May 18, 2024

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ട റിപ്പോര്‍ട്ടിന്റെ സമര്‍പ്പണം വൈകുന്നു

0

കല്‍പ്പറ്റ:  കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വയനാട് കളക്ടറോട് ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ടിന്റെ സമര്‍പ്പണം വൈകുന്നു. ഭൂമിപ്രശനത്തില്‍ സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നില്ലെങ്കില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായി എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിച്ചു അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആവശ്യത്തിലാണ് തുടര്‍ നടപടി വൈകുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കളക്ടര്‍ക്കു കത്തയച്ചത്. 
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡപ്യൂട്ടി കളക്ടര്‍(എല്‍എ) 2015 ഓഗസ്റ്റ് 15 മുതല്‍ കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാഗം കെ.കെ. ജയിംസിനു നോട്ടീസ് അയച്ചിരുന്നു. ഭൂമി പ്രശ്‌നത്തില്‍ നേരില്‍ കേള്‍ക്കുന്നതിനു ബന്ധപ്പെട്ട രേഖകളുമായി  ഈ മാസം 16നു ഓഫീസില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു 12നാണ് നോട്ടീസ് അയച്ചത്. ഇതനുസരിച്ച് ആവശ്യമായ രേഖകളുമായി ജയിംസ് അന്നും പിന്നീടും  ഹാജരായെങ്കിലും ഡപ്യൂട്ടി കളക്ടറുടെ അസൗകര്യം മൂലം നേരില്‍ കേള്‍ക്കല്‍ നടന്നില്ല. 
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ ഹരിതസേന സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.ടി. പ്രദീപ്കുമാര്‍ 2018 ജൂലൈ 10നു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനമാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ല കളക്ടറുടെ റിപ്പോര്‍ട്ട് തേടുന്നതിനു ഇടയാക്കിയത്. കാഞ്ഞിരത്തിനാല്‍ കുടുംബം കാഞ്ഞിരങ്ങാട് വില്ലേജില്‍ അവകാശവാദം ഉന്നയിക്കുന്ന 12 ഏക്കര്‍ ഭൂമിയില്‍ നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റി ഓഗസ്റ്റു രണ്ടിനു നടത്തിയ  പരിശോധനയ്ക്കും തെളിവെടുപ്പിനും കാരണമായതും ഹരിതസേന ചെയര്‍മാന്റെ പരാതിയാണ്. കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷനായ പെറ്റീഷന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ആഴ്ചകളായെങ്കിലും ഭൂമി വിഷയം തീര്‍പ്പായില്ല. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന 12 ഏക്കര്‍ സ്ഥലം വനഭൂമിയല്ലെന്നും വിട്ടുകൊടുക്കാമെന്നുമാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശയെന്നാണ് പെറ്റീഷന്‍സ് കമ്മിറ്റിയംഗങ്ങളില്‍ ചിലര്‍ നല്‍കുന്ന സൂചന. 
കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, ജോസ് സഹോദരങ്ങള്‍ 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ്  മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നതെന്നു വാദിച്ചു  1975ല്‍ വനം വകുപ്പ് പിടിച്ചെടുത്തത്. ഈ സ്ഥലവം  2010 ഒക്ടോബര്‍ 21നു വനഭൂമിയായി  വനം-വന്യജീവി വകുപ്പ് വിജ്ഞാപനം ചെയ്യുകയുമുണ്ടായി.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്തു 2007ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു.ഇതിനെതിരെ തൃശൂരിലെ ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയുടെ ചുവടുപിടിച്ചും വനഭൂമിയില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുമായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹരജി. ഇതില്‍ ഹരജിക്കാര്‍ക്കു അനുകൂലമായിരുന്നു കോടതി വിധി. കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു പറയുന്നതു വനഭൂമിയല്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കാതിരുന്നതാണ് കോടതി വിധി പരിസ്ഥിതി സംഘടനയ്ക്കു അനുകൂലമാകാന്‍ കാരണമായത്. ഈ വിധിക്കെതിരെ കാഞ്ഞിരത്തിനാല്‍ കുടുംബം കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ അഡ്വ.പി.സി. തോമസ് മുഖേന  സമര്‍പ്പിച്ച റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി തള്ളുകയാണുണ്ടായത്. തുടര്‍ന്നു അഡ്വ.പി.സി. തോമസ് സുപ്രീം  കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്‌തെങ്കിലും 2018 മാര്‍ച്ച് അഞ്ചിനു പിന്‍വലിക്കുകയാണുണ്ടായത്. 
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ നിയമപരമായ പരിഗണനയില്‍ സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നുണ്ടോ  എന്നതുമാത്രമാണ് ബാക്കി നില്‍കുന്നതെന്നു നിയമ സെക്രട്ടറി സര്‍ക്കാരിനെ നേരത്തേ  അറിയിച്ചിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *