May 19, 2024

സുഭിക്ഷ കേരളം പദ്ധതിയെ പിൻപറ്റി മൂപ്പൈനാട് ജനകീയ കാര്‍ഷിക പദ്ധതി

0
Img 20201028 Wa0166.jpg
കല്‍പ്പറ്റ : 
സുഭിക്ഷ കേരളം പദ്ധതിയെ പിൻപറ്റിക്കൊണ്ട്  മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയിലില്‍ പാട്ടത്തിനെടുത്ത 450 ഏക്കറില്‍ വടുവന്‍ചാല്‍ സര്‍വീസ് സഹകരണ ബാങ്ക് അഞ്ചു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നു .ബാങ്കിനു കീഴില്‍ രൂപീകരിച്ച അഗ്രോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുഖേനയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് മെമ്പര്‍മാരാടക്കം  മൂപ്പൈനാട് പഞ്ചായത്തിലെ കര്‍ഷകരാണ് അസോസിയേഷന്‍ അംഗങ്ങള്‍.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പശു,പോത്ത്,ആട്,കോഴി,മത്സ്യം,താറാവ്,പച്ചക്കറി,തീറ്റപ്പുല്ല് കൃഷികളും നഴ്‌സറി,വിത്തുത്പാദന കേന്ദ്രം എന്നിവയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 
ആധുനിക കാർഷിക പദ്ധതിയിലൂടെ കർഷകരുടെ തൊഴിലും വരുമാനവും വർധിപ്പിച്ചു സ്വയം പര്യാപ്തമാക്കുന്നതിനും, കാർഷിക ഭൂമി പൂർണമായും ഉപയോഗപ്പെടുത്തി ചെലവ് കുറച്ച് മികച്ച വരുമാനം നേടുന്നതിനും, ജനപങ്കാളിത്തത്തോടെ കൃഷി ചെയ്യാൻ താല്പര്യമുള്ള ഭൂമിയില്ലാത്ത ആളുകളെയടക്കം സംയോജിപ്പിച്ചുകൊണ്ട് പുതിയ സംരംഭം തുടക്കം കുറിക്കാനും സാധിക്കും . ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും, എല്ലാവരെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും, മൃഗപരിപാലനവുമായി ബന്ധപ്പെട്ട് ഉരുക്കളെ വളർത്തുന്നതിന് തയ്യാറാക്കുന്ന ഫാമിൽ താല്പര്യമുള്ളവർക്ക് ഉരുക്കളെ വളർത്തുന്നതിനും അവസരവും നൽകുന്നതാണ്. 
പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടത്തും. ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍, എൻഎംഡിസിഎസ്, മൂപ്പൈനാട് ക്ഷീര സംഘം എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതിൻ്റെ അനുബന്ധ പദ്ധതികൾ വാർഡുകളിൽ ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളും നടത്തും.
1,200 ഏക്കര്‍ വരുന്ന പാടിവയല്‍ എസ്റ്റേറ്റില്‍ റീ പ്ലാന്റ് ചെയ്ത കാപ്പിത്തോട്ടവും വയലും ഉള്‍പ്പെടുന്ന ഭൂമിയാണ് പദ്ധതിക്കായി പാട്ടത്തിനെടുത്തത്. പത്തു വര്‍ഷമാണ് പാട്ടക്കാലവധി. പദ്ധതി നടത്തിപ്പിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു ശതമാനമാണ് പാട്ടം.
ബാങ്കിനു കീഴില്‍ ലേബര്‍ ബാങ്ക് രൂപീകരിച്ചാണ് പദ്ധതിയിലേക്കു തൊഴിലാളികളെ നിയമിക്കുന്നത്. ഇതിനായി നവംബര്‍ ഒന്നു മുതല്‍ 15 വരെ അപേക്ഷ സ്വീകരിക്കും. 20നുശേഷം നിയമനം നടത്തും. 300 തൊഴിലാളികളെയാണ് പ്രഥമഘട്ടത്തില്‍ നിയമിക്കുന്നത്. മൂപ്പൈനാട് പഞ്ചായത്തില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും.
പാട്ടത്തിനെടുത്തതില്‍ 400 ഏക്കറില്‍ തീറ്റപ്പുല്‍കൃഷിയാണ് നടത്തുന്നത്. ഉത്പാദിപ്പിക്കുന്ന തീറ്റപ്പുല്ല് മൂപ്പൈനാട് ക്ഷീരസംഘം മുഖേന കര്‍ഷകര്‍ക്കു ലഭ്യമാക്കും. മൂന്നു ഏക്കറാണ് കാര്‍ഷിക നഴ്‌സറിക്കു ഉപയോഗപ്പെടുത്തുന്നത്. ഒരു ഏക്കറില്‍ മത്സ്യക്കൃഷി നടത്തും. കാല്‍ ലക്ഷം കോഴി,100 വീതം പോത്ത്,പശു,ആട് എന്നിവയെ ആദ്യഘട്ടത്തില്‍ വളര്‍ത്തും. സുഭിക്ഷകേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് കാര്‍ഷിക പദ്ധതി ആസൂത്രണം ചെയ്തതെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ പി സി ഹരിദാസന്‍, കെ വി ബാബു, ഖാലിദ്, മുഹമ്മദലി, വി കെ ജയിംസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *