April 27, 2024

എൻ.ഡി.എയുടെ രാഷ്ട്രീയ നിലപാടുകൾ, വികസന സ്വപ്നങ്ങൾ, വിജയ് പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് ടി.എം സുബീഷ്

0
Img 20210331 Wa0030.jpg
ടി.എം. സുബീഷ് ഭാരതീയ ജനതാ പാർട്ടിയുടെ ഒരു സമര പോരാളിയാണ്. കടുത്ത ഹൈന്ദവ പക്ഷ നിലപാടുകളും സമരമുഖങ്ങളിലെ ശൗര്യവും ആയി NDA യുടെ കേന്ദ്ര കമ്മിറ്റിക്ക് പ്രിയപ്പെട്ടവൻ ആയിട്ടാണ് ടിഎം സുബീഷ് ഇത്തവണ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 

എൻ.ഡി.എയുടെ രാഷ്ട്രീയ നിലപാടുകൾ , വികസന സ്വപ്നങ്ങൾ, വിജയ് പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് ടി.എം സുബീഷ് ഇലക്ഷൻ ഹോട്ട് പോയിന്റിൽ ന്യൂസ് വയനാട് പ്രതിനിധിയോട് സംസാരിക്കുന്നു.
*അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ*
Q : തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ്മൂലത്തിൽ താങ്കൾക്ക് 42 വയസ്സ് . ഇതുവരെ ഏതൊക്കെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട് ?
Ans : 2011 ൽ ഞാൻ പൊഴുതന ബ്ലോക്കിലേക്ക് മത്സരിച്ചു . കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശപ്രകാരം നോമിനേഷൻ കൊടുക്കാൻ ആകുമ്പോഴേക്കും കൊറോണ പിടിപെട്ട് അതിനു സാധ്യമല്ലാതെ പോയി .
Q :കൽപ്പറ്റ പോലെയുള്ള മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ തോട്ടം തൊഴിലാളികൾ ഒക്കെ ആണ് ഉള്ളത്.അവരുടെ രക്ഷിതാക്കൾ ആണ് എന്ന് ഇടതു-വലത് രാഷ്ട്രീയ പാർട്ടികൾ അവകാശപ്പെടുന്നുണ്ട്. ഈ അവസ്ഥയിൽ നിങ്ങൾ ബിജെപി പ്രവർത്തകർ പുന്നപ്ര വയലാറിൽ കയറിയതുപോലെ ഈ കൽപ്പറ്റ മണ്ഡലങ്ങളിൽ ചിലയിടത്തൊക്കെ കയറേണ്ടി വരും എന്ന് തോന്നുന്നുണ്ടോ ?
Ans : ഇത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ പ്രകടനപത്രികയിൽ ഉള്ള ഒരു വിഷയം കൂടിയാണ്. തോട്ടം തൊഴിലാളികൾക്ക് വീടില്ലാത്തവർക്ക് വീടും 600 രൂപ നിത്യ വേതനവും കൊടുക്കും എന്നു പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അത് അവർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. മുണ്ടക്കൈ വട്ടമല തുടങ്ങിയ തോട്ടം തൊഴിലാളി മേഖലകളിൽ പോയപ്പോൾ അപ്പോൾ അവിടെയുള്ള തൊഴിലാളികൾ വളരെ ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നു എന്ന് നേരിട്ട് കണ്ടറിയാൻ സാധിച്ചു. എൻഡിഎ വിജയിച്ചാൽ നിങ്ങളുടെ ബുദ്ധിമുട്ട് ഒരു കുറെയെങ്കിലും പരിഹരിക്കാൻ സാധിക്കും എന്ന് ഞങ്ങൾ വാഗ്ദാനം കൊടുത്തിട്ടുണ്ട് . ഒറ്റയടിക്ക് എല്ലാം പരിഹരിക്കാൻ സാധിക്കുകയില്ല എന്ന് മനസ്സിലാക്കുക. ഒറ്റയടിക്ക് എല്ലാം ശരിയാക്കാം എന്നു പറയുന്നത് ചരിത്രപരമായ ഒരു നുണയായി മാറും.
Q : ഇതുവരെ കൽപ്പറ്റ മണ്ഡലത്തിലേക്ക് ബിജെപി ക്യാൻറിഡേറ്റ് ആയി മത്സരിച്ച സ്ഥാനാർഥികളെ ക്കാൾ ഒക്കെ സുബീഷിന് ആത്മവിശ്വാസം കൂടുതൽ ഉള്ളതായി കാണുന്നു . അതിന്റെ കാരണം എന്താണ് ?
Ans : കാരണം ഞാൻ നരേന്ദ്രമോഡിയുടെ വികസന അജണ്ടയുടെ പാനലിലാണ് മത്സരിക്കുന്നത്.ഇവിടെ മാറി മാറി ഭരിച്ച എൽഡിഎഫും യുഡിഎഫും വയനാടിൻറെ സ്വപ്നമായ മെഡിക്കൽ കോളേജ് പോലും അനുവദിച്ച് കൊടുക്കാതെ വഴുതിമാറി കളിക്കുകയായിരുന്നു . അതൊക്കെ കൊടുക്കാൻ സാധിക്കും എന്ന ആത്മവിശ്വാസമാണ് ഒരു എൻഡിഎ സ്ഥാനാർത്ഥി എന്ന നിലയിൽ എനിക്കുള്ളത്. 
Q : 25 വർഷമായി വയനാടിൻറെ നിലവിളിയാണ് പൂഴിത്തോട് ചുരം ബദൽ റോഡ് . 25% പൂർത്തിയായിട്ടും വെറും ഏഴോ എട്ടോ കിലോമീറ്റർ ദൂരത്തിനു വേണ്ടി അത് വനംവകുപ്പിന്റെ മർക്കടമുഷ്ടിയിൽ ബ്ലോക്ക് ആയി കിടക്കുന്നു . ചുരം ബദൽ റോഡിൽ ബിജെപിയുടെ വയനാട്ടിലെ നിലപാട് എന്താണ് ? നിങ്ങളും തുരങ്ക പാതയിലൂടെ മനസ്സുകൊണ്ട് സഞ്ചരിക്കുന്നവരാണോ ?
Ans : ഈ വിഷയത്തിൽ എൻഡിഎ വ്യക്തമായ അജണ്ട പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. പൂഴിത്തോട് വിഷയം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളാണ് . കേന്ദ്ര സർക്കാരിൻറെ ഒരു പദ്ധതിയനുസരിച്ച് മുണ്ടക്കൈ കള്ളാടി വഴി നിലമ്പൂരിലേക്കുള്ള മൈസൂർ പാതയാണ് വിഭാവനം ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം ,തൃശൂർ ,വയനാട് ,എന്നീ ജില്ലകളെ ഈ പാതയിലൂടെ ബദൽ റോഡ് ആയി ബന്ധിപ്പിക്കാൻ സാധിക്കും.
Q : പക്ഷേ പൂഴിത്തോട് ഭാഗത്തെ ജനങ്ങളുടെ വികാരം നിങ്ങൾ കാണാതെ പോകുന്നത് ശരിയാണോ ? ഭാരതീയ ജനതാ പാർട്ടിയിലും സാക്ഷാൽ നരേന്ദ്ര മോഡിയുടെയുടെ ഭരണ മികവിലും വിശ്വസിക്കുന്ന ക്രൈസ്തവർ അടക്കം വരുന്ന വലിയൊരു വിഭാഗം ജനത പൂഴിത്തോട് റോഡിനുവേണ്ടി പ്രധാനമന്ത്രിയെ വരെ കാണാൻ തയ്യാറായിരിക്കുന്നു എന്ന കാര്യം നിങ്ങൾ മറന്നുപോകരുത് .
Ans : ഇതൊക്കെ പ്രാദേശിക തലത്തിലുള്ള ഓരോ വികാരങ്ങൾ ആയി കണക്കാക്കുന്നു. പക്ഷേ എല്ലാം പരിഗണിച്ചാൽ ഒന്നും നടക്കാതെ പോകും. എങ്ങനെയായാലും ഏതുവിധത്തിലായാലും വയനാട് ജില്ലയ്ക്ക് ഒരു ബദൽ റോഡ് എന്ന നിലയിൽ ആണ് എൻഡിഎ ചിന്തിക്കുന്നത്. ചിലപ്പോൾ അത് പടിഞ്ഞാറത്തറയിൽ ക്കൂടെ പോകുന്നത് ആയേക്കാം. അല്ലെങ്കിൽ മേപ്പാടി വഴി ആയേക്കാം. എന്തുതന്നെയായാലും പ്രാദേശിക മത്സരങ്ങൾ ഉപേക്ഷിച്ച് എല്ലാവരും ഒറ്റക്കെട്ടായി വയനാടിന് വേണ്ടി ചിന്തിക്കുന്നതാണ് ഒരു ബദൽ റോഡ് എത്രയും പെട്ടെന്ന് കിട്ടുന്നതിനു സഹായകം ആവുക
Q : വോട്ടിംഗ് ശതമാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന ഇലക്ഷൻ കാലത്ത് വന്ന വർദ്ധനവ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും ആവർത്തിക്കുമെന്ന് തോന്നുന്നുണ്ടോ ?
Ans : ഒരു സംശയവുമില്ല ഏറ്റവും കൂടുതൽ ബിജെപി ഭൂരിപക്ഷം നേടുക ഈ കൽപറ്റ മണ്ഡലത്തിൽ തന്നെയായിരിക്കും .
Q : മണിക്കുട്ടന്റെ സ്ഥാനാർത്ഥിത്വ നിരാകരണത്തെ പറ്റി നിലവിലുള്ള ബിജെപി നിലപാട് എന്താണ് ?
Ans : താഴെക്കിടയിലുള്ള അവഗണിക്കപ്പെടുന്ന ഒരു സമൂഹത്തെ ഉയർത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തിലാണ് ഭാരതീയ ജനതാ പാർട്ടി മണിക്കുട്ടന് സ്ഥാനാർഥിത്വം കൊടുത്തത് . ഇക്കാര്യത്തിൽ നിങ്ങൾ മാധ്യമപ്രവർത്തകർ ബിജെപിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. പിന്നെ മറ്റൊരു കാര്യം കൂടി പറയട്ടെ . ആദ്യമായി സ്ഥാനാർത്ഥിത്വത്തിൽ സന്തോഷമുണ്ട് എന്നുപറഞ്ഞ മണിക്കുട്ടൻ പിന്നീട് അപ്രതീക്ഷിതമായി പിൻമാറുകയായിരുന്നു . ഇത്തരം നടപടികൾ അത്ര ശുഭകരമാണ് എന്ന് പറയാൻ പറ്റില്ലല്ലോ.
Q : അതായത് മറ്റുള്ള BJP നേതാക്കളെ പോലെ താങ്കളും പറഞ്ഞുവരുന്നത് ഇവിടെ ഇവിടെ പൊളിറ്റിക്കൽ ഹൈജാക്ക് , ബ്രെയിൻ വാഷിംഗ് , മുതലായവയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണോ ?
Ans : തീർച്ചയായിട്ടും അതിന് തന്നെയാണ് സാധ്യത. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയത്ത് മണിക്കുട്ടൻ ചാനൽ കാരോട് പറഞ്ഞത് സ്ഥാനാർത്ഥിത്വ നിർദ്ദേശത്തിൽ സന്തോഷമുണ്ട് എന്നാണ്. പക്ഷേ എന്നിട്ടും ഒരു സുപ്രഭാതത്തിൽ അദ്ദേഹം അത് നിരാകരിച്ചിട്ടുണ്ടെങ്കിൽ അതിൻറെ പിറകിൽ എന്തൊക്കെയോ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതിൽ യാതൊരു സംശയവും വേണ്ട.
Q : നിങ്ങളുടെ സൈബർ പോരാളികളിൽ ഒരാളായ ടി .ആർ . ബാലകൃഷ്ണൻ തറാട്ട് ഒക്കെ നിരന്തരം പറയുന്നുണ്ടല്ലോ ജിഹാദികളായി ഒളിഞ്ഞു പ്രവർത്തിക്കുന്ന ചില സ്യൂഡോ ഇടതുപക്ഷക്കാരുടെ കൈവശം ആണ് ആദിവാസികളിലെ ചില വിദ്യാസമ്പന്നർ പെട്ടു പോയിരിക്കുന്നത് . അവരെ രക്ഷപ്പെടുത്തി എടുക്കുക എന്നതു പോലുള്ള കാര്യങ്ങളാണ് എൻഡിഎ പോലുള്ള പ്രസ്ഥാനങ്ങൾ അടിയന്തരമായി തീരുമാനിക്കേണ്ടത് , അല്ലെങ്കിൽ ഹൈന്ദവ വിഭാഗത്തിനു തന്നെ അവരെ നഷ്ടപ്പെട്ടുപോകും എന്നൊക്കെ? എങ്ങനെ പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നു ?
Ans : ഞങ്ങൾക്ക് അതുപോലുള്ള ഒരുപാട് പോരാളികൾ ഉണ്ട് . അവർ പറയുന്നതൊക്കെ സത്യവുമാണ് . അങ്ങനെയുള്ളവരെ ഒക്കെ അംഗീകരിക്കുന്നു എന്നതിൻറെ ഉദാഹരണമാണല്ലോ സികെ ജാനു ഒക്കെ ക്യാൻഡിഡേറ്റ് ആയി വന്നിട്ടുള്ളത് . അവഗണിക്കപ്പെടുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരിക എന്ന ഉദ്ദേശത്തിലാണ് സി.കെ ജാനുവിനെയും മണികണ്ഠനെയും ഒക്കെ ബിജെപി കൂടെ വരാൻ വിളിച്ചത് . വരുന്നവരുണ്ട് വരാതിരിക്കുന്നവരും . 
Q: കൽപ്പറ്റയിലെ ആദിവാസി മേഖലകളിലെ പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങൾ കുടിവെള്ളമില്ല നല്ല വീടില്ല എന്നതാണ് . ഒരു എൻഡിഎ സ്ഥാനാർഥി ജയിച്ചു വന്നാൽ ഇക്കാര്യങ്ങളിൽ ഏതു വിധത്തിലുള്ള പരിഹാരമാണ് കാണുക ?
Ans : വയനാട് ജില്ലയിലെ പല പഞ്ചായത്തുകളിലും കോളനി കോൺട്രാക്ടർമാർ തറയും ചുമരും വരെ കെട്ടിയിട്ട് പൈസ വാങ്ങി മുങ്ങുന്ന പ്രവണത ഒരുപാട് വർഷങ്ങളായി കണ്ടുവരുന്നു. ഭരണത്തിൽ വന്നാൽ മാത്രമല്ല ഇല്ലെങ്കിലും ഇത്തരം വഞ്ചനകൾ ഇനി നേരിൽ കാണുകയാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ടാകും .
Q : NDA അനുഭാവികൾ പറയുന്നു : കൽപ്പറ്റയിൽ ഇടതു വലതു മുന്നണികൾ തമ്മിൽ കാര്യമായ മത്സരം കാണുന്നില്ല എന്ന് . എന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത് ? അഡ്ജസ്റ്റ് മെൻറ് ആരോപിക്കുന്നുണ്ടോ ?
Ans : ഇവിടെ ഒരു അപഹാസ്യകരമായ പ്രവണത കാണുന്നു . കഴിഞ്ഞതവണ തോറ്റ സ്ഥാനാർത്ഥിക്ക് വേണ്ടി ജയിച്ച വിഭാഗം വോട്ടു പിടിക്കാൻ നടക്കുന്നു. അദ്ദേഹത്തെ കള്ളൻ എന്നും ബൂർഷ്വാ എന്നും ഒക്കെ അന്ന് വിളിച്ചത് ജനങ്ങൾ മറന്നു പോയിട്ടില്ല. ഇതൊരു വലിയ തമാശയാണ്. വിചിത്രമായ ഒരു തെരഞ്ഞെടുപ്പാണ് കൽപ്പറ്റയിൽ ഇത്തവണ നടക്കുന്നത്.
Q : താമര വയനാട്ടിൽ വിരിയാൻ ഇനി എത്ര ഇലക്ഷൻ വേണ്ടിവരും ?
Ans : ഇനി കൂടുതൽ ഇലക്ഷൻ ഒന്നും വേണ്ട . വൻ ഭൂരിപക്ഷത്തോടെ തന്നെ എൻഡിഎ സഖ്യം ഇത്തവണ വയനാട്ടിൽ നിലവിൽ വന്നിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *