പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കര്‍ഷകര്‍; പരിഹാരമുണ്ടാകുമെന്ന ഉറപ്പുമായി ടി.സിദ്ദിഖ്


Ad
പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കര്‍ഷകര്‍; പരിഹാരമുണ്ടാകുമെന്ന ഉറപ്പുമായി ടി.സിദ്ദിഖ്
കല്‍പ്പറ്റ: കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സമഗ്ര വികസനത്തിന് സഹായകമായ പദ്ധതികളും വാഗ്ദാനങ്ങളുമായി കല്‍പ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖിന്റെ പ്രചാരണ പര്യടനം. മണ്ഡലത്തില്‍ നിര്‍ണായകമായ കര്‍ഷകര്‍ക്കൊപ്പവും തോട്ടം തൊഴിലാളികള്‍ക്കൊപ്പവുമായിരുന്നു സ്ഥാനാര്‍ത്ഥി പ്രചരണത്തിനായി കൂടുതല്‍ സമയവും ചിലവഴിച്ചത്. ശനിയാഴ്ച പ്രളയത്തിന്റെ തിക്താനുഭവങ്ങള്‍ ഏറ്റവും നേരിട്ട കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളിലായിരുന്നു സിദ്ദിഖിന്റെ ഉച്ചവരെയുള്ള പര്യടനം. നിരവധി കര്‍ഷകരാണ് സ്വീകരണകേന്ദ്രങ്ങളിലെത്തി അദ്ദേഹത്തിന് മുമ്പില്‍ കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍ അവതരിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കാര്‍ഷികമേഖലയും കര്‍ഷകരും കടുത്ത അവഗണനയിലായിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയിരുന്നത്. പ്രളയത്തില്‍ ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരവിതരണം പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല.  ഈ സാഹചര്യത്തില്‍ യു.ഡി.എഫ് പ്രകടനപത്രിക കര്‍ഷക സമൂഹത്തിന് വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സര്‍ഫാസി നിയമത്തിന്റെ മറവില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി തടയല്‍, ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് ഒഴിവാക്കല്‍, വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ നാടും കാടും വേര്‍തിരിക്കാന്‍ നടപടി, കാര്‍ഷിക ലോണ്‍ എഴുതി തള്ളല്‍, നെല്ല്, നാളികേരം നാണ്യവിളകള്‍ എന്നിവര്‍ക്ക് ഉയര്‍ന്ന താങ്ങുവില, നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷിക മേഖല പരിഷ്‌കരണം തുടങ്ങിയ യു.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മുന്നില്‍ നിന്ന് നടപ്പാക്കാന്‍ താനുമുണ്ടാവുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയായിരുന്നു സിദ്ദിഖിന്റെ പര്യടനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രളയത്തിലുള്‍പ്പെടെ വിളനാശം സംഭവിച്ചവര്‍ക്ക് പോലും പൂര്‍ണമായി നഷ്ടപരിഹാരം ലഭ്യമാകാത്ത ഇടതുസര്‍ക്കാരില്‍ ഇനി പ്രതീക്ഷക്ക് വകയില്ലെന്ന് കര്‍ഷകരില്‍ ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു. അടിസ്ഥാന സൗകര്യത്തിലോ, സബ്‌സിഡികളിലോ കര്‍ഷകര്‍ക്കനുകൂലമായ നടപടികളൊന്നും കാര്‍ഷിക ജില്ലയായ വയനാടിന് ലഭിക്കുന്നില്ല. കൃഷി ഉപജീവിതമായ പതിനായിരങ്ങളുള്ള മണ്ഡലത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പരാതി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ഇല്ലാതാവുമെന്ന് കര്‍ഷകര്‍ക്ക് സിദ്ദിഖ് ഉറപ്പ് നല്‍കി. കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കൃഷി ഫെസിലിറ്റേറ്റര്‍മാര്‍, ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി, പ്രാദേശിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, കൃഷിയും വില്‍പ്പന സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഫാര്‍മേഴ്‌സ് സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍, മൃഗസംരക്ഷണം -ഡയറി ഫാം തുടങ്ങിയവ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തല്‍, ഉയര്‍ന്ന നിലവാരമുള്ള വിത്തുകളും കാര്‍ഷിക ഉപകരണങ്ങളും ലഭ്യമാക്കല്‍, യുവാക്കളെയും സ്ത്രീകളെയും കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍, പ്ലാന്റേഷന്‍ നിയമങ്ങളില്‍ മാറ്റം, പഴം-പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സമ്പൂര്‍ണ പദ്ധതി, ഫ്‌ലോറി കള്‍ച്ചര്‍ ഫാമുകള്‍, ഫലവൃക്ഷങ്ങളുടെയും പുഷ്പങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി, വര്‍ഷം മുഴുവന്‍ കര്‍ഷകര്‍ക്ക് ജല ലഭ്യത ഉറപ്പുവരുത്താന്‍ ഇറിഗേഷന്‍ സ്‌കീമുകള്‍, കൃഷിയുമായി ബന്ധപ്പെട്ട അപ്ലൈഡ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലറ്റിക്‌സ് എന്നിവ കാര്‍ഷിക കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, സിയാല്‍ മോഡല്‍ റബ്ബര്‍ ഫാക്ടറി, അഗ്രി ബേസ്ഡ് ഇന്റസ്ട്രി, ഫുഡ് പ്രോസസിംഗ് പാര്‍ക്ക്,  കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രത്യേക ആനുകൂല്യം, അഗ്രി ഇങ്കുബേറ്റര്‍ സേവനങ്ങള്‍ തുടങ്ങിയ യു ഡി എഫ് മുന്നോട്ടുവെക്കുന്ന പദ്ധതികളിലൂടെ വയനാട്ടിലെയും കേരളത്തിലെയും കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും സിദ്ദിഖ് വിശദീകരിച്ചു. പര്യടനം കഴിഞ്ഞ് സിദ്ദിഖ് മടങ്ങുമ്പോള്‍, തങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കാനും ആശ്വസിപ്പിക്കാനും ഒരാളെത്തിയതിന്റെ സന്തോഷത്തിലായിരുന്നു കര്‍ഷകര്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *