April 26, 2024

പ്രളയം: അടിയന്തര ധനസഹായം വൈകില്ല :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

0


    പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ധനസഹായ വിതരണത്തിനായി ജില്ലയില്‍ നിന്നും ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേക്ക് നല്‍കുന്ന ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 7 ന് മന്ത്രിയുടെ നേതൃത്വത്തില്‍ താലൂക്കടിസ്ഥാനത്തില്‍ പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കും.

    സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം അടിയന്തര ധനസഹായം ലഭിക്കുന്നതിന് അര്‍ഹരായവരുടെ  വിവരങ്ങള്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ സമര്‍പ്പിച്ചതായി ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവരുടെ  ലിസ്റ്റ് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പതിനായിരം രൂപ ധനസഹായത്തിന് ഇവരെയാണ് പരിഗണിക്കുക. 

       വെള്ളം കയറിയ  വീടുകളില്‍ വസിച്ചിരുന്ന കുടുംബങ്ങള്‍, പ്രകൃതിക്ഷോഭത്തില്‍ ഭാഗീകമായോ പൂര്‍ണ്ണമായോ തകര്‍ച്ച നേരിട്ട വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍, ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീട് വിട്ട് സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകള്‍, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് മാറി താമസിച്ചവര്‍, ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ തുടങ്ങിയവരെയാണ് ദുരിതബാധിതര്‍ എന്ന നിര്‍വ്വചനത്തില്‍ പ്പെടുത്തിയിരിക്കുന്നത്. ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കും അര്‍ഹതയുണ്ട്. നിലവില്‍ ഏഴ് ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 98 കുടുംബങ്ങളിലായി 293 പേര്‍ ഇവിടെ കഴിയുന്നുണ്ട്. 
പരിശോധനക്കായി 96 ടീമുകള്‍ 
    പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നതിന് നാശനഷ്ട കണക്ക് തിട്ടപ്പെടുത്താനുളള ഫീല്‍ഡ്തല പരിശോധനക്കായി 96 ടീമുകളെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റവന്യൂ,തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍,സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍, ഐ.ടി വളണ്ടിയര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ഇവര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ തയ്യാറാക്കുന്ന വിവരശേഖരണ മൊബൈല്‍ ആപ്പ് ലഭ്യമായാല്‍ ഫീല്‍ഡ് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് ശതമാനത്തിന് മുകളില്‍ നാശനഷ്ടം നേരിട്ട വീടുകളില്‍ തഹസില്‍ദാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും പരിശോധന നടത്തും. ദുരിതബാധിതന്റെ ബാങ്ക് അക്കൗണ്ടുുകളിലേക്ക് നേരിട്ടാണ് പണം കൈമാറുക. പൂര്‍ണ്ണമായി തകര്‍ന്നതോ,വാസയോഗ്യമല്ലാത്തതുമായ വീടുകള്‍ക്ക് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *