May 2, 2024

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ട് വയനാട്: 4100 ലധികം ദുരിതാശ്വാസ ക്യാമ്പിൽ .നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു.

0
Img 20180809 Wa0271

സി.വി.ഷിബു
കൽപ്പറ്റ:  ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട്ടിൽ സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഏഴിടത്ത് ഉരുൾപൊട്ടലും  നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി.രണ്ടിടത്തായി ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ട് മരിച്ചു. വൈത്തിരിയിൽ ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട്  തൊളിയത്തറ  ജോർജിന്റെ ഭാര്യ ലില്ലി (65 ), തലപ്പുഴ മക്കി മലയിൽ മംഗലശ്ശേരി റസാഖ് ( 48 ) ഭാര്യ സീനത്ത്  (45) എന്നിവരാണ് മരിച്ചത്. 
          വെള്ളപ്പൊക്കത്തിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. 4100-ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രക്ഷാപ്രവവർത്തനത്തിന് സൈന്യത്തെ അയച്ചെങ്കിലും സൈന്യത്തിന് പോലും കൃത്യ സമയത്ത് എത്തിപ്പെടാനാകാതെ  വഴിയിൽ കുടുങ്ങി. ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വയനാട് മണിക്കൂറുകളോളം ഒറ്റപ്പെട്ടു. വൈദ്യുതി, വാർത്താ വിനിമയ ഗതാഗത സൗകര്യങ്ങളും പത്ര വിതരണം പോലും താറുമാറായി. ജൂൺ ആദ്യവാരം ആരംഭിച്ച കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്   ബാണാസുര സാഗർ ഡാമിന്റെയും കാരാപ്പുഴ അണക്കെട്ടിന്റെയും ഷട്ടറുകൾ തുറന്നത്  ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചു.
        ബുധനാഴ്ച  രാത്രി പതിനൊന്നേ മുക്കാലോടെ വൈത്തിരിയിൽ  പോലീസ് സ്റ്റേഷന് സമീപം ലക്ഷംവീട് കോളനിയിൽവീടിന് മുകളിലേക്ക് മണ്ണിടിഞ് വീണാണ് ലില്ലിയെ കാണാതായത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ  വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ലില്ലിയുടെ മൃതദേഹം കണ്ടെടുത്തു. ഭർത്താവ് ജോർജും   മക്കളായ സജേഷും ജയേഷും  അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. തലപ്പുഴ മക്കി മലയിൽ പുലർച്ചെ മൂന്ന് മണിക്കുണ്ടായ ഉരുൾപൊട്ടലിലാണ് റസാഖും സീനത്തും മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. ഇവരുടെ മൂന്ന് മക്കൾ പുറത്തേക്കോടി രക്ഷപ്പെട്ടു. മംഗലശ്ശേരി  പരേതനായ അബ്ദുറഹ്മാന്റെയും   ആസ്യയുടെയും മകനാണ് നിർമ്മാണ തൊഴിലാളിയായ റസാഖ്. മാനന്തവാടി ആറാട്ടുതറ പൂക്കോട്ട് പരേതനായ അന്ത്രു വിന്റെയും  ആയിഷയുടെയും മകളാണ്  സീനത്ത്. ഇവരുടെ
മക്കളായ
മാനന്തവാടി ന്യൂമാൻസ് കോളേജിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് റജ്മൽ, തലപ്പുഴ ഗവ: ഹൈ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി റജിനാസ്, ഗവ:യു .പി .സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് റിഷാൻ എന്നിവരാണ്  ഓടി രക്ഷപ്പെട്ടത്. റസാഖിന്റെ സഹോദരി അസ്മാബിയുടെ വീടും ഉരുൾപ്പൊട്ടലിൽ തകർന്നു. ഇവരുടെ കുടുംബം  ബന്ധുവീട്ടിലായതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 
     കണിയാമ്പറ്റ ചിത്രമൂലയിൽ രക്ഷാപ്രവർത്തനത്തിനിടെ കൊട്ടത്തോണി മറിഞ്ഞ് ഒഴുക്കിൽ പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. കാവുമന്ദത്ത്  കാർ ഒഴുക്കിൽപ്പെട്ടങ്കിലും യാത്രക്കാരെ രക്ഷപ്പെടുത്തി. ബാണാസുരമലയിൽ കാപ്പി ക്കളത്ത് ഉരുൾപ്പൊട്ടി അമ്പത് കുടുംബങ്ങളെയും പഞ്ചാര കൊല്ലി വാളാട്ടു കുന്നിൽ ഉരുൾപൊട്ടലിനെ തുൾന്ന് നാല്പത് കുടുംബങ്ങളെയും  തൃക്കൈപ്പറ്റ മണിക്കുന്ന് മലയിൽ ഉരുൾപൊട്ടി എൻപത് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. കോടി കണക്കിന് രൂപയുടെ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് രക്ഷാപ്രവർത്തകരെ കാത്ത് ഒറ്റപ്പെട്ടിട്ടുള്ളത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *