May 14, 2024

നൂറ്റാണ്ടുകളുടെ പാരമ്പര്യം : നെൽകൃഷിയിൽ നൂറ്മേനി കൊയ്ത് എടത്തന

0
Cba0f2cd 08a2 4dfb 8e6a 969955348fe6.jpg
മാനന്തവാടി : പാരമ്പര്യത്തിന്റെ കൂട്ടായ്മയിൽ എടത്തനയിൽ വിളയിച്ച നെൽകൃഷി നൂറുമേനി കൊയ്തു. കൊയ്ത്തുപാട്ടിന്റെ താളത്തിൽ സ്ത്രീകളൊന്നാകെ പാടത്തിറങ്ങിയപ്പോൾ അത് നാടിന്റെ ഉത്സവമായി. എടത്തന തറവാടിന്റെ സ്വന്തമായ 16 ഏക്കർ പാടശേഖരത്തിലാണ് ഇത്തവണ നെല്ല് വിളയിച്ചത്.നാട്ടിയും വിളവെടുപ്പുമെല്ലാം ഇവിടെ ആഘോഷത്തിന്റെ അലയൊലിലാണ് നടക്കാറുള്ളത്. ഈ പതിവ് പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു.പോയ കാലത്തിന്റെ കൃഷിയറിവുകൾ നാളെയ്ക്കായി കരുതിവെയ്ക്കുന്ന എടത്തന തറവാടിന് ഉപജീവനത്തിനുമപ്പുറം 
നെൽകൃഷി അനുഷ്ഠാനമാണ്.നഷ്ട കണക്കുകൾ നിരത്തി നെൽകൃഷിയെ കയ്യോഴിയുന്നവർക്ക് എടത്തനയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. വയനാടിന്റെ തനത് നെൽവിത്തായ വെളിയനാണ് കൃഷിയ്ക്കായി ഉപയോഗിച്ചത്.പരമ്പരാഗത നെൽവിത്തുകൾ പലതും നിധിപോലെ എടത്തനയിലെ പത്തായപ്പുരയിൽ സംരക്ഷിച്ച് പോരുന്നുണ്ട്.രാസവളങ്ങളോ രാസകീടനാശിനികളോ ഇവർ നെൽകൃഷിയിൽ അടുപ്പിക്കാറില്ല.ജൈവവളങ്ങളും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണ് കാലങ്ങളായി ഇവിടെ തുടരുന്നത്.ഞാറ്റടി തയ്യാറാക്കുന്നത് മുതൽ കൊയ്തെടുക്കുന്നത് വരെ അതീവ ശ്രദ്ധയോടെ നെൽകൃഷിയുടെ പരിപാലനം. നെൽകൃഷിയുടെ സമൃദ്ധിയ്ക്കായുള്ള ദൈവീക ചടങ്ങുകളും മുടക്കാറില്ല.കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇവിടെ ഏരുകൾ മാത്രമാണ് നിലം ഉഴുതുമറിയ്ക്കാൻ ഉപയോഗിച്ചത്.ഇത് നെൽകൃഷിയുടെ പണി സമയബന്ധിതമായി തീർക്കാൻ പ്രയാസം സൃഷ്ടിച്ചിരുന്നു.എന്നാൽ ഇപ്പോൾ ടില്ലറുകൾ എത്തിയതോടെ മനുഷ്യ  അദ്ധ്വാനം  കുറയ്ക്കാനും വേഗത്തിൽ പണികൾ തീർക്കാനും കഴിഞ്ഞത് വലിയ ആശ്വാസമായി ഇവർ കാണുന്നു.നിലവിൽ എടത്തനയിൽ നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നുണ്ട്.ജലക്ഷാമം പുഞ്ചകൃഷിയ്ക്ക് ചെറിയ തോതിൽ തടസം ഉണ്ടാക്കുന്നുണ്ടെങ്കിലും അതിനെയും ഇവരുടെ കൂട്ടായ്മ അതിജീവിയ്ക്കും. മുമ്പ് കാലികളെ ഉപയോഗിച്ചായിരുന്നു നെല്ല് മെതിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനായി ട്രാക്ട്ടർ ഉൾപ്പെടെയുളള വാഹനങ്ങൾ പ്രയോജനപ്പെടുത്തുന്നു.ജില്ലയിലെ കർഷക സമൂഹം സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വാഴയുൾപ്പെടെയുള്ള കൃഷികളിലേക്ക് ചുവടു മാറ്റിയപ്പോൾ എടത്തന തറവാട് അതിന് തയ്യാറായില്ല. തറവാട്ടിൽ നടക്കുന്ന ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും വില കൊടുത്ത് അരി വാങ്ങാറില്ല.പുതുതലമുറയും പഴമക്കാരൊടൊപ്പം നെൽകൃഷിയിൽ ഒരു മടിയുമില്ലാതെ വ്യാപൃതരാകുമ്പോൾ 
നെൽകൃഷി സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നത്.നെൽകൃഷി സംരക്ഷിച്ച് നിലനിർത്തി പോരുന്നതിനാൽ വിവിധ അംഗീകാരങ്ങളും ഇവർക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായങ്ങളും
നിർദ്ദേശങ്ങളും ലഭിച്ചു വരുന്നു. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാൽ വലിയ മുന്നേറ്റം നെൽകൃഷിയിൽ ഉണ്ടാക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു.ഇതിനായി സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *