May 4, 2024

ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്ലസ്‌വണ്‍ പ്രവേശനം; സ്‌പോട്ട് അഡ്മിഷന്‍ ക്യാമ്പ് ജൂലൈ 17ന്

0


ഹയര്‍ സെക്കണ്ടറി കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാതെ പോയ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോട്ട് അഡ്മിഷന്‍ ക്യാമ്പുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി നാളെ (ജൂലൈ 17) രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്സിലും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന എച്ച്.എസ്.എസ്സിലും മാനന്തവാടി താലൂക്കില്‍ മാനന്തവാടി ഗവ. വി.എച്ച്.എസ്.എസ്സിസുമാണ് സ്‌പോട്ട് അഡ്മിഷന്‍ ക്യാമ്പ് നടക്കുക. 
ജൂലൈ 17ന് രാവിലെ 10 മുതല്‍ 11 വരെ കരിയര്‍ ഗൈഡന്‍സ് വിദഗ്ധരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ കോഴ്‌സുകളില്‍ അവബോധവും ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതയും പരിചയപ്പെടുത്തും. സ്‌കൂള്‍, കോഴ്‌സ് എന്നിവ മാറ്റം ആവശ്യപ്പെടുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ വീട്ടിനു അടുത്തുള്ള സ്‌കൂളില്‍ തന്നെ ഒഴിവുണ്ടെങ്കില്‍ സീറ്റ് അവിടെത്തന്നെ ഉറപ്പാക്കും. അല്ലാത്ത പക്ഷം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് അധിക സീറ്റ് സൃഷ്ടിക്കുന്ന കാര്യവും പരിഗണിക്കും. ആദ്യം വരുന്ന മുറയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ഉറപ്പാക്കും. സ്‌പെഷ്യല്‍ ക്യാമ്പിന്റെ വിജയത്തിനായി മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പാളിനെ ജില്ലാതല അക്കാഡമിക് കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാതല അക്കാഡമിക് കോര്‍ഡിനേറ്റര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ നല്‍കുന്ന ഒഴിവുകളുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കും. പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ അന്തിമപട്ടിക 17ന് തന്നെ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഇ-മെയിലായി അയക്കും. കൂടാതെ വിവരം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കുകയും ജൂലൈ 18, 19 തീയതികളില്‍ അനുവദിച്ച സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. 

സംയോജിത ആദിവാസി വികസന വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ യോഗ്യരായ 632 കുട്ടികള്‍ക്കാണ് പ്ലസ് വണ്‍ കോഴ്‌സിന് അഡ്മിഷന്‍ കിട്ടാനുള്ളത്. യോഗ്യരായ മുഴുവന്‍ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുകയാണ് സ്‌പെഷ്യല്‍ ക്യാമ്പിന്റെ ലക്ഷ്യം. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ സംയോജിത ആദിവാസി വികസന വകുപ്പ്, ജില്ലയിലെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവരെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് നടപടി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *