April 30, 2024

ശുചിത്വ, ജലസംരക്ഷണ മേഖലയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

0
മലയാളികളുടെ വ്യക്തിശുചിത്വബോധം പരിസര ശുചിത്വ ശീലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലിയില്‍ സംഘടിപ്പിച്ച ഏകദിന തോട് ശുചീകരണ പ്രവൃത്തിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വായുവിനെയും ജലത്തെയും ചുറ്റുപാടുകളെയും മലീമസമാക്കുന്നതില്‍ നാം അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കുകളാവുന്നു. ലോകത്ത് എട്ടില്‍ ഒരാള്‍ മരിക്കുന്നത് വായു മലിനീകരണം മൂലമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.  മാലിന്യങ്ങള്‍ വലിച്ചെറിയുന്ന കുപ്പത്തൊട്ടികളായി ജലസ്രോതസ്സുകള്‍ മാറുന്നു. ഈ സാഹചര്യങ്ങള്‍ക്ക് അറുതിവരുത്താന്‍ വാര്‍ഡ്‌തോറും ശുചിത്വ ജാഗ്രതാസമിതികള്‍ രൂപീകരിക്കണം. ഇവരുടെ നേതൃത്വത്തില്‍ ജനപങ്കാളിത്ത മാലിന്യപരിപാലന സംവിധാനം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍  ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വികസനകാര്യ ചെയര്‍മാന്‍ പി.ടി ബിജു, വാര്‍ഡ് കൗണ്‍സിലര്‍ കെ വി ജുബൈര്‍, ഹരിതകേരളം മിഷന്‍ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു.

വൈത്തിരി പഞ്ചായത്തില്‍ കരിമ്പിന്‍ചാല്‍, വട്ടപ്പാറ കൈത്തോടുകളുടെ ശുചീകരണ പ്രവൃത്തികള്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി ഗോപി ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി മുദ്ദള്ളി തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്തിലുള്‍പ്പെടുന്ന ഭാഗം പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി അധ്യക്ഷത വഹിച്ചു. തിരുനെല്ലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി മായാദേവി, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ചെയര്‍മാന്‍ ടി.എല്‍ സാബു, കോട്ടത്തറ പഞ്ചായത്തില്‍ പ്രസിഡന്റ് ലീലാമ്മ ജോസഫ് എന്നിവര്‍ തോട് ശുചീകരണം ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്തില്‍ കുടിയോംവയല്‍ തോട് ശുചീകരണം വൈസ് പ്രസിഡന്റ് മോഹനന്‍, അമ്പലവയല്‍ പഞ്ചായത്തില്‍ കോട്ടൂര്‍ കുപ്പമുടി തോട് ശുചീകരണം പ്രസിഡന്റ് സീതാ വിജയന്‍ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്തില്‍ പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നരസിപ്പുഴ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് അധ്യക്ഷയായിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയില്‍ ഉദ്ഘാടനം പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷബിത അധ്യക്ഷയായിരുന്നു. വെള്ളമുണ്ട പഞ്ചായത്തില്‍ വെട്ടുതോട് ശുചീകരണം പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *