May 2, 2024

ദുരന്ത നിവാരണം: ജില്ലാ ഭരണകൂടം തികഞ്ഞ പരാജയം: മുസ്ലീം ലീഗ്

0
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതം നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ജില്ലാ കലക്ടര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് മുസ്്‌ലിം ലീഗ് ജില്ലാ യോഗം വിലയിരുത്തി.  പടിഞ്ഞാറത്തറ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതും ബീച്ചനഹള്ളി അണക്കെട്ടിലെ ഷട്ടര്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാരില്‍ സ്മ്മര്‍ദ്ദം ചെലുത്തി നടപടികള്‍ വേഗത്തിലാക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയാക്കുന്നതിന് ഇടയാക്കി. കോട്ടത്തറ, പൊഴുതന, പടിഞ്ഞാറത്തറ, പനമരം പഞ്ചായത്തുകളില്‍ 24 മണിക്കൂറിലധികം സമയം ജനങ്ങള്‍ വെള്ളത്തില്‍ അകപ്പെട്ട സാഹചര്യം സൃഷ്ടിച്ചതും ഭരണകൂടത്തിന്റെ നിസംഗത കാരണമാണ്. യഥാസമയം ബോട്ടുകള്‍ പോലും ഇവിടങ്ങളില്‍ എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ബാണാസുര സാഗര്‍ ഡാമിലും പൂക്കോട് തടാകത്തിലും കാരാപ്പുഴയിലും കര്‍ലാട് തടാകത്തിലും നിരവധി ബോട്ടുകളും ആവശ്യത്തിന് ഡ്രൈവര്‍മാരും ഉണ്ടായിട്ടും യഥാസമയത്ത് എത്തിക്കാനാവാഞ്ഞത് വലിയ അപകടങ്ങള്‍ക്കാണ് കാരണമായത്. പ്രതിസന്ധി ഇത്ര രൂക്ഷമായിട്ടും ദുരിതബാധിത മേഖലയായ കോട്ടത്തറ, പൊഴുതന തുടങ്ങിയ പല സ്ഥലങ്ങളിലും വില്ലേജ് ഓഫീസര്‍മാരെ പോലും നിയമിക്കാന്‍ കഴിഞ്ഞില്ല എന്നതും പ്രതിഷേധാര്‍ഹമാണ്. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുനന്തിനും മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ദുരിതാശ്വാസ സഹായങ്ങള്‍ ജില്ലാ കലക്ടര്‍ മുഖേന ക്യാമ്പിലെത്തിക്കാനും ദുരിതബാധിതര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതത്വത്തില്‍ സഹായമെത്തിക്കാനും യോഗം തീരുമാനിച്ചു. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും സഹായമെത്തിക്കുന്നതിനും ബലിപെരുന്നാള്‍, ഓണം എന്നിവക്കാവശ്യമായ പുതുവസ്ത്രം, ഭക്ഷണം, എന്നിവ എത്തിക്കുന്നതിനും ആവശ്യമായ ഫണ്ട് സ്വരൂപിക്കാനും ജില്ലയിലെ മുഴുവന്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരും ഒരു ദിനവരുമാനത്തില്‍ കുറയാത്ത തുക ജില്ലാ കമ്മിറ്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ദുരന്തബാധിതര്‍ക്ക് നഷ്ടപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഭൂമി സംബന്ധമായ രേഖകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പുകള്‍ എത്രയും പെട്ടെന്ന് നല്‍കാന്‍ തീരുമാനമെടുക്കണം. നഷ്ടപ്പെട്ട   വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍ എത്തിച്ചുനല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. ദുരന്തബാധിതരുടെ ബാധിതരുടെ നഷ്ടം കണക്കാക്കുന്നതില്‍ മുന്‍കാലങ്ങളഇല്‍ ഉണ്ടായത് പോലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേക്ക് ജനപ്രതിനിധികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി.ഹംസയെ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. കെ.എം. ഷാജി എം.എല്‍.എ, എന്‍.കെ റഷീദ്, ടി. മുഹമ്മദ്, സി. മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കല്‍, റസാഖ് കല്‍പ്പറ്റ, ടി.ഹംസ, പി.പി അയ്യൂബ്, എം.എ അസൈനാര്‍, പി.കെ അസ്മത്ത് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *