May 2, 2024

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്

0
കല്‍പ്പറ്റ:  കരട് വോട്ടര്‍പട്ടികയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലും പേരുണ്ടായിട്ടും അന്തിമപട്ടികയില്‍ നിന്നും ഒരു കാരണവുമില്ലാതെ വോട്ടര്‍മാരെ നീക്കം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രിയാത്രാ വിലക്ക് തുടരണമെന്ന സുപ്രീം കോടതി വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തിന് പിന്നില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ നിരുത്തരവാദസമീപനവും കാരണമായിട്ടുണ്ട്. ജനങ്ങളുടെ ദുരിതം സമിതിയെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നാക്കം പോയി. ജനങ്ങളുടെ വികാരങ്ങളും യാത്രാദുരിതവും തിരിച്ചറിയാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും യോഗം കുറ്റപ്പെടുത്തി. 
വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയവരെ പോലും പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ മണ്ഡലങ്ങളില്‍ വ്യാപകമായി വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയിട്ടുണ്ട്. പുതുതായി പേര് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കിയവരുടെ അപേക്ഷ വേണ്ടവിധത്തില്‍ അന്വേഷിക്കാതെ തിരിച്ചയച്ചത് മൂലം പലര്‍ക്കും വോട്ടര്‍പട്ടികയില്‍ ഇടം കിട്ടിയുമില്ല. തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ബി.എല്‍.മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. 
യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തി. രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും യോഗം നന്ദി രേഖപ്പെടുത്തി. ആസന്നമായ വിശുദ്ധ റമസാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും വാര്‍ഡ് തലത്തില്‍ കിടപ്പുരോഗികളെ പ്രത്യേകം പരിഗണിക്കുന്നതിനും കീഴ്ഘടകങ്ങളോട് യോഗം അഭ്യര്‍ത്ഥിച്ചു. കെ.പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് പി.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പടയന്‍ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ മുഹമ്മദ് ജമാല്‍, എന്‍.കെ റഷീദ്, പി. ഇബ്രാഹിം മാസ്റ്റര്‍, ടി. മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, ടി.ഹംസ, പി. ഇസ്മായില്‍, എം.പി നവാസ്, പി.എ ആലി ഹാജി, സലാം നീലിക്കണ്ടി, എം. ബാപ്പുട്ടി ഹാജി, നാസര്‍ കാതിരി, കെ. ഹാരിസ്, സി.കെ ഹാരിഫ്, സി. മമ്മി, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, കെ. അജ്മല്‍ സംസാരിച്ചു. സെക്രട്ടറി സി. മൊയ്തീന്‍കുട്ടി നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *