April 30, 2024

‘സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ടപ്പ് ഇന്ത്യ’ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഡോ: ശശി തരൂര്‍ എം.പി.

0
B38cae74 Db8b 45ce A80b 5ff97b42d9a2.jpg
കേന്ദ്രം ഭരിക്കുന്നത് ജനാധിപത്യ മര്യാദ കാണിക്കാത്ത സര്‍ക്കാര്‍: ശശി തരൂര്‍
കല്‍പ്പറ്റ: കേന്ദ്രം ഭരിക്കുന്നത് ജനാധിപത്യമര്യാദ കാണിക്കാത്ത സര്‍ക്കാരാണെന്നും, ഇത്തരം നടപടികള്‍ക്കെതിരെ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ശശി തരൂര്‍ എം പി. ഐ ഐ സി സിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ മുഴുവന്‍ ജില്ലകളിലും കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എല്ലാവരെയും ഒന്നാണെന്ന് വിശ്വസിക്കുമ്പോള്‍ ബി ജെ പി ഒരു വിഭാഗത്തിനായി മാത്രം നിലകൊള്ളുന്നതാണ് കാണാന്‍ സാധിക്കുന്നത്. മോദിയെ കുറ്റം പറഞ്ഞാല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് അവരുടെ തന്നെ ഒരു എം പി പറഞ്ഞത്. മറ്റൊരു എം പി പറഞ്ഞതാകട്ടെ, മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ മാറ്റി അവിടെ ഗോഡ്സേയുടേത് സ്ഥാപിക്കണമെന്നാണ്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ ഒരു ഘടകകക്ഷിയുടെ കൊടിയുടെ പേരില്‍ വരെ അനാവശ്യ പ്രചരണമാണ് ബി ജെ പി അഴിച്ചുവിട്ടത്. എങ്ങനെ നോക്കിയാലും മര്യാദ കാണിക്കാത്ത ജനാധിപത്യ ഭരണമാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് മുദ്രാവാക്യങ്ങളുണ്ട്. എന്നാല്‍ അതിലൊന്ന് പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് രാജ്യദ്രോഹമായി മുദ്രകുത്തുകയാണ്. 'സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ടപ്പ് ഇന്ത്യ' എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. മോദിസര്‍ക്കാരിന്‍റെ ആദ്യ അഞ്ച് വര്‍ഷത്തെ ഭരണത്തിന്‍റെ പോരായ്മകള്‍ അഞ്ഞൂറ് പേജുള്ള പുസ്തകത്തില്‍ എഴുതാന്‍ സാധിച്ചു. വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം കഴിഞ്ഞ ആറ് മാസത്തെ ഭരണം കൊണ്ട് രാജ്യത്തിന്‍റെ സാമ്പത്തികമേഖല പാടെ തകര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ 46 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കാര്‍ഷികമേഖലയില്‍ ആത്മഹത്യകള്‍ കൊണ്ട് റെക്കോര്‍ഡിട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഒരു വര്‍ഷത്തിനിടയില്‍ മരിച്ചത് 11,000 കര്‍ഷകരാണ്. കേരളത്തിലും കര്‍ഷക ആത്മഹത്യകള്‍ കുറവല്ല. വ്യവസായ മേഖലയിലെ കണക്കുകള്‍  പരിശോധിച്ചാലും വ്യത്യസ്തമല്ല. രാജ്യത്തിന്‍റെ നട്ടെല്ലായിരുന്ന ഓട്ടോമൊബൈല്‍ വ്യവസായം പാടെ തകര്‍ന്നുകഴിഞ്ഞു. മൂന്ന് മാസത്തിനിടെ ഈ മേഖലയിലെ കമ്പനികള്‍ 11,000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നിരവധി ചെറുകിട വ്യവസായ സംരംഭങ്ങളും തകര്‍ന്നുകഴിഞ്ഞു. രാജ്യത്തിന്‍റെ പ്രതീക്ഷയായിരുന്ന കയറ്റുമതിയിലും പുരോഗതിയില്ല. ഇന്ത്യയെക്കാള്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായി ബംഗ്ലാദേശ് അട ക്കം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ആര്‍ക്കും ധൈര്യമില്ലാത്ത സാഹചര്യമാണ്. മൂന്ന് വര്‍ഷം മുമ്പ് നടത്തിയ നോട്ടുനിരോധനമാണ് ഇതിന്‍റെയെല്ലാം ഒരു കാരണമായി പറയാന്‍ സാധിക്കുന്നത്. ജി എസ് ടി എന്ന നല്ല ആശയത്തെ വളരെ മോശമായാണ് രാജ്യത്ത് നടപ്പിലാക്കിയത്. ഇതുകൊണ്ടെല്ലാം തന്നെ ബി ജെ പി സര്‍ക്കാരിന് രാജ്യത്തിന്‍റെ വളര്‍ച്ചയെ കുറിച്ച് പറയാന്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. പാക്കിസ്ഥാന്‍, യുദ്ധം തുടങ്ങിയ കാര്യങ്ങളാണ് അവര്‍ക്ക് പറയാനുള്ളത്. രാജ്യത്തെ ഗോത്രവിഭാഗങ്ങളുടെ കാര്യവും ഏറെ പരിതാപകരമാണ്. 37 ശതമാനം മാത്രമാണ് ഈ വിഭാഗങ്ങളുടെ നിലവിലെ സാക്ഷരത. ഗോത്രമേഖലയില്‍ ഒരു സ്കൂള്‍ തുറക്കാന്‍ പോലും കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല. ഈ മേഖലയില്‍ കുടിവെള്ളം പോലുമെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി സി സി പ്രസിഡന്‍റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, കെ.സി റോസകുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, കെ.വി പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, എം.എ ജോസഫ്, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, പി.എം സുധാകരന്‍, ഒ.ആര്‍ രഘു, ആര്‍.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, പി.വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ.ഇ വിനയന്‍, ചിന്നമ്മ ജോസ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, ടി.ജെ ജോസഫ്, കെ.കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *