May 7, 2024

രാത്രിയാത്രാ നിരോധനം നിലപാട് മാറ്റം ദൗര്‍ഭാഗ്യകരം:റയില്‍വേ ആക്ഷന്‍ കമ്മറ്റി

0
  ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനപ്രശ്നത്തില്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും വകുപ്പിന്‍റെ നിലപാട് മാറ്റം ദൗര്‍ഭാഗ്യകരമാണെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി.  
ബന്ദിപ്പൂര്‍ വനമേഖലയില്‍ 5 മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച് രാത്രി ഗതാഗത നിരോധനം പിന്‍വലിക്കാമെന്ന് മന്ത്രാലയം 2018 ജൂലൈയില്‍ തീരുമാനിച്ചിച്ചതും ഇതിന് വരുന്ന ചിലവിന്‍റെ എസ്റ്റിമേറ്റ് തയ്യാറാക്കിയതുമാണ്.  ഇതുപ്രകാരം കണക്കാക്കിയ 460 കോടി രൂപയില്‍ പകുതി കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും വകുപ്പ് നല്‍കാമെന്നും ബാക്കി പകുതി കേരളാ സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു തീരുമാനം.  വകുപ്പ് സെക്രട്ടറിയും പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച കമ്മറ്റി തലവനുമായ വൈ.എസ്.മാലിക്ക് ഇതു സംബന്ധിച്ച് 17.7.18 ന് കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുകയും മുഖ്യമന്ത്രി നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തതാണ്.  എന്നാല്‍ കര്‍ണ്ണാടക പിന്നീട് നിലപാട് മാറ്റി.  സുപ്രീംകോടതി കമ്മറ്റിയിലെ കേരളാ സര്‍ക്കാര്‍ പ്രതിനിധികള്‍ തുടക്കത്തില്‍ മേല്‍പ്പാലത്തെ എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് അവര്‍ തീരുമാനം മാറ്റുകയും, ചിലവിന്‍റെ പകുതി വഹിക്കാമെന്ന് കേരളാ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.  മേല്‍പ്പാല പദ്ധതിക്ക് വരുന്ന 500 കോടി വരെയുള്ള ചിലവിന്‍റെ പകുതി വഹിക്കുമെന്ന് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ കേരള സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്.  കേരളത്തിലെതന്നെ ഉദ്യോഗസ്ഥ ലോബി രാത്രിയാത്രാ നിരോധനം തുടരാനും സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാനുമുള്ള ഒത്താശകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ നിതാന്തജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് ആക്ഷന്‍ കമ്മറ്റി പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്.  കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍തന്നെ തീരുമാനമായ കാര്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ശ്രമിക്കുകയും, കേന്ദ്ര സര്‍ക്കാരുമായും കര്‍ണ്ണാടക സര്‍ക്കാരുമായും ചര്‍ച്ച നടത്തി അഭിപ്രായ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു കേരളാ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.  എന്നാല്‍ ഇതില്‍ ഒരു വര്‍ഷമായി വന്ന അലംഭാവമാണ് ഇപ്പോള്‍ തീരുമാനം കേരളത്തിന് എതിരായത്.  ഏറ്റവും അനുകൂലമായ ഒരു സാഹചര്യത്തെ വെച്ചുതാമസിപ്പിച്ച് എതിരാക്കിയത് കടുത്ത നിരാശ സൃഷ്ടിക്കുന്നതായി.  രാത്രിയാത്രാ നിരോധന പ്രശ്നത്തില്‍ സര്‍ക്കാര്‍ ഒരു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുകയും നേരിട്ട് ഇടപെടുകയും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോകും.  ആക്ഷന്‍ കമ്മറ്റി പല തവണ ചൂണ്ടിക്കാണിച്ചപോലെ സ്ഥാപിതതാല്‍പ്പര്യക്കാരായ പല ലോബികളും രാത്രിയാത്രാ നിരോധനം തുടരുന്നതിനുവേണ്ടി എല്ലാവിധ പരിശ്രമങ്ങളും നടത്തിവരികയാണ്.  സംസ്ഥാന സര്‍ക്കാറിന്‍റെ ജാഗ്രതക്കുറിവിനെയാണ് ഇവര്‍ സമര്‍ത്ഥമായി മുതലെടുക്കുന്നത്.  മുഖ്യമന്ത്രി തന്നെ നേരിട്ട് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രിയുമായും പരിസ്ഥിതി മന്ത്രിയുമായും ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.  
അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, വി.മോഹനന്‍, എം.എ.അസൈനാര്‍, പി.വൈ.മത്തായി, ലക്ഷ്മണ്‍ ദാസ്, ഇ.പി. ഇസ്മായില്‍, ജേക്കബ് ബത്തേരി, സംഷാദ്, അബ്ദുള്‍ റസാക്ക്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *