June 16, 2025

മാധ്യമങ്ങളിലെ ഓണാഘോഷം: ഗവേഷണം നടത്തിയ ആദിവാസി യുവാവിന് ഡോക്ടറേറ്റ്

0
wyd-15-narayanan

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു  ഡോക്ടറേറ്റ് നേടി ആദിവാസി യുവാവ് നാടിനു അഭിമാനമായി. പുല്‍പ്പള്ളി കാപ്പിക്കുന്ന് മുണ്ടക്കുറ്റി കുറുമ കോളനിയിലെ പരേതനായ ശങ്കരന്‍-നാണി ദമ്പതികളുടെ മകന്‍ നാരായണനാണ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 'മാധ്യമങ്ങളിലെ ഓണാഘോഷം-മലയാളി സ്വത്വത്തിന്റെ പുനര്‍നിര്‍ണയം' എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണമാണ് നാരായണനെ ഡോക്ടറേറ്റിനു അര്‍ഹനാക്കിയത്.പത്രങ്ങള്‍,ടി.വി ചാനലുകള്‍,പരസ്യങ്ങള്‍,കാര്‍ട്ടൂണുകള്‍ എന്നിവയിലൂടെയുളള ഓണാഘോഷങ്ങളാണ്  കണ്ണൂര്‍ സ്വദേശി ഡോ.സുജിത്കുമാര്‍ പാറയിലിന്റെ മേല്‍നോട്ടത്തില്‍  നടത്തിയ  ഗവേഷണത്തിനു ഉപയോഗപ്പെടുത്തിയത്.  
കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഇതേ സര്‍വകലാശാലയില്‍നിന്നു നാരായണന്‍ എംഫില്ലും നേടിയിട്ടുണ്ട്. ആദിവാസി-സാമൂഹിക പ്രസ്ഥാനങ്ങളും മുത്തങ്ങ ഭൂസമരവുമാണ് എംഫില്‍ ഗവേഷണത്തിന് വിഷയമാക്കിയത്.
പുല്‍പ്പള്ളി വേലിയമ്പം ദേവീവിലാസം സ്‌കൂളിലാണ് നാരായണന്‍ എസ്എസ്എല്‍സി വരെ പഠിച്ചത്. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ആശ്രമവിദ്യാലയത്തിലായിരുന്നു പ്ലസ് ടു പഠനം. കാലിക്കറ്റ്  യൂണിവേഴ്‌സിറ്റിയില്‍നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയശേഷമാണ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ ഗവേഷണം നടത്തിയത്. നിലവില്‍ മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറുടെ താത്കാലിക ഒഴിവില്‍ ജോലി ചെയ്തു വരികയാണ് ഈ 32കാരന്‍. 
ഡോക്ടറേറ്റ് ലഭിച്ച നാരായണന് കാപ്പിക്കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പുല്‍പ്പളളി  പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പൊന്നാട അണിയിച്ചു. വാര്‍ഡ് മെമ്പര്‍ സജി റെജി അധ്യക്ഷത വഹിച്ചു. ബാബു നമ്പുടാകം, ദിവാകരന്‍നായര്‍, അഡ്വ.കെ.എം. മനോജ്, ഷിജു കുടിലില്‍, ബേബി ജോസഫ്, ജെയ്‌സണ്‍ കണ്ണമ്പളളി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *