May 10, 2024

കോളറ: വയനാട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

0
Samagra Suchikarana Yanjamthinte Bhagamayi Collectratil Nadanna Suchikaranam 1
 ജില്ലയില്‍ കോളറ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍  അടിയന്തര യോഗം ചേര്‍ന്നു. കോളറ രോഗം ശ്രദ്ധയില്‍പ്പെട്ടതില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും കളക്ടര്‍  അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തോട്ടംമേഖലയില്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റുകള്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കണം. ജലജന്യരോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. 
തൊഴില്‍ നല്‍കുന്നതിനു മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറാന്‍ പ്ലാന്റേഷന്‍ പ്രതിനിധികളോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ വിശദാംശങ്ങള്‍ പോലിസിന് നല്‍കുന്നതിനൊപ്പം പകര്‍പ്പ് തൊഴില്‍വകുപ്പിനും ലഭ്യമാക്കണം. രോഗബാധിത മേഖലയില്‍ രണ്ടു കിണറുകളും മൂന്നു കുടിവെള്ള സംഭരണികളുമുണ്ട്.  ഇതിന്റെ പരിസരങ്ങളിലും എസ്റ്റേറ്റ് പാടികളിലും സൂപ്പര്‍ ക്ലോറിനേഷനു പുറമെ സമീപ പ്രദേശങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും  കളക്ടര്‍ നിര്‍ദേശിച്ചു. 
കോളറ സ്ഥിരീകരിച്ച മേഖലയിലെ എസ്‌റ്റേറ്റ് പാടികളില്‍ തൊഴില്‍, ആരോഗ്യവകുപ്പുകളുടെ നേതൃത്ത്വത്തില്‍ സംയുക്ത പരിശോധന നടത്തി.  ശുചിമുറികളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.  ഡെപ്യൂട്ടി ഡി എം ഒ ഡോ. നൂന മര്‍ജ, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്‌റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
സമഗ്ര ശുചീകരണ യജ്ഞം 
കളക്ടറേറ്റും പരിസരവും വൃത്തിയാക്കി
മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞം എന്നിവയുടെ ഭാഗമായി സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജീവനക്കാര്‍ കലക്ടറേറ്റും പരിസരവും ശുചീകരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു ശുചീകരണം. എഡിഎം കെ അജീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ ടി.ജനില്‍ കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി.പ്രദീപ്  തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.
ജില്ലയില്‍ ഇന്നും നാളെയും (ശനി,ഞായര്‍) നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍, യുവജന ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, സ്വകാര്യ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍  അണിനിരക്കും. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശവുമായി നടത്തുന്ന സമഗ്ര ശുചീകരണ യജ്ഞത്തില്‍ ശനിയാഴ്ച പൊതുയിടങ്ങളും ഞായറാഴ്ച വാര്‍ഡ് തലത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. രാവിലെ 8 മണി മുതലാണ് ശുചീകരണം. 
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. അമ്പത് വീടുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടങ്ങുന്ന ഒരു ക്ലസ്റ്റര്‍, വാര്‍ഡുകള്‍ എന്ന തലത്തിലാണ് ശുചീകരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിംഗും മൈക്രോ ലെവല്‍ കര്‍മ്മപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡുകളിലും പ്രദേശങ്ങളെ വേര്‍തിരിച്ച് ശുചീകരണ ടീമിനെ സജ്ജമാക്കിയാണ് പ്രവര്‍ത്തിക്കുക. അജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് വേര്‍തിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങളില്‍ (എം.സി.എഫ്) സംഭരിക്കും. ഇവ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *