May 4, 2024

നിറങ്ങളോടും വരകളോടും കൂട്ട്: വശ്യമനോഹര ചിത്രങ്ങളുമായി ഫാ: വിമൽ

0
Save 20190729 133307.jpeg

കല്‍പറ്റ:-നിറങ്ങളോടും വരകളോടുമാണ് ഫാ.വിമലിന്  കൂട്ട്.


നൈസര്‍ഗിക നൈപുണ്യം വരകളും നിറങ്ങളുമായി നടത്തുന്ന സര്‍ഗാത്മക സല്ലാപം മോഹനദൃശ്യങ്ങളുടെ പിറവിക്കു വഴിയൊരുക്കും. ഈ പരമാര്‍ത്ഥത്തിനു അടിവരയിടുകയാണ് ഫാ.വിമല്‍ കല്ലൂക്കാരന്റെ രചനകള്‍. ചിത്രരചനാസങ്കേതങ്ങള്‍ ഗുരുമുഖത്തുനിന്നു അഭ്യസിച്ചിട്ടില്ലെങ്കിലും ജീവന്‍ തുടിക്കുന്നതാണ് ഫാ.വിമല്‍ ഇതിനകം വരച്ച് ചായമിട്ട ചിത്രങ്ങള്‍. 
ഫാ.വിമല്‍ ബാലനായിരിക്കുമ്പോള്‍ നോട്ടുബുക്കിന്റെ താളുകളില്‍ തുടങ്ങിയതാണ് ചിത്രംവര. മുതിര്‍ന്നപ്പോള്‍ നിരന്തര പ്രയത്‌നത്തിലൂടെ പെന്‍സില്‍ ഡ്രോയിംഗിലും ജലച്ചായ,എണ്ണച്ചായ സൃഷ്ടികളിലും വിരുതു നേടുകയായിരുന്നു. 
പ്രകൃതിയാണ് ചിത്രരചനയില്‍  മുപ്പത്തിമൂന്നുകാരനായ ഫാ.വിമലിന്റെ ഇഷ്ടവിഷയം. കാടും മലയും അരുവിയും പുഴയും ഗ്രാമീണ നിരത്തും വീടും മറ്റും സമ്മേളിക്കുന്നതാണ് പല ചിത്രങ്ങളും. പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ ഗ്രാമീണതയുടെ സ്പന്ദനം കാണാം. 
അങ്കമാലി കോക്കുന്നു കല്ലൂക്കാരന്‍ വര്‍ഗീസ്-മേരി ദമ്പതികളുടെ മകനാണ് ഫാ.വിമല്‍. 2015ലാണ്  വൈദികപട്ടം സ്വീകരിച്ചത്. റൊഗേഷനിസ്റ്റ് സഭാംഗമാണ്. മാനന്തവാടി റൊറാത്തെ ഭവന്‍ സെമിനാരിയിലാണ് നിലവില്‍ സേവനം. വൈദിക വിദ്യാര്‍ഥികളുടെ ചുമതലയാണ് വഹിക്കുന്നത്. 
പെന്‍സില്‍ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം എന്നീ വിഭാഗങ്ങളിലായി ഇതിനകം അയ്യായിരത്തോളം രചനകള്‍ നടത്തിയിട്ടുണ്ട്. സൃഷ്ടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു  സുഹൃത്തുക്കള്‍ക്കും മറ്റും  സമ്മാനമായി നല്‍കുകയാണ് ചെയ്യുന്നത്. എണ്ണച്ചായത്തില്‍ തീര്‍ത്ത ക്രിസ്തുവിന്റെ അന്ത്യത്താഴ ദൃശ്യമാണ് രചനകളില്‍ എറ്റവും ആനന്ദം  പകര്‍ന്നതെന്നു ഫാ.വിമല്‍ പറയുന്നു. ആറടി നീളവും നാലടി വീതിയുമുള്ള ഈ ചിത്രം ആലുവ റൊഗാത്തെ ആശ്രമത്തിനാണ് നല്‍കിയത്. 
 വയനാട്ടില്‍ വന്നതിനുശേഷമുള്ള രചനകളില്‍ വയനാടന്‍ പ്രകൃതി വലിയ സ്വാധീനം ചെലുത്തുന്നുണ്ടന്നു ഫാ.വിമല്‍ പറഞ്ഞു. കുറെ ചിത്രങ്ങള്‍കൂടി വരച്ചതിനുശേഷം മാനന്തവാടി ലളിതകലാ അക്കാദമി ഗാലറിയില്‍ പ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന അദ്ദേഹം ചിത്രരചന വിദ്യാര്‍ഥികളെയടക്കം അഭ്യസിപ്പിക്കുന്നതിലും തത്പരനാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *