April 28, 2024

കടമാന്‍തോട് ജലസേചന പദ്ധതി ജനങ്ങളുടെ ഏതിര്‍പ്പ് അയയുന്നു.

0
കല്‍പറ്റ-കടമാന്‍തോട് ജലസേചന പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ പുല്‍പള്ളി പഞ്ചായത്തിലെ ജനങ്ങളില്‍ ഒരു വിഭാഗത്തിനുള്ള ഏതിര്‍പ്പ് അയയുന്നു. സര്‍വേയും ബോറിംഗും നടക്കട്ടെ എന്നാണ്  
പദ്ധതിയെ നിശിതമായി എതിര്‍ത്തിരുന്നതില്‍ ഒരു വിഭാഗത്തിന്റെ ഇപ്പോഴത്തെ നിലപാട്. അണക്കെട്ട് നിര്‍മിക്കുമ്പോള്‍ മുങ്ങിപ്പോകാനിടയുള്ള പ്രദേശങ്ങളിലുള്ളവരാണ് പദ്ധതിക്കെതിരെ രംഗത്തുണ്ടായിരുന്നത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വേനലില്‍ വരള്‍ച്ചയും ജലക്ഷാമവും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതി അനിവാര്യതയാണെന്നു ബോധ്യപ്പെട്ടതാണ് ഇവരില്‍ പലരുടെയും മനംമാറ്റത്തിനു കാരണം. ഇത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിലെ തടസം ഒരളവോളം നീങ്ങാന്‍ സഹായകമാകുമെന്നാണ് പൊതുവെ വിലയിരുത്തല്‍. 
പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി  പഞ്ചായത്തുകളില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന പദ്ധതി തടസങ്ങള്‍ നീക്കി പ്രാവര്‍ത്തികമാക്കണമെന്ന പ്രമേയം മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതി അടുത്തിടെ പാസാക്കിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലിയില്‍ സര്‍വകക്ഷിയോഗം വിളിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുന്നതിനു സര്‍വകക്ഷി യോഗം വിളിക്കാന്‍ നിയോജകമണ്ഡലം എം.എല്‍.എ ഐ.സി. ബാലകൃഷ്ണനുമായി ബന്ധപ്പെട്ടുവരികയാണ് പുല്‍പള്ളി പഞ്ചായത്തിലെ ജനപ്രതിനിധികളില്‍ ചിലര്‍.   എം.എല്‍.എയ്ക്കു അസൗകര്യം ഉണ്ടെങ്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ യോഗം വിളിക്കട്ടെ എന്ന നിര്‍ദേശവും ഇവര്‍ വച്ചിട്ടുണ്ട്. 
കടമാന്‍തോട് പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന താത്പര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കാവേരി ജല ഉപയോഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേരള സര്‍ക്കാരിനു നോട്ടീസ് നല്‍കിയിരുന്നു. കാവേരി നദീജലതര്‍ക്ക ട്രിബ്യൂണല്‍ അനുവദിച്ചതില്‍ കേരളം ഉപയോഗിക്കാത്ത വെള്ളം വിട്ടുകിട്ടണമെന്നാണ് തമിഴ്‌നാടിന്റെ ഹരജിയിലെ ആവശ്യം. 
1990ല്‍ രൂപീകരിച്ച കാവേരി നദീജലതര്‍ക്ക ട്രിബ്യൂണലിന്റെ 2007ലെ അന്തിമ വിധിയനുസരിച്ച് കബനി ജലത്തില്‍ 21 ടി.എം.സി കേരളത്തിനുള്ളതാണ്. എന്നാല്‍ ബാണാസുര, കാരാപ്പുഴ അണക്കെട്ടിലടക്കം ഏകദേശം  മൂന്നു ടി.എം.സി വെള്ളമാണ് സംസ്ഥാനം  ഉപയോഗപ്പെടുത്തുന്നത്. ബാക്കി ജലം പുഴകളിലുടെയും തോടുകളിലൂടെയും കര്‍ണാടകയിലേക്കു ഒഴുകുകയാണ്.  യഥാര്‍ഥത്തില്‍ വയനാടിനു അവകാശപ്പെട്ട ജലമാണ് കര്‍ണാടക ബീച്ചനഹള്ളി അണയില്‍  സംഭരിച്ച് കൃഷി-കുടിവെള്ള പദ്ധതികള്‍ക്കും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗിക്കുന്നത്. 
ട്രിബ്യൂണല്‍ അംഗീകരിച്ചതു ഒഴികെ വന്‍കിട-ഇടത്തരം ജലസേചന-കുടിവെള്ള പദ്ധതികള്‍ക്കു  കബനി ജലം ഉപയോഗപ്പെടുത്താനാകില്ല. ഇത് കടമാന്‍തോട് പദ്ധതിയുടെ പ്രസക്തി വര്‍ധിപ്പിക്കുകയാണ്. കടമാന്‍തോട് പദ്ധതിക്കായി 1.53 ടി.എം.സി വെള്ളം ഉപയോഗപ്പെടുത്താന്‍ കാവേരി ട്രിബ്യൂണലിന്റെ അനുമതിയുണ്ട്. എന്നാല്‍ വന്‍കിട പദ്ധതിയില്‍ ജലാശയത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും വളരെക്കൂടുതല്‍ സ്ഥലം വേണ്ടിവരുന്നതിനാല്‍ ഇടത്തരം പദ്ധതിയാണ് ജലവിഭവ വകുപ്പ് വിഭാവനം ചെയ്യുന്നത്. 2012ല്‍ തയാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു 28 മീറ്റര്‍ ഉയരവും 490 മീറ്റര്‍ നീളവും 14.62 മില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷിയുമുള്ള അണയാണ് പദ്ധതിക്കായി നിര്‍മിക്കേണ്ടത്. 1639 ഹെക്ടറാണ് വൃഷ്ടിപ്രദേശം. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കുന്നതിനു അണയുടെ ഉയരം 28 മീറ്ററിലും കുറയ്ക്കാനും ജലവിഭവ വകുപ്പ് സന്നദ്ധമാണെന്നാണ് സൂചന. പദ്ധതിക്കുവേണ്ടി 200ലധികം   പേരുടെ കൈവശഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. സ്ഥലത്തിനു പൊന്നുംവിലയും കുഴിക്കൂര്‍ചമയങ്ങള്‍ക്കു മാന്യമായ നഷ്ടപരിഹാരവും ലഭിക്കുന്നപക്ഷം പദ്ധതിയുമായി സഹകരിക്കാമെന്ന നിലപാടിലാണ് കൈവശക്കാരില്‍ അധികവും. 

 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *