April 27, 2024

എൻറെ കുടുംബം തകർന്നു എന്ന് വരെ അവർ പ്രചരിപ്പിച്ചു :പി കെ ജയലക്ഷ്മി*

0
Img 20210329 Wa0070.jpg
എൻറെ കുടുംബം തകർന്നു എന്ന് വരെ അവർ പ്രചരിപ്പിച്ചു :പി കെ ജയലക്ഷ്മി
പതിമൂന്നാം കേരളാ നിയമസഭയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി,  പട്ടികവർഗ്ഗ വിഭാഗത്തിലെ ആദ്യ വനിതാ മന്ത്രി ,കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി . ഇങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് പി കെ ജയലക്ഷ്മിക്ക് . എന്നിട്ടുപോലും ഒരു പട്ടികവർഗ്ഗ രാഷ്ട്രീയ പ്രതിനിധി  എന്നതിലുപരി  ഇന്ത്യൻ പൗരത്വമുള്ള ഒരു  സാധാരണ വനിത എന്ന പരിഗണനപോലും നൽകാതെ പി കെ ജയലക്ഷ്മിയെ ചില തൽപരകക്ഷികൾ നിരന്തരം ആക്രമിക്കുന്ന, തേജോവധം ചെയ്യുന്ന അവസ്ഥയാണ് കേരളരാഷ്ട്രീയത്തിൽ സംജാതമായിട്ടുള്ളത് എന്ന വസ്തുത വച്ച് അവർ തെരഞ്ഞെടുപ്പ് കമ്മീഷനും വയനാട് എസ് പിക്കും അവർ പരാതി നൽകിയ വേളയിലാണ് ന്യൂസ് വയനാടിന്റെ മീറ്റ് ദി കാൻഡിഡേറ്റ് പ്രോഗ്രാമിൽ അവർ സംസാരിക്കാൻ എത്തുന്നത്. പലപ്പോഴും കണ്ണുകൾ നിറഞ്ഞും ശബ്ദം ഇടറിയുമാണ് ജയലക്ഷ്മി  ഉത്തരം നൽകിയത് ന 
അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ
Q : പി കെ ജയലക്ഷ്മി വലിയ ഒരു രാഷ്ട്രീയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണല്ലോ ? ചില സംഘപരിവാർ സംഘടനകളുമായി രഹസ്യ അന്തർധാര  പുലർത്തുന്നു എന്ന രീതിയിൽ വരെ ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു . ഇതിനെ എങ്ങനെ നേരിടുന്നു ?
Ans : മാനന്തവാടിയിലെ ആളുകൾക്ക് അറിയാം. ഞാൻ ജനിച്ചു വളർന്നത് ഒരു വലിയ കോൺഗ്രസ് കുടുംബത്തിലാണ്. ഞങ്ങൾ പാരമ്പര്യമായി എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് മാത്രമേ വോട്ട് ചെയ്യാറുള്ളൂ. എൻറെ വീട് ഇരിക്കുന്ന വാർഡിൽ എൻറെ ബന്ധുവായ സുരേഷേട്ടൻ ആണ് 250 ൽ പരം വോട്ടിന് മത്സരിച്ച് ജയിച്ചത്. അത്രയും രാഷ്ട്രീയ ഭദ്രതയുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന എനിക്ക് അത്തരം ആരോപണങ്ങളോട് സഹതാപം മാത്രമേ ഉള്ളൂ .
Q : 2016 ലെ ഇലക്ഷനിൽ ജയലക്ഷ്മിയുടെ വിജയത്തെ തടഞ്ഞുവെച്ചത് ഇത്തരം  ചില ആരോപണങ്ങൾ ഒക്കെ ആണെന്ന് മറന്നു പോകുന്നുണ്ടോ ?
Ans : അന്നത്തെ തോൽവി സംഘടനാപരമായ ചില വിഷയങ്ങൾ കാരണം ഉണ്ടായതാണ്.അത്തരം പ്രശ്നങ്ങളൊക്കെ പൂർണമായി പരിഹരിച്ചു കൊണ്ടാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.അന്നത്തെ തോൽവിക്ക് ശേഷം ആണ് അത്തരം സംഘടനാ വിഷയങ്ങൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. ഇപ്പോൾ ഞങ്ങളുടെ പ്രവർത്തകർ ഒറ്റക്കെട്ടാണ്.ഞങ്ങൾ ഇത്തവണ മാനന്തവാടി മണ്ഡലത്തിൽ വിജയം നേടുക തന്നെ ചെയ്യും.
Q : സംഘടനാ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു എന്ന് പൂർണബോധ്യം തന്നെ ഉണ്ടോ ?
Ans : തീർച്ചയായും , അതുമാത്രമല്ല പിഴവുകളിൽ നിന്ന് പാഠം പഠിച്ച് രാഹുൽജി നോമിനേഷൻ കൊടുത്ത ലോക്സഭാ   തെരഞ്ഞെടുപ്പിന് സജീവമായി പ്രവർത്തിക്കാൻ എന്നെക്കൊണ്ട് സാധിച്ചു. എൻറെ മകൾ പ്രീ-മെച്വർഡ് ആയി ജനിച്ചതിനാൽ മകളുടെ പരിചരണങ്ങൾക്കുവേണ്ടി  ഏതാനും ചില മാസങ്ങൾ എനിക്ക് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു എന്നതു മാത്രമാണ് ഒരു ചെറിയ ഇടവേളയുടെ കാരണം. അതും ചിലർ എനിക്കെതിരെയുള്ള ആരോപണ ആയുധമാക്കി അപവാദ പ്രചരണം നടത്തുന്നുണ്ട്.
Q :പക്ഷേ ജയലക്ഷ്മിക്കെതിരെയുള്ള  ആരോപണങ്ങൾ അവിടെയും തീരുന്നുണ്ടായിരുന്നി ല്ലല്ലോ ? അതൊക്കെ എങ്ങനെ വിലയിരുത്തുന്നു ?
Ans : ഒരു പ്രമുഖ ചാനൽ എനിക്കെതിരെ നിരന്തരം തെറ്റായ വാർത്തകൾ കൊടുത്തു കൊണ്ട് എന്നെ തേജോവധം ചെയ്യുകയുണ്ടായി. ഞാൻ മന്ത്രി ആയിരിക്കുന്ന സമയത്ത് കടാശ്വാസ പദ്ധതികളിൽ അട്ടിമറി നടത്തി ബന്ധുക്കൾക്ക് കൊടുത്തു എന്ന് ആ  ചാനൽ എനിക്കെതിരെ ഇടതടവില്ലാതെ വ്യാജ വാർത്ത കൊടുത്തു. ഏതോ ഒരു പട്ടികവർഗ കോളനിയിലെ ടൈൽ ഇട്ട മുറ്റത്തിന്റെ ഫോട്ടോ ഒരു മാസക്കാലത്തോളം വാർത്തകളിലിട്ട് റൊട്ടേറ്റ് ചെയ്തു കൊണ്ട് അത് എൻറെ വീടിൻറെ മുറ്റം ആണ് എന്ന രീതിയിൽ പ്രചരിപ്പിച്ചു. എന്നിട്ടും  അന്വേഷണ കമ്മീഷനിൽനിന്ന്  എനിക്ക് ക്ലീൻചിറ്റ് കിട്ടുന്നതുവരെ ഞാൻ അവരെപ്പോലെ രാഷ്ട്രീയ ഗിമ്മിക്ക് കളിക്കാതെ ക്ഷമയോടെ കാത്തിരുന്നു. ഞാൻ കൂട്ടുകുടുംബ   വ്യവസ്ഥയിൽ ജീവിക്കുന്ന ഒരാളാണ് . വേറെ ഏതൊക്കെയോ ഫോട്ടോകളുമായി  കൂട്ടിച്ചേർത്ത് എഡിറ്റിംഗ് നടത്തി എൻറെ വീട്ടുമുറ്റം ആണ് എന്നവർ നിരന്തരം പ്രചരിപ്പിച്ചു . എൻറെ വീട്ടു മുറ്റവും ചുറ്റുവട്ടത്തുള്ള അരമതിലും എല്ലാം മണ്ണു തേച്ച് ചാണകം മെഴുകിയതാണ്. ഒരു മുൻ മന്ത്രി എന്ന നിലയിൽ എന്നെ ഇങ്ങനെ ക്രൂശിക്കുമ്പോൾ സത്യാവസ്ഥ എന്തെന്ന് അറിയാൻ ആരും എൻറെ വീട്ടിലോട്ട് വന്നിട്ടില്ല . അതിനുപകരം അവർ എന്നെ അപഹസിക്കുന്ന വാർത്താ പരിപാടി തുടരുകയായിരുന്നു . ഒരു മുൻമന്ത്രി എന്നത് പോട്ടെ ഒരു പിന്നാക്ക വിഭാഗത്തിലെ സാധാരണ സ്ത്രീയെന്ന നിലയിൽ ഒരല്പം സാമൂഹികനീതി എനിക്ക് നൽകുന്നതിനെക്കുറിച്ച് അവരാരും ഒന്ന് ചിന്തിച്ചത് പോലുമില്ല. 
Q : തവിഞ്ഞാൽ പഞ്ചായത്തിൽ വീണ്ടും ഒരുപാട് സംഭവബഹുലമായ പ്രശ്നങ്ങൾ നടന്നതായി കേട്ടല്ലോ ?
Ans : തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു  മാധ്യമ പ്രവർത്തകൻ  ഒളിക്യാമറ വെച്ച്  ഒരു വൃദ്ധ മാതാവിൻറെ ചിത്രം പകർത്തി  ദിവസങ്ങളോളം ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചു , അടിസ്ഥാനരഹിതമായ ചില ആരോപണങ്ങൾ പ്രചരിപ്പിച്ചു. ആ സംഭവം നടന്നത്  മുതൽ ആറുമാസം പോലും അവർ പിന്നീട് ജീവിച്ചിരുന്നിട്ടില്ല. ആ മഹതി എൻറെ ഒരു മൂത്തമ്മ ആയിട്ട് വരും . ഇതൊക്കെ എൻറെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞ സംഭവമാണ് . പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള കടാശ്വാസം നടപ്പിൽ വരുത്തുന്നതിന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പട്ടികജാതി വർഗ്ഗങ്ങളിൽ ഉള്ള  12900 പേർക്ക് ഒരു ലക്ഷം രൂപ വീതം വരുന്ന കടം വീട്ടുന്നതിനുള്ള ഫണ്ട് വകയിരുത്തിയിരുന്നു.അത് സുതാര്യമായ രീതിയിലാണ് നടപ്പിൽ വരുത്താൻ ശ്രമിച്ചത്. അതെല്ലാം എൻറെ കുടുംബത്തിലേക്ക് കൊണ്ടുപോയി എന്നു പറഞ്ഞു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവർ നിരന്തരം ആരോപണങ്ങൾ അഴിച്ചുവിട്ടു. ഇതിനൊക്കെ എതിരെ ഞാൻ വയനാട് ഞാൻ വയനാട് SP ക്ക് പരാതി കൊടുത്തിട്ടുണ്ട്. ഇലക്ഷൻ കമ്മീഷനും പരാതി കൊടുത്തിട്ടുണ്ട്. ഇനിയൊരു പൊതു പ്രവർത്തകയായ സ്ത്രീക്കും ഇത്തരം ഒരു തേജോ വധത്തെ നേരിടേണ്ടി വരരുത് . എന്റെ കുടുംബം തകർന്നു എന്നു വരെ അവർ ഇപ്പോൾ പറഞ്ഞു പ്രചരിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞു .
Q : അതിന് ഇത്തരം ആരോപണങ്ങളും അപഹസിക്കലും ജയലക്ഷ്മി ക്കെതിരെ മാത്രമല്ലല്ലോ ? 2018ലെ പ്രളയ കാലം മുതൽ കേരളത്തിലെ എല്ലാ യുഡിഎഫ് നേതാക്കൾക്കും എതിരെ നടക്കുന്നത് ആണല്ലോ ? . അന്ന് , 2015 ൽ ഒക്കെ ഇടതുപക്ഷം പറഞ്ഞ മാധ്യമ സിൻഡിക്കേറ്റ് ഇപ്പോൾ യുഡിഎഫിന്റെ കൂടെ അല്ല എന്നുണ്ടോ ?
Ans : രണ്ട് പ്രളയങ്ങളിലും കൃത്യമായ ദുരിതാശ്വാസ ഇടപെടൽ നടത്തി യുഡിഎഫ് നേതാക്കൾ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. കേരള ഗവൺമെൻറിൻറെ ദുരിതാശ്വാസ രംഗത്തെ പിഴവുകൾക്കെതിരെയും സ്പ്രിംഗ്ലർ കേസ് ഇടപാടിലും ഒക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ 100% ശരിയായിരുന്നു എന്ന് മാത്രമല്ല ഗവൺമെൻറിൻറെ പല നയങ്ങളും അദ്ദേഹത്തിൻറെ വാക്കുകളാൽ തിരുത്തേണ്ടി വന്നിട്ടുണ്ട്. ചാണ്ടി സാറും ചെന്നിത്തലയും ജനപക്ഷ ഇടപെടലുകൾ തന്നെയാണ് ചെയ്തത്. എന്നിട്ടും അവരെ അപഹസിച്ച് ഒരു പ്രതിപക്ഷ ബഹുമാനം പോലുമില്ലാത്ത രീതിയിലാണ് ഭരണപക്ഷ കക്ഷികൾ പെരുമാറിയത്. 
Q : ഈയടുത്തകാലത്ത് വയനാട് മെഡിക്കൽ കോളേജ് ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട മാനന്തവാടി ഗവൺമെൻറ് ജില്ലാ  ആശുപത്രിയിൽ അലോട്ട് ചെയ്യപ്പെട്ട ചില കാര്യങ്ങളുടെ ലിസ്റ്റിൽ പി കെ ജയലക്ഷ്മി അനുവദിച്ച അടിസ്ഥാനസൗകര്യങ്ങൾ ഒട്ടനവധി ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം തമസ്കരിക്കപ്പെട്ടു എന്ന് യൂത്ത് കോൺഗ്രസ് പരാതിപ്പെടുന്നുണ്ടല്ലോ ? 
ഇപ്പോൾ യൂത്ത് കോൺഗ്രസാണല്ലോ പറയുന്നത് വയനാട്ടിൽ ജയലക്ഷ്മിക്കെതിരെ മാധ്യമ സിൻഡിക്കേറ്റ് ഉണ്ട് എന്ന് ?
Ans : ഞാൻ മന്ത്രിയായിരുന്ന കാലത്തെ വയനാടിൻറെ വലതുപക്ഷ എംഎൽഎമാർ ഒത്തുചേർന്ന് തീരുമാനമെടുത്ത് മെഡിക്കൽ കോളേജ് വയനാട്ടിൽ ആരംഭിക്കാൻ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയതായിരുന്നു. അത് അന്നത്തെ യുഡിഎഫ് ഗവൺമെൻറിൻറെ അവസാന കാലഘട്ടത്തിൽ ആയിരുന്നു . കെഎം മാണി സാർ അവതരിപ്പിച്ച സംസ്ഥാന  ബഡ്ജറ്റിൽ 25 കോടിയും നബാർഡിൽ നിന്ന് 45 കോടിയും ഈ മെഡിക്കൽ കോളേജിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഞങ്ങൾ നീക്കി വച്ചതാണ്. മടക്കിമലയിൽ ഇതിനായി ഭൂമി വരെ കരുതി വെച്ചു. സ്വാഭാവികമായും ഗവൺമെന്റ് മാറി വന്നപ്പോൾ ഇതിൻറെ തുടർ പ്രവർത്തനങ്ങൾ അവർ ചെയ്തു കൊള്ളും എന്ന് ഞങ്ങൾ പ്രത്യാശിച്ചു . അതുണ്ടായില്ല എന്ന് മാത്രമല്ല കാലാവധി തീരാൻ നേരത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുവേണ്ടി ജില്ലാ ആശുപത്രിയിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിച്ചു . ഞങ്ങളൊക്കെ ആദ്യമേ പറഞ്ഞത് ഈ ജില്ലാ ആശുപത്രിയിൽ തന്നെ മെഡിക്കൽ കോളേജ് വേണം എന്നാണ് . അത് ആദ്യമേ തന്നെ അങ്ങ് ചെയ്താൽ മതിയായിരുന്നല്ലോ ?
Q : മെഡിക്കൽ കോളേജ് വിവാദങ്ങൾ പക്ഷേ അവിടെയും തീരുന്നില്ലല്ലോ ?
Ans : നിലവിലുള്ള കൽപ്പറ്റ എംഎൽഎ ശ്രീ സി കെ ശശീന്ദ്രൻ തന്നെ പറഞ്ഞല്ലോ , അവിടെ ഒരു താൽക്കാലിക സംവിധാനമാണ് , മറ്റൊരു സ്ഥിര സംവിധാനം മെഡിക്കൽ കോളേജിനായി വരാനിരിക്കുന്നു എന്ന് ? . പക്ഷേ , മാനന്തവാടിയിലെ സിപിഎമ്മിന്റെ ഉത്തരവാദിത്വപ്പെട്ട പ്രവർത്തകരും എംഎൽഎയും സാക്ഷാൽ കേരള മുഖ്യമന്ത്രിയും ഒക്കെ അടിവരയിട്ട് പറഞ്ഞത് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ എന്നാണ്. ഇവർതന്നെ പരസ്പരബന്ധമില്ലാതെ സംസാരിച്ച് ജനങ്ങൾക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കുകയല്ലേ ചെയ്തത് ? 
300 രൂപയുടെ ഒരു ബോർഡ് അവിടെ വച്ച് അതിൻറെ പേര് മാറ്റുക എന്നതിലപ്പുറം എന്തു വിശ്വസ്തമായ തീരുമാനമാണ് ഭരണപക്ഷത്ത് ഉള്ള പ്രവർത്തകർ വയനാട് മെഡിക്കൽ കോളേജിന് വേണ്ടി എടുത്തത് ? . ഞാൻ മന്ത്രിയായിരുന്ന സമയത്ത് ഗവൺമെൻറ് ജില്ലാ ആശുപത്രിയിലെ പ്രവർത്തനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിന് അവിടെ 46 കോടി രൂപ മുടക്കി ഏഴുനിലയുള്ള ഒരു മൾട്ടിപർപ്പസ് ബിൽഡിങ് നിർമ്മാണം തുടങ്ങുന്നതിന് ആരംഭം കുറിച്ചിരുന്നു. മാറിവന്ന ഗവൺമെൻറിന് അത് സമയബന്ധിതമായി പൂർത്തീകരിക്കാൻ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. വയനാട് മെഡിക്കൽ കോളേജ് ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ റഫർ ചെയ്യുന്ന ഒരു ദുർബല സംവിധാനം മാത്രമാണ്. ഉദ്ഘാടനശേഷം ഒരാഴ്ചക്കുള്ളിൽ വയനാട് മെഡിക്കൽ കോളേജിൽ നിന്ന് ഒരു നവജാത ശിശു മൃതിയടഞ്ഞപ്പോൾ  അതിൻറെ പോസ്റ്റുമോർട്ടം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.ഇപ്പോൾ അവിടെ താൽക്കാലിക ജീവനക്കാരെ നിഷ്കരുണം പിരിച്ചു വിടുന്ന തിരക്കാണ് .
Q : വയനാട്ടിൽ കർഷകർ ഒരു രക്ഷയും ഇല്ലാതെ വലയുകയാണ് , അവരുടെ ക്ഷേമത്തിനുവേണ്ടി എന്തു പദ്ധതിയാണ് യുഡിഎഫിന്റെ വാഗ്ദാനത്തിൽ ഉള്ളത് ?
Ans : യുഡിഎഫ് ഗവൺമെൻറ് വന്നാൽ ആദ്യം പ്രഖ്യാപിക്കുക കാർഷിക പാക്കേജ് ആണ് . പ്രളയവും കോവിഡും തകർത്തുകളഞ്ഞ വയനാടൻ കർഷകർക്കുവേണ്ടി യുഡിഎഫ് പ്രതിജ്ഞാബദ്ധരായി ഒപ്പം തന്നെയുണ്ട്. കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച ഇവിടെ ഒരു വലിയ പ്രശ്നം ആയി മാറിയിരിക്കുന്നു . ഞാൻ മന്ത്രിയായിരുന്ന കാലത്ത് ഒരു കിലോ കുരുമുളകിന് 700 രൂപയും ഉണ്ടക്കാപ്പിക്ക് 100 രൂപയും വാഴക്കുല ക്ക് 60 രൂപയും ഉണ്ടായിരുന്നത് ഇപ്പോൾ യഥാക്രമം 300 രൂപ 60 രൂപ 13 രൂപ ഇങ്ങനെയാണ്. കാർഷികോൽപ്പന്നങ്ങൾക്ക് ഭീകരമായ വിലത്തകർച്ച സംഭവിച്ചിരിക്കുന്നു.
Q : പക്ഷേ ഇതിനനുസരിച്ച് കർഷകന്റെ കയ്യിൽനിന്നും മുടങ്ങുന്ന  ഉൽപ്പാദനച്ചെലവ് കൂടുകയാണ് എന്ന്  ചിന്തിച്ചിട്ടുണ്ടോ ?
Ans :  ഉൽപ്പാദനച്ചെലവ് ഇരട്ടിയായി . ജൈവ രാസവളത്തിന്റെ ഒക്കെ വില വർദ്ധിച്ചു. എല്ലാം മനസ്സിലാക്കുന്നു. വരുമാനം അന്നത്തേതിൽനിന്ന് അഞ്ചിലൊന്നായി ചുരുങ്ങിയിരിക്കുന്നു. ക്ഷീര കർഷകരും ക്ഷീര മേഖലയും ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ കോവിഡ് കാലത്ത് വയനാടൻ സാമ്പത്തിക രംഗം ഒരാൾ അൽപമെങ്കിലും പിടിച്ചുനിന്നത്. 
Q : നിങ്ങൾ യുഡിഎഫ് പ്രവർത്തകർ കനത്ത ആരോപണത്തിൽ ആണല്ലോ ? ഇടതുപക്ഷ ഗവൺമെൻറ് മാനന്തവാടി മണ്ഡലത്തിലെ മെയിൻ റോഡുകൾ മാത്രം നന്നാക്കി , വാഹന മുതലാളിമാർക്ക് പെട്രോൾ കമ്പനികൾക്ക് എല്ലാം പിണറായി ഗവൺമെൻറ് കാര്യങ്ങൾ സുലഭം ആക്കി പക്ഷേ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് . ഇതിന്റെ അടിസ്ഥാനം എന്താണ് ?
Ans : ഈ ആരോപണം ശരിയാണല്ലോ ? കിഫ്ബി പോലെയുള്ള പ്രസ്ഥാനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ , ശരിക്കുപറഞ്ഞാൽ രണ്ടര ലക്ഷം കോടി രൂപ കടമെടുത്ത് ഒരു വലിയ സാമ്പത്തിക ഭാരം കേരള ജനതയുടെ തലയിൽ കെട്ടി വെക്കുകയാണ് പിണറായി വിജയൻ നയിച്ച 2016-21 ഭരണ വർഷത്തെ  എൽഡിഎഫ് ഗവൺമെൻറ്  ചെയ്തിട്ടുള്ളത്.
Q : അപ്പോൾ ജയലക്ഷ്മി വിഭാവനം ചെയ്യുന്നത് അഥവാ യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വരികയാണെങ്കിൽ ആദ്യം തന്നെ മുമ്പൊരിക്കൽ ശ്രീ ശങ്കര നാരായണൻ ചെയ്തതുപോലെ ഒരു ധവളപത്രം ഇറക്കേണ്ടി വരും എന്ന് തന്നെയാണോ ? 
Ans : ഒരു സംശയവുമില്ല അതിന് തന്നെയാണ് സാധ്യത. ഇപ്പോൾ ഇവിടെ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും 68000  രൂപ വീതം കടത്തിലാണ് . അതു മാത്രമല്ലല്ലോ , നിർമ്മാണ പ്രവർത്തികൾ എല്ലാം ഇഴഞ്ഞുനീങ്ങുകയാണ് ചെയ്തത് . കുങ്കിച്ചിറയെ ഒരു ചരിത്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ ഞാൻ 90% പ്രവൃത്തി പൂർത്തീകരിച്ച് മന്ത്രിയെന്ന നിലയിൽ പടിയിറങ്ങിപ്പോയതാണ്. ഒട്ടനവധി പേർക്ക് തൊഴിൽ കിട്ടുന്ന ആ സംരംഭത്തിന്റെ പൂർത്തിയാക്കാനുള്ള ബാക്കി 10 ശതമാനം ഈ ഗവൺമെൻറ് പൂർത്തീകരിച്ചില്ല. ഇത് അവർ വയനാടിനോട് ചെയ്ത ചരിത്രപരമായ ഒരു അപരാധമാണ്.ഞങ്ങൾ തുടങ്ങിവച്ച ഒരുപാട് പദ്ധതികൾ ഇപ്പോഴും ഫ്രീസ് ആയി കിടക്കുന്നു. അത് വിരലിൽ എണ്ണിയാൽ തീരുന്നതല്ല .
Q : IUML, INL , ആദിവാസി കോൺഗ്രസ് ഇങ്ങനെ എല്ലാ സംഘടനകളും ഒരുമിച്ച് നിന്ന് ആരോപിക്കുന്നു : വിജയേട്ടൻറെ ഗവൺമെൻറ് നാലര വർഷം വയനാടിനെ കാര്യമായി അവഗണിച്ച ശേഷം അവസാന രണ്ടാഴ്ച പാക്കേജുകൾ പ്രഖ്യാപിച്ച് ആശിപ്പിച്ച് ജനവഞ്ചന ചെയ്യുന്നു എന്ന് : ഈ  ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ ?
Ans : ഈ ആരോപണം ശരി തന്നെയല്ലേ ? എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞിട്ടല്ലേ അവർ വന്നത് ? ഈ പ്രഖ്യാപനങ്ങൾ എല്ലാം തെരഞ്ഞെടുപ്പു മുന്നിൽ കണ്ടിട്ടുള്ള ഒരു തന്ത്രമാണെന്ന് ഏതു സാധാരണക്കാർക്കും മനസ്സിലാകുമല്ലോ ? 
Q : ഈ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കി കാണുന്നു എത്ര ഭൂരിപക്ഷം ഉണ്ടാകും ? യുഡിഎഫ് ൻറെ കാലം തിരിച്ചുവരുന്നു  എന്ന് പ്രതീക്ഷിക്കാമോ ? രാഹുൽജി എന്തുപറയുന്നു ?
Ans : മാനന്തവാടിയിൽ മാത്രമല്ല കേരള സംസ്ഥാനത്ത് തന്നെ യുഡിഎഫ് പ്രതാപം തിരിച്ചെത്താൻ പോവുകയാണ്.നല്ല ഭൂരിപക്ഷത്തിൽ തന്നെ യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ എത്തും. മാനന്തവാടി യിലും യുഡിഎഫ് ജയിക്കും. അതിൽ  അർദ്ധ സംശയം പോലുമില്ല. രാഹുൽ ഗാന്ധി എന്ന എം പി യെ ക്കുറിച്ചോർക്കുമ്പോൾ ഞങ്ങൾ യു ഡി എഫ് പ്രവർത്തകർക്ക് തികഞ്ഞ അഭിമാനമാണ്. അന്ന് സിപിഎം പ്രവർത്തകർ ചോദിച്ചു : രാഹുൽ ഗാന്ധി വയനാട്ടിൽ എംപി ആയി വന്നാൽ ജനങ്ങൾക്ക് അദ്ദേഹത്തെ ഒന്ന് തൊടാനോ സംസാരിക്കാനോ പോലും പറ്റുമോ എന്ന് . ഒറ്റ വർഷത്തിനുള്ളിൽ വയനാട്ടിലെ ജനങ്ങൾ പറയുന്നു ഇതാണ് ഞങ്ങൾ കൊതിച്ച എംപി . ഇങ്ങനെയാവണം ഒരു പാർലമെന്റേറിയൻ .  കൊവിഡ് കാലത്ത് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മുപ്പതോളം വിദ്യാർഥികൾ എൻറെ നമ്പറിൽ വിളിച്ച് വീട്ടിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ രാഹുൽജിയുടെ സഹായം തേടിയിരുന്നു. അദ്ദേഹം ബസ്സ് ഏർപ്പാട് ചെയ്ത് അവരെ മാനന്തവാടിയിൽ സുരക്ഷിതരായി തിരികെ എത്തിച്ചു. ഖത്തറിൽ കുടുങ്ങിപ്പോയ മൂന്ന് എടവക സ്വദേശികൾക്കും രാഹുൽജി തന്നെയാണ് സഹായം എത്തിച്ചത്. 12000 രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് അദ്ദേഹം ഈ കാലഘട്ടത്തിൽ തന്നെയാണ് നൽകിയത്. അദ്ദേഹം  താങ്ങും തണലുമായി ഈ വയനാടിനൊപ്പം തന്നെ ഉണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *