May 18, 2024

നിരീക്ഷണത്തില്‍ കഴിയുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തരുത് :കൊറോണ ബോധവത്കരണം തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം

0
Prw 536 Jilla Vikasana Samithi Yogam.jpg
 


· മാസ്‌കുകള്‍ സാനിറ്റൈസര്‍ അമിത വില ഈടാക്കരുത്

കൊറോണ (കോവിഡ് 19) വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍   ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനുളള നടപടികളാണ് സ്വീകരിക്കണം.  ഉത്സവങ്ങള്‍ പോലുളള ചടങ്ങുകള്‍ ലളിതമായി നടത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടണം.  വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും വികസന സമിതി നിര്‍ദ്ദേശിച്ചു. 

    കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച കാലയളവ് നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവെക്കുന്നവര്‍ക്കെതിരെ  പൊതുജനാരോഗ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവരെ സംബന്ധിച്ചുളള വിവരങ്ങള്‍ 112 എന്ന നമ്പറിലോ spwynd.pol@kerala.gov.in ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. വിദേശ സഞ്ചാരികളെ കുറിച്ച് വിവരങ്ങള്‍ കൈമാറാതിരുന്ന റിസോര്‍ട്ടിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
     വാണിജ്യ സ്ഥാപനങ്ങള്‍  മാസ്‌കുകള്‍ക്കും സാനിറ്റൈസര്‍ ഉല്‍പ്പന്നങ്ങള്‍ക്കും അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. മാസ്‌ക്കുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കോട്ടണ്‍ മാസ്‌ക്കുകള്‍ തയ്യാറാക്കി വിതരണം നടത്താന്‍ കുടുംബശ്രീയുടെ സഹകരണം തേടും. ഉപയോഗ ശേഷം മാസ്‌കുകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
 
      തിരുനെല്ലി പഞ്ചായത്തില്‍ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെത്തിയ കുരങ്ങിന്റെ  ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സിസി ഫിലിപ്പ് അറിയിച്ചു. കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന ആദ്യത്തെ  പോസ്റ്റുമോര്‍ട്ടമാണിത്. അവയവങ്ങള്‍ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയക്കും. ഒരാഴ്ച്ചക്കം ഫലം ലഭ്യമാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുരങ്ങ് പനി പ്രതിരോധവുമായി ബന്ധപ്പെട്ട് പൂക്കോട് കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. വെറ്ററിനറി പാരാസൈറ്റോളജിസ്റ്റ് ഡോ. രഘു രവീന്ദ്രന്‍, സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാണ്ടി എന്നിവര്‍ വിശദീകരണം നടത്തി.
  യോഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ,പ്രഭാകരന്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍,ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *