April 29, 2024

അമേരിക്കയിൽ മരുന്ന് നിർമ്മാണത്തിൽ സജീവ സാന്നിധ്യമായി മലയാളി ഡോക്ടർ

0
Photo Kumar Rajappan 2.jpg
പുല്‍പ്പള്ളി: അമേരിക്കയിലെ വന്‍കിടമരുന്ന് നിര്‍മ്മാണകമ്പനിയിയിലെ മലയാളി സാന്നിധ്യമായി ഒരു വയനാട്ടുകാരനുണ്ട്. പുല്‍പ്പള്ളി കാപ്പിസെറ്റ് ശശിമല സ്വദേശിയായ പാമ്പനാല്‍ ഡോ. കുമാര്‍ രാജപ്പന്‍. അമേരിക്കയിലെ സാന്റിയാഗോയിലെ സ്വകാര്യ ബയോടെക്‌നോളജി സ്ഥാപനത്തിലാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പതിറ്റാണ്ടുകളായി ഡോ.കുമാര്‍ രാജപ്പന്‍ ജോലി ചെയ്തുവരുന്നത്. സാന്റിയോഗോയില്‍ മാത്രമായി ഏകദേശം 420-ഓളം മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതില്‍ ഏറെ പ്രശസ്തമാണ് ഡോ. കുമാറിന്റെ സ്ഥാപനം. 2001 മുതല്‍ ഇതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം മൂന്നോളം കമ്പനികളില്‍ ഇതിനകം തന്നെ ജോലി ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അനാഥ രോഗങ്ങള്‍ (ഓര്‍ഫന്‍ ഡിസീസുകള്‍) എന്ന പേരിലറിയപ്പെടുന്ന അപൂര്‍വമായി കണ്ടുവരുന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഗവേഷണത്തിലാണ് ഡോ. കുമാര്‍ രാജപ്പനും സംഘവും. ഈയിനത്തില്‍പ്പെട്ട ആറായിരത്തോളം രോഗങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തരം രോഗങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി അതിന്റെ പ്രതിവിധിയായി മരുന്നുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായാണ് ഡോ.കുമാറിന്റെ സ്ഥാപനം നിലവില്‍ മുന്നോട്ടുപോകുന്നത്. പല രോഗങ്ങള്‍ക്കും ഇതിനകം തന്നെ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. പേശികള്‍ക്ക് ക്ഷയം സംഭവിക്കുന്നതടക്കമുള്ള രോഗങ്ങളാണ് ഇതില്‍ പ്രധാനമായുമുള്ളത്. രോഗബാധിതരുടെ കോശങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മരുന്നുകള്‍ നിര്‍മ്മിച്ച് രോഗത്തെ ക്രമേണ മാറ്റിയെടുക്കുകയെന്നതാണ് ഇത്തരം ഗവേഷണങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. പല അമേരിക്കന്‍ നിര്‍മ്മിത മരുന്നുകളും ഇന്ന് ഇന്ത്യയിലേക്ക് വരുന്നുണ്ട്. എന്നാല്‍ ഇത്തരം മരുന്നുകള്‍ക്ക് സാമ്പത്തിക ചിലവ് ഏറെയാണ്. ഒരു മരുന്ന് കണ്ടുപിടിക്കുന്നതിന് ഏകദേശം 12 വര്‍ഷമെടുക്കുമെന്ന് ഡോ.കുമാര്‍ പറയുന്നു. എന്നാല്‍ മരുന്നുകള്‍ക്കായുള്ള ഗവേഷണം പലപ്പോഴും പകുതിയോളം പരാജയപ്പെടുകയും ചെയ്യും. ജീനിനുള്ള തകരാറ് മൂലം സംഭവിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അസ്‌ട്രോഫി പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ അഞ്ച് വയസുവരെ മാത്രമാണ് ജീവിക്കാനുള്ള സാധ്യത. അത്തരക്കാരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ജെനറ്റിക് മരുന്നുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ജീനിനെ കോശത്തില്‍ കടത്തിവിട്ടുകൊണ്ടുള്ള ഈ ചികിത്സാരീതി ഒരു പ്രാവശ്യം ചെയ്താല്‍ ഇത്തരം രോഗബാധിതര്‍ക്ക് 15 വര്‍ഷം വരെ യാതൊരു പ്രയാസവുമുണ്ടാകില്ല. ഇതിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ വീണ്ടും ജീന്‍ കുത്തിവെക്കുന്നതാണ് രീതി. ഇതോടെ വീണ്ടും 15 വര്‍ഷക്കാലം രോഗിക്ക് സാധാരണ ജീവിതം നയിക്കാനാവും. അതേസമയം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇത്തരം ചികിത്സാരീതികള്‍ പലപ്പോഴും താങ്ങാനാവാത്ത സാഹചര്യമാണുള്ളത്. അതിന്റെ പ്രധാന കാരണം മരുന്നുകള്‍ കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ചിലവ് വളരെ കൂടുതലാണ് എന്നുള്ളതാണ്. ഒരു മരുന്ന് കണ്ടുപിടിക്കാന്‍ 7000 മുതല്‍ 71000 കോടി രൂപ വരെ ചിലവ് വരുന്നുണ്ടെന്നാണ് വസ്തുത. മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടാണ് ഓരോ മരുന്നുകളും വിപണിയിലേക്കെത്തുന്നത്. ഗവേഷണം, പുരോഗതി, മൃഗങ്ങളിലുള്ള പരീക്ഷണം എന്നിങ്ങനെ ഓരോഘട്ടവും ഏറെ പ്രയാസം നിറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടെല്ലാം തന്നെ ഇത്തരം മരുന്നുകള്‍ക്ക് പലപ്പോഴും താങ്ങാനാവാത്ത വിലയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 
പുല്‍പ്പള്ളി വിജയ സ്‌കൂളില്‍ നിന്നും നാലാംക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. കുമാര്‍ രാജപ്പന്‍ തുടര്‍ന്ന് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വര്‍ക്കല ശിവഗിരി എച്ച് എസിലായിരുന്നു. പിന്നീട് കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജില്‍ നിന്നും പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിച്ച അദ്ദേഹം ബി എസ് സി കെമിസ്ട്രി, എം എസ് സി കെമിസ്ട്രി എന്നീ കോഴ്‌സുകള്‍ കൊല്ലം എസ് എന്‍ കോളജില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അമേരിക്കയിലെ ബാട്ടിമോറിലെ മേരിലാന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്‍ട്രാക്ട് ഡിസ്‌ക്കവറി എന്ന വിഷയത്തില്‍ ഡോക്‌ട്രേറ്റ് നേടി. 1998ലാണ് പി എച്ച് ഡി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് യു എസിലെ അലബാമ ഓബേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടര്‍ റിസേര്‍ച്ചറായി. അതിന് ശേഷമാണ് സ്വകാര്യമേഖലയില്‍ മരുന്ന് നിര്‍മ്മാണ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കാന്‍സര്‍, ലിവര്‍ സീറോസിസ് അടക്കമുള്ള രോഗങ്ങള്‍ക്ക് മരുന്നുകള്‍ കണ്ടെത്താനുള്ള ഗവേഷണത്തില്‍ അദ്ദേഹം ഭാഗവാക്കായി. അമേരിക്കയില്‍ തന്നെ കംപ്യൂട്ടന്‍ സൈന്റിസ്റ്റായ രേണുവാണ് ഡോ. കുമാര്‍ രാജപ്പന്റെ ഭാര്യ. ന്യൂറോ സയന്‍സില്‍ ഡിഗ്രിക്ക് പഠിക്കുന്ന ശിവാനി, പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അഖില്‍ എന്നിവരാണ് മക്കള്‍. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *