April 27, 2024

അധികൃതരുടെ അനാസ്ഥ :നോക്കുകുത്തിയായി ചീക്കല്ലൂർ പാലം;പ്രതിഷേധവുമായി നാട്ടുകാർ

0
Img 20210323 Wa0164.jpg
പനമരം : അധികൃതരുടെ അനാസ്ഥമൂലം ചീക്കല്ലൂർ പാലം അപ്രോച്ച് റോഡ് നോക്കുകുത്തിയായതിൽ പ്രതിഷേധിച്ച് നാട്ടുകാർ യോഗം ചേർന്നു. പതിമൂന്ന് വർഷം മുമ്പ് തുടങ്ങിയ പ്രവൃത്തികൾ ഇന്നും എവിടെയും എത്താതെ പാതി വഴിയിൽ കിടക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ജനകീയ സമിതി പാലത്തിന് മുകളിൽ യോഗം ചേർന്നത്. കോടതിയിൽ കേസും സ്റ്റേയും നിലനിൽക്കെ തർക്കം പരിഹരിക്കാതെ വീണ്ടും റോഡിന്റെ പ്രവൃത്തികൾ ആരംഭിച്ചത് പദ്ധതി വീണ്ടും  വൈകാൻ കാരണമാക്കുമെന്ന് യോഗം കുറ്റപ്പെടുത്തി.
2008 – 09 കാലത്താണ് ചീക്കല്ലൂർ പാലത്തിന്റെ പണികൾ ആരംഭിക്കുന്നത്. 9 കോടി രൂപയിലേറെ പാലത്തിനും അനുബന്ധ റോഡ് നവീകണത്തിനുമായി അന്ന് അനുവദിച്ചിരുന്നു. ഇതിൽ നാല് കോടി രൂപയോളം വിനിയോഗിച്ച് പാലം ഒരു വർഷം കൊണ്ട് പണിതെങ്കിലും റോഡിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറി എന്ന പരാതിയെ തുടർന്ന് അപ്രോച്ച് റോഡിന്റെ പ്രവൃത്തികൾ നടന്നില്ല. ഇതിനിടെ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് സ്ഥലം പഞ്ചായത്തിൻ്റേതാണെന്ന് കാണിച്ച് പൊതുമരാമത്തിന് രേഖ കൈമാറിയിരുന്നു. ഇതോടെ
കഴിഞ്ഞ നവംബർ മാസം വീണ്ടും പദ്ധതിയിലേക്ക് തുക വകയിരുത്തി
അനുബന്ധ റോഡിൻ്റെ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും ഒരു മാസത്തോളമായി നിർമാണം നിലച്ചിരിക്കുകയാണ്. ഈ മാർച്ച് മാസത്തിൽ പൂർത്തീകരിക്കേണ്ട പദ്ധതി കരാറ് കാരൻ പാതി വഴിയിൽ ഇട്ടെറിഞ്ഞ് പോയിരിക്കുകയാണ്. ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്. 
ചീക്കല്ലൂരിൽ 12 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാലങ്ങൾക്കിടയിലും ശേഷിക്കുന്ന 200 മീറ്ററോളം ഭാഗത്തും സൈഡ് കെട്ടി മണ്ണിട്ട് നികത്തുക മാത്രമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയത്. മറ്റ് പ്രവൃത്തികൾ ഒന്നും നടന്നില്ല. കോടതിയിൽ കേസും സ്റ്റേയും നിലനിൽക്കെയാണ് തർക്കം പരിഹരിക്കാതെ വീണ്ടും റോഡിന്റെ പ്രവൃത്തികൾ ആരംഭിച്ചത്. തർക്കം ഇല്ലാത്ത ഭൂമി വരെയുള്ള നിർമാണമായിരുന്നു നടന്നിരുന്നത്.
ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. 
നടവയൽ ഭാഗത്തേക്കുള്ള 
റോഡിനായി ഏറ്റെടുത്ത സ്ഥലം തങ്ങളുടേതാണെന്നാണ് സ്ഥലമുടമ പറയുന്നത്. അന്യായമായി ഒരു ഏക്കർ 20 സെൻ്റ് സ്ഥലം കയ്യേറിയിട്ടുണ്ട്. ഇവിടെ റോഡിന് മറുഭാഗത്തുള്ള സ്ഥലം ഒഴിവാക്കി ഒരാളുടെ സ്ഥലം മാത്രമാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ മുമ്പ് സർവ്വെയർ അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്തിൽ നിന്നും മാറ്റവുമുണ്ടായി. ഇത് സംബന്ധിച്ച് ബത്തേരി മുൻസിഫ് കോടതിയിൽ കേസും നടന്നു കൊണ്ടിരിക്കുകയാണ്.
നീണ്ട കാത്തിരിപ്പുകൾക്കൊടി
വിലായിരുന്നു ചീക്കല്ലൂർ പാലം അപ്രോച്ച് റോഡിന്റെ നിർമാണം ആരംഭിക്കുന്നത്. കൽപ്പറ്റയിൽ നിന്നും പുൽപ്പള്ളിയിലേക്കുള്ള എളുപ്പവഴിയാണ് ഈ പാലം. എട്ട് കിലോമീറ്ററോളം ദൂരം കുറയ്ക്കാൻ ചീക്കല്ലൂർ റോഡിലെ യാത്ര സഹായകമാവും. നടവയലിൽ നിന്നും കണിയാമ്പറ്റയിലേക്കുള്ള ദൂരവും വളരെ കുറയും. പാലത്തിൽ നിന്നും 750 മീറ്ററോളം ദുരമുള്ള റോഡ് നെല്ലിയമ്പത്തെ കാവടം റോഡിലാണ് അവസാനിക്കുക. 
നടവയൽ, ചിറ്റാലൂർകുന്ന്, ചീക്കല്ലൂർ, കൂടോത്തുമ്മൽ ഭാഗങ്ങളിലെ 25- ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ മേരി ഐമനച്ചിറ അധ്യക്ഷത വഹിച്ചു. ഭൂമി സംബന്ധിച്ചുള്ള തർക്കം പൂർണമായും പരിഹരിക്കാതെ പ്രവൃത്തി ആരംഭിക്കാൻ അനുമതി നൽകിയ മുഴുവൻ അധികൃതരും കുറ്റക്കാരാണെന്ന് യോഗം ആരോപിച്ചു. ചീക്കല്ലൂർ പാലം അപ്രോച്ച് റോഡ് പ്രവൃത്തി, തർക്കം പരിഹരിച്ച് ഉടൻ യാഥാർഥ്യമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോവാനും യോഗത്തിൽ തീരുമാനമെടുത്തു. 
തുടർ നടപടികൾ എളുപ്പത്തിലും വേഗത്തിലും കൃത്യതയോടും നടപ്പിലാക്കുന്നതിനായി കർമസമിതിയ്ക്കും രൂപം നൽകി.  സി.വൈ.അബ്ദു റസാക്ക്, സതീഷ് വാസുദേവൻ (രക്ഷാധികാരികൾ), പി.എൻ.അനിൽകുമാർ (ചെയർമാൻ), സണ്ണി ഐക്കരക്കുടി (കൺവീനർ), മേരി ഐമനച്ചിറ, എൻ.ആർ.രഘു (വൈസ്.ചെയർ), ജിൻസ് പോൾ നടവയൽ, അജയ് വർക്കി (ജോ.കൺവീനർ), ഇ.കെ.ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ലിനീഷ് നടവയൽ, കെ.എസ്.സുനിൽകുമാർ, ലിഷു പാണ്ടിപ്പള്ളിയിൽ, ഒ.പി.വാസുദേവൻ, റഷീദ് കാവടം, വി.എസ്.വർഗ്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *