May 16, 2024

പരിസ്ഥിതി ലോലമേഖലകളില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
മലബാര്‍ വന്യജീവി സങ്കേതം: 
പരിസ്ഥിതി ലോലമേഖലകളില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ
കല്‍പ്പറ്റ: മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിന് ആരും എതിരല്ല. എന്നാല്‍ ജനങ്ങളുടെ ജീവിതവും കൂടി വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ട്. വയനാട്ടില്‍ വൈത്തിരി താലൂക്കില്‍പ്പെടുന്ന തരിയോട്, അച്ചൂരാനം, പൊഴുതന, കുന്നത്തിടവക വില്ലേജുകളിലെ കാര്‍ഷികമലയോരമേഖലകള്‍ പൂര്‍ണമായി ഇ എസ് ഇസഡില്‍ വരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് വേണ്ടി കരട് വിജ്ഞാപനം തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമവശങ്ങളും പരിഗണിക്കാതെയാണ് മേഖലകള്‍ തരംതിരിച്ചിരിക്കുന്നത്. ഇത്തരം പ്രദേശങ്ങളില്‍ 5500-ല്‍ താഴെ ജനങ്ങള്‍ മാത്രമെ താമസിക്കുന്നുള്ളുവെന്നാണ് കരടില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 45000-ത്തില്‍ കുറയാതെ ജനങ്ങളും, വീടുകളും സ്ഥാപനങ്ങളും അരാധനാലയങ്ങളുമടക്കം ഈ പ്രദേശങ്ങളിലുണ്ട്. കൂടാതെ തേയില, തേങ്ങ, ഇഞ്ചി, കുരുമുളക് അടക്കമുള്ള കൃഷിയും വളര്‍ത്തുമൃഗങ്ങളും ഈ പ്രദേശങ്ങളിലുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഇ എസ് ഇസെഡ് മേഖലകളെ പറ്റി ജനങ്ങളുമായി സംസാരിച്ച് നിബന്ധനകള്‍ മനസിലാക്കികൊടുത്ത ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് വിജ്ഞാപനം ഇറക്കിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും, ഇത് ശുദ്ധനുണയാണ്. മലയോരമേഖലയിലെ കര്‍ഷകരും ഭൂമിയുടെ കൈവശക്കാരുമായ ജനങ്ങളുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ് ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതി ലോലപ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നിലവില്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കാന്‍ നടപടിസ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖല കണ്ടെത്തുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും, കര്‍ഷകരുടെയുമടക്കം അഭിപ്രായങ്ങള്‍ ആരായാന്‍ തയ്യാറാകണം. കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെ വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്. ഇ എസ് ഇസെഡ് മേഖലയായി പ്രഖ്യാപനം വന്നാല്‍ ഈ മേഖലകളില്‍ താമസിക്കുന്ന ജനങ്ങളെ കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങളും ദുരിതങ്ങളുമാണ്. ഈ സാഹചര്യത്തില്‍ ജനവാസകേന്ദ്രങ്ങളെയും കാര്‍ഷികഭൂമിയെയും ഒഴിവാക്കിക്കൊണ്ട് പരിസ്ഥിതിമേഖലകള്‍ തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *