May 2, 2024

വയനാട്ടിൽ ക്ഷീര മേഖലയിൽ പത്ത് കോടിയുടെ നഷ്ടം: പാൽ സംഭരണം മുടങ്ങി: തീറ്റയില്ലാതെ കന്നുകാലികൾ

0
Img 20180811 Wa0376
വയനാട്ടിൽ  ക്ഷീര മേഖലയിൽ പത്ത് കോടിയുടെ നഷ്ടം: പാൽ സംഭരണം മുടങ്ങി: തീറ്റയില്ലാതെ കന്നുകാലികൾ

കൽപ്പറ്റ: കാലവർക്കെടുതിയും ജലപ്രളയവും നാശം വിതച്ച വയനാട്ടിൽ ഇതുവരെ പ്രാഥമിക കണക്കുകൾ പ്രകാരം പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. പശുക്കൾ ചത്തും  തൊഴുത്തുകൾ തകർന്നും  ക്ഷീരസംഘങ്ങളിൽ വെള്ളം കയറിയും തീറ്റപ്പുൽ കൃഷി നശിച്ചുമാണ് ഇത്രയധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ കർഷകരുടെ  നൂറിലധികം പശുക്കൾ ചത്തു.  25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള പശുക്കളാണ് ചത്തത്.
നൂറ് കണക്കിന് കന്നുകാലികൾ വെള്ളത്തിൽ മുങ്ങി രോഗബാധിതരായി.  250 ലധികം തൊഴുത്തുകൾ പൂർണ്ണമായും അഞ്ഞൂറിലധികം തൊഴുത്തുകൾ ഭാഗികമായും നശിച്ചു.വയലുകളിലെ മുഴുവൻ തീറ്റപ്പുൽ കൃഷിയും നശിച്ചു. 
     ക്ഷീര സംഘങ്ങൾക്ക് കേടുപാടുകൾ പറ്റുകയും പാൽ സംഭരണ – ശീതികരണ പ്ലാന്റുകളിലും വെള്ളം കയറി പാൽ സംഭരണം മുടങ്ങുകയും ചെയ്തു .പാലുൽപ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട്ടിൽ പ്രതിദിനം 2.30 ലക്ഷം ലിറ്റർ പാലാണ് കർഷകരിൽ നിന്ന് സംഭരിക്കുന്നത്. ഇത് കഴിഞ്ഞ രണ്ട്  ദിവസമായി പകുതിയായി കുറഞ്ഞു .പല ക്ഷീര സംഘങ്ങളിലും ഒരു ലിറ്റർ പോലും സംഭരിക്കാൻ കഴിഞ്ഞില്ല. ഓണവിപണി ലക്ഷ്യമിട്ട വയനാട്ടിലെ ക്ഷീര മേഖലക്ക് ജലപ്രളയം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.  പലയിടങ്ങളിലും നൂറ് കണക്കിന് കാലി തീറ്റ വെള്ളം കയറി നശിച്ചു. സ്റ്റോക്ക് ചെയ്ത വൈക്കോലും ഉപയോഗ ശൂന്യമായി.  ഇപ്പോഴും വെള്ള പ്പൊക്കം തുടരുന്നതിനാൽ കാലികൾക്ക് ആവശ്യമുളള തീറ്റ ലഭ്യമാകാത്തതായിരിക്കും ഇനി ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ക്ഷീര കർഷകർക്കുണ്ടായ യഥാർത്ഥ നഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ചു വരികയാണന്ന് കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന വകുപ്പ്  ഓഫീസർ  വി.എസ്. ഹർഷ  പറഞ്ഞു. 
ആട്  ,കോഴി,  ,പന്നി എന്നിവയുടെ നഷ്ടം കണക്കാക്കിയിട്ടില്ല.
     വയനാടിന്റെ കാർഷിക മേഖല തകർന്നപ്പോഴും കർഷകരെ പിടിച്ചു നിർത്തിയിരുന്നത് ക്ഷീര മേഖലയായിരുന്നു. എന്നാൽ ഇപ്പോഴത്തെ മഴക്കെടുതി  ഈ മേഖലയെ രൂക്ഷമായി ബാധിച്ചത് വയനാടിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *