കുടിവെള്ളമില്ല;ദുരിതങ്ങൾക്കു നടുവിൽ കൊന്നിയോട് കോളനി

മക്കിയാട് : തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കൊന്നിയോട് കോളനിയിലെ ദുരിതങ്ങൾക്ക് അറുതിയില്ല. വാസയോഗ്യമായ വീടില്ലാത്തതിന്റെയും കുടിവെള്ളമില്ലാത്തതിന്റെയും സങ്കടങ്ങൾക്കുനടുവിലാണ് കോളനിയിലെ ലീലയുടെയും മേരിയുടെയും കുടുംബങ്ങൾ. വേനൽ ശക്തമായതോടെ വീടിന് സമീപത്തെ കിണർ വറ്റിയതിനാൽ അകലെയുള്ള കിണറ്റിൽനിന്നാണ് ഈ കുടുംബങ്ങൾ വെള്ളം കൊണ്ടുവരുന്നത്. കോളനിമുറ്റത്ത് സ്വന്തമുണ്ടാക്കിയ കുഴിയിൽനിന്നാണ് ഇവർ വെള്ളമെടുത്തുകൊണ്ടിരുന്നത്. വീടും വാസയോഗ്യമല്ല. ലൈഫ് മിഷനിൽ ഒരാൾക്ക് വീട് പാസായെങ്കിലും വഴിയില്ല എന്ന കാരണത്താൽ നിർമാണം ഏറ്റെടുക്കാൻ ആരുമെത്തിയില്ലെന്ന് കോളനിവാസികൾ പറയുന്നു. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാംവാർഡിൽ ഉൾപ്പെട്ട ഈ കോളനികളെ ഉൾപ്പെടുത്തി അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടിരൂപ അനുവദിച്ചെങ്കിലും ഏതാനുംവീടുകൾ അറ്റകുറ്റപ്പണി നടത്തിയും ഒരു സാംസ്കാരികനിലയം നിർമിച്ചും പദ്ധതി അവസാനിപ്പിക്കുകയായിരുന്നു. പതിനൊന്നോളം വീടുകളുള്ള കോളനിയിൽ ലീലാകൃഷ്ണന്റെ വീട് മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീതി നേരിടുന്ന സാഹചര്യത്തിലാണ്. ഇവർക്ക് വീടിനായി മറ്റൊരുസ്ഥലം കണ്ടെത്താനുള്ള നടപടികളും വൈകുകയാണ്.



Leave a Reply