സഹനത്തിന്‍റെ ആള്‍രൂപത്തിന് പാലിയേറ്റീവ് ഗ്രൂപ്പിന്‍റെ ആദരം


Ad
പിണങ്ങോട്: കെട്ടിടത്തില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം പറ്റി പതിനൊന്ന് വര്‍ഷക്കാലമായി കിടപ്പിലായ ഭര്‍ത്താവിനെ ജോലിക്ക് പോലും പോകാതെ പരിചരിക്കുന്ന സ്നേഹനിധിയായ ഭാര്യയെ വനിതാ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് ആദരിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുഴക്കല്‍ പ്രദേശത്തുള്ള കിടപ്പ് രോഗിയായ ഗിരീഷിന്‍റെ ഭാര്യ ഷൈലജയെയാണ് ആദരിച്ചത്. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്‍റും തരിയോട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍, അനില്‍കുമാര്‍, സലീം വാക്കട, ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
2010ല്‍ ആണ് ഗിരീഷ് തൊഴിലിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റത്. ചികിത്സകള്‍ ഫലിക്കാത്തതിനാല്‍ നീണ്ട പതിനൊന്ന് വര്‍ഷക്കാലമായി കിടപ്പിലാണ്. ഈ കാലമത്രെയും മക്കളുടെ പഠനവും കുടുംബത്തിന്‍റെ മറ്റ് ചിലവുകളടക്കം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഷൈലജ ഭര്‍ത്താവിനെ പരിപാലിച്ച് വന്നത്. നടുവിന് താഴോട്ട് പൂര്‍ണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട ഗിരീഷിന്‍റെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നത് ഇവരാണ്. സഹായത്തിന് ഇപ്പോള്‍ മക്കളായ ജിത്തുവും ജിഷ്ണുവുമുണ്ട്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *