത് 8km ദൂരമാണ്. വയനാടിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 35% വനങ്ങളാണ്. അതു തന്നെയാണ് വയനാടിന്‍റെ വികസനത്തില്‍ തടസ്സം സ്രഷ്ട്ടിക്കുന്നത്. കടുത്ത വനനിയമ്മങ്ങളില്‍ വയനാടിന് ഇളവനുവദിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറാകണം. B.J.P ഭരിക്കുന്ന വടക്കേന്ധ്യന്‍  സംസ്ഥാനങ്ങളില്‍ ഇതു പോലെയുള്ള സമാന വിഷയങ്ങളില്‍  നാടിന്‍റെ വികസനവും    ജനവികാരവും മാനിച്ച്    വന നിയമ്മങ്ങളില്‍    ഇളവു നല്‍കി റോഡ്‌ – റെയില്‍വേ പാതകള്‍ക്ക് വലിയതോതില്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. ഇതു നമ്മേ സംബന്ധിച്ചിടത്തോളം ആശ്വാസകരവും പ്രതീക്ഷ നല്‍കുന്നതുമാണ്. നമ്മുടെ സംസ്ഥാന ഗവണ്‍മെന്‍റ് ചുരം റോഡ്‌ നവീകരണത്തിനും ബദല്‍ റോഡ്‌ നിര്‍മ്മാണത്തിലും വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ട്.
കിഫ്ബിയില്‍ വകയിരുത്തി മേപ്പാടി – ആനക്കംപൊയില്‍ റോഡിനു വേണ്ടി 600 കോടിയോളം രൂപ നേടിയെടുക്കുവാനും സര്‍വെക്കു വേണ്ടി 20 കോടി രൂപ അനുവദിച്ചു കിട്ടിയത്തിനും സമ്മര്‍ദം ചെലുത്തുന്ന ജനനേതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറ്റവും മുന്തിയ പരിഗണന നല്‍കി 60%  നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തികരിച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന്‍റെ കാര്യത്തിലും വലിയ തല്പ്പര്യമെടുത്ത് യാഥാര്‍ത്ഥ്യമാക്കുവാന്‍ കടുത്ത പരിശ്രമം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് വയനാട്ടിലെ ഭൂരിപക്ഷം ജനങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയും നീതി നിഷേധവും ജനവഞ്ചനയുമായി വിലയിരുത്തേണ്ടി വരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വനത്തിലൂടെയുള്ള റോഡിന് ആവശ്യമായ 52 ഏക്കര്‍ ഭൂമിക്കു പകരം പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകള്‍ സ്വകാര്യ വ്യക്തികളോടടക്കം വിലകൊടുത്ത് സമാഹരിച്ച് 104  ഏക്കര്‍ സ്ഥലം കാട് വെച്ച് പിടിപ്പിക്കുന്നതിന് വനംവകുപ്പിന് നല്‍കിയിട്ടുണ്ടെന്ന കാര്യവും അനുകൂലമായ മറ്റൊരു കാര്യമാണ്.
മാറി മാറി വരുന്ന സര്‍ക്കാരുകളും ഉദ്യോഗസ്ഥവൃന്തവും വിവിധ മാധ്യമങ്ങളും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ചിലപ്പോഴൊക്കെ കാലിക പ്രാധാന്യമുള്ള ഈ വിഷയംചര്‍ച്ച ചെയ്യുന്നുണ്ട് എങ്കിലും ക്രിയാത്മകമായ ഈ ഘട്ടത്തില്‍ നാടിന്‍റെ വികസനത്തില്‍ വളരേ താല്‍പ്പര്യം എടുത്തു പ്രവര്‍ത്തിക്കുന്ന വയനാട്- കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ പാത സന്ദര്‍ശിച്ച് ബദല്‍ റോഡ്‌ വിഷയം സജീവമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ചുരം നവീകരണത്തെക്കുറിച്ച് ആലോചിക്കുവാന്‍ 25- തിയതി തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ള എം എല്‍ എ മാരുടേയും ഉധ്യോഗസ്തന്മാരുടെയും യോഗത്തില്‍ പടിഞ്ഞാറത്തറ – പൂഴിത്തോട്   ബദല്‍ റോഡ്‌ വിഷയം കൂടി ചര്‍ച്ച ചെയ്യണമെന്ന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനോടകം ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വികസന സമിതിയുടെ പേരില്‍ കേരളാ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേന്ദ്ര വനം വകുപ്പ് മന്ത്രി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.പി വീരേന്ദ്രകുമാര്‍ എം..ഐ ഷാനവാസ്‌, മുല്ലപ്പള്ളി രാമചന്ദ്രന്‍, രണ്ടു ജില്ലകളിലേയും എം.എല്‍.എ മാര്‍, കളക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കഴിയുന്നത്ര വേഗത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന്‍ അനുകൂല നടപടി ഉണ്ടാകാത്തപക്ഷം ഹൈകോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട്-വയനാട് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ ജനങ്ങളേയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടെന്നും പാതയിലൂടെ പദയാത്ര, വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണകള്‍, പ്രതിഷേധ യോഗങ്ങള്‍, ജീപ്പ് പ്രചാരണ ജാഥ, നിയമപോരാട്ടം, ഒപ്പു ശേഖരണം തുടങ്ങിയവ സംഘടിപ്പിച്ച് പാത യാഥാര്‍ത്ഥ്യമാകുന്നതുവരെ കര്‍മ്മരംഗത്ത് ഉറച്ചു നില്‍ക്കുമെന്നും ജില്ലാ പ്രസിഡന്‍റ് കെ എ ആന്‍റണി പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ കാവാലം ജോസഫ്‌, കമല്‍ ജോസഫ്‌, വി എസ് ചാക്കോ,  എ. പി. കുര്യാക്കോസ് ടി.പി.കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു .
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *