April 30, 2024

വയനാട്ടുകാരെ മാഫിയക്കാരെന്ന് ആക്ഷേപിച്ച പ്രകൃതിസംരക്ഷണ സമിതി മാപ്പു പറയണമെന്ന് യുവജന കൂട്ടായ്മ

0
                                                                                                                                                                                 സുൽത്താൻ ബത്തേരി: സഞ്ചാര സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്ന വയനാട്ടുകാരെ മുഴുവൻ മാഫിയയെന്ന് ആക്ഷേപിച്ച വയനാട് പ്രകൃതിസംരക്ഷണ സമിതി ജനങ്ങളുടെ മുന്നിൽ മാപ്പ് പറയണമെന്ന് യുവജന സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ അണി ചേർന്ന ലക്ഷകണക്കിന് ആളുകളെയാണ് ക്വാറി, റിസോർട്ട്, കള്ളക്കടത്ത്, മത, രാഷ്ട്രീയ മാഫിയകൾ ആയി പ്രകൃതിസംരക്ഷണ സമിതി തരം തിരിച്ചിരിക്കുന്നത്.ഭരണഘടന നൽകുന്ന മൗലിക അവകാശത്തിനായുള്ള സമരത്തെ പ്രകൃതിക്കെതിരായുള്ള സമരമായി ചിത്രീകരിക്കുന്നതിലൂടെ പ്രകൃതിസംരക്ഷണ സമിതിയുടെ ദുഷ്ടലാക്കാണ് വെളിവാകുന്നത്. വിരലിൽ എണ്ണാവുന്ന ആളുകളുമായി പ്രവൃത്തിക്കുന്ന പ്രകൃതി സമിതിക്ക് രാഷ്ട്രീയ നേതാക്കളും സംഘടന ഭാരവാഹികളും ഇടപെടുമ്പോൾ ആളുകൂടുന്നത് മാഫിയ പ്രവർത്തനമായും കുപ്രചാരണമായും തോന്നുന്നതിനെ തെറ്റുപറയാനാവില്ല. സ്ഥാപിത താൽപ്പര്യത്തിനായി പ്രവർത്തിക്കുന്ന  പ്രകൃതിസംരക്ഷണ സമിതിയെന്ന ചെറുസംഘടനക്ക് ജനങ്ങളുടെ വിശാല ഐക്യവും പോരാട്ട വീര്യവും മനസിലാവില്ല. വയനാടിനെയും ഇവിടുത്തെ പാവപ്പെട്ടവരെയും അന്താരാഷ്ട്ര ഏജൻസികൾക്ക് പണയം വെച്ച് അതിന്റെ അച്ചാരം വാങ്ങി ജീവിക്കുന്നവരാണ് ഒരു ജനതയെ മുഴുവൻ മാഫിയയെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നത്. ഇഞ്ചി മാഫിയ എന്ന പുതിയ പേര് കൂടി വയനാട്ടുകാർക്ക് ചാർത്തിയിരിക്കുകയാണ് ഇക്കൂട്ടരിപ്പോൾ. വയനാടിന്റെ സമ്പദ് വ്യവസ്ഥയിൽ ഇഞ്ചി കർഷകരുടെ പങ്കെന്താണെന്നു മനസിലാക്കണമെങ്കിൽ ബാദുഷയും കൂട്ടരും മാനത്ത് നിന്ന് മണ്ണിലിറങ്ങണം. യാത്രാ നിരോധനം നീക്കിയതായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചാലെ അവസാനിപ്പിക്കൂ എന്ന് പറഞ്ഞല്ല യുവജന സംഘടന ഭാരവാഹികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതെന്ന് വെളിവുള്ളവർക്ക് അറിയാം. പാത തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപീകരിക്കപ്പെട്ട പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിയുടെ പരിശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുകയും നിരോധനം നീക്കുന്നതിനായുള്ള പരിശ്രമങ്ങളിൽ ജനങ്ങളുടെ ജാഗ്രത ഉയർത്തി കൊണ്ടുവരുകയുമാണ് സമരത്തിന്റെ ലക്ഷ്യമെന്ന് തുടക്കത്തിൽ തന്നെ സമരസമിതി അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ സമരം വൻ വിജയമായിരുന്നു എന്ന് സമരപന്തലിൽ എത്തിയ രണ്ടര ലക്ഷത്തിലധികം ആളുകളും ആയിരത്തി അഞ്ഞൂറോളം സംഘടനകളും തെളിയിച്ചു കഴിഞ്ഞു. സമരം ആരംഭിച്ചതിൽ പിന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും കൈക്കൊണ്ട തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും തൃപ്തരായും വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ അഭ്യർത്ഥനകളെ യുവജനങ്ങൾ എന്ന നിലയിൽ മാനിച്ചുമാണ് സമരം അവസാനിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചത്.രാഷ്ട്രീയത്തിന് അതീതമായ പൊതുവിഷയം എന്ന നിലയിലാണ് ജനങ്ങൾ യാത്രാ നിരോധനത്തിന്റെ കാര്യത്തിൽ ഒന്നിച്ചിരിക്കുന്നത്.ഈ ഒരുമയിൽ വയനാട് പ്രകൃതിസംരക്ഷണ സമിതിക്ക് പരിഭ്രാന്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. കപട പരിസ്ഥിതി പ്രേമം തലക്കുപിടിച്ചു നടക്കുന്ന ചുരുക്കം ചില മാധ്യമ പ്രവർത്തകരൊഴിച്ച് ദേശീയ മാധ്യമങ്ങളിലടക്കമുള്ള ബഹുഭൂരിപക്ഷം മാധ്യമ പ്രവർത്തകരും സമരത്തെയും ഈ നാട്ടുകാർ ഉന്നയിക്കുന്ന പ്രശ്നങ്ങളെയും അനുകൂലിച്ച് തന്നെയാണ് വാർത്തകൾ നൽകിയത്. രമ്യഹർമ്മങ്ങളിലും ശീതീകരണ സംവിധാനങ്ങളിലുമിരുന്ന് പരിസ്ഥിതി സ്നേഹം വിളമ്പുന്നതിന്റെ അത്ര പരിഹാസ്യമായിരുന്നില്ല വിവിധ വാഹനറാലികൾക്കിടയിൽ നടന്നിരുന്ന ജെ സി ബി റാലി എന്നാണ് സമരസമിതിയുടെ വിലയിരുത്തൽ. ദേശീയ പാതയിൽ യാത്രാ നിരോധനം ഏർപ്പെടുത്തണം എന്ന കേസിൽ കക്ഷി ചേർന്ന് നാടിനെ ഒറ്റുകൊടുക്കുന്ന പണിയല്ലാതെ ഈ സമിതി നാളിതുവരെ നടത്തിയിരിക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കാൻ ബാദുഷയെ വെല്ലുവിളിക്കുകയാണ്. വനം പരിസ്ഥിതി മാഫിയയുമായി ചേർന്ന് വയനാടിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളാണ് പ്രകൃതിസംരക്ഷണ സമിതി എക്കാലവും നടത്തിയിട്ടുള്ളത്.കപട പരിസ്ഥിതി സംഘടനകളിൽ നിന്നും പണം കൈപ്പറ്റി അന്താരാഷ്ട്ര ഗൂഢാലോചനകളിൽ പങ്ക് ചേർന്ന് വയനാടിനെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളിൽ നിന്ന് ഇനിയെങ്കിലും പിന്മാറിയില്ലെങ്കിൽ കർഷക ജനത നിങ്ങൾക്ക് മാപ്പ് തരില്ല.റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു.എം.എസ് ഫെബിൻ, അഡ്വ.ആർ രാജേഷ് കുമാർ, അസീസ് വേങ്ങൂർ, സിനീഷ് വാകേരി, പി. സംഷാദ്, സഫീർപഴേരി, അഡ്വ.കെ.ജി സുധീഷ്, പ്രശാന്ത് മലവയൽ, സി.കെ ഹാരിഫ്, സംഷാദ് മരയ്ക്കാർ, കെ.എൻ സജീവ്, ആരിഫ് തണലോട്ട്, എ.പി പ്രേഷിന്ത്, ഉനൈസ് കല്ലൂർ, നവാസ് തനിമ, നൗഷാദ് വെള്ളങ്ങര, വി.അബ്ദുൾ സലീം, എൻ ലിലിൽ, ആന്റോ ജോർജ്, നൗഷാദ് മംഗലശേരി, കെ.വൈ നിധിൻ, ലയണൽ മാത്യു,യൂനസ് അലി, പ്രദീപ് ഉഷ, എൻ.നിസാർ, സി.വി ഷിറാസ്, ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *