May 2, 2024

ബാപ്പയുടെയും ഉമ്മയുടെയും ചേതനയറ്റ ശരീരം കണ്ട് വിറങ്ങലിച്ച് റെജ് മലും സഹോദരങ്ങളും: ഇനി മൂവരും അനാഥർ .

0
Img 20180809 210609
ജീവന്റെ തുടിപ്പിനായി കാത്തിരുന്ന മക്കൾക്ക് മുന്നിലെത്തിയത് മാതാപിതാക്കളുടെ   ചേതനയറ്റ ശരീരം.


മാനന്തവാടി: കൂരിരുട്ടിൽ ഭയാനാകമായ  വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടുമ്പോഴും റെജ് മലും  സഹോദരങ്ങളും പുറത്തേക്കിറങ്ങുമ്പോൾ ഉമ്മയും ബാപ്പയും കൂടെയുണ്ടാകുമെന്നാണ് കരുതിയത്. നിമിഷങ്ങൾക്കകം അവർ തിരിച്ചറിഞ്ഞു, മാതാപിതാക്കൾ മണ്ണിനടിയിലാണന്ന്. ഉടൻ നാട്ടുകാരെ വിവരമറിയിച്ചു.ജീവന്റെ തുടിപ്പുമായി ഉമ്മയും ബാപ്പയും ജീവിച്ചിരിക്കണേയെന്ന് പ്രാർത്ഥിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞ് അവർക്കരികിലെത്തിയത് മാതാപിതാക്കളുടെ ചേതനയറ്റ  ശരീരം. എന്നിട്ടും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും പ്രതീക്ഷയായിരുന്നു അവരുടെ മനസ്സ് നിറയെ.

 ഒടുവിൽ രാത്രി സംസ്കാരത്തിനായി മൃതദേഹങ്ങൾ എത്തിച്ചപ്പോഴാണ് മരണമെന്ന യാഥാർത്ഥ്യം മൂവരും തിരിച്ചറിഞ്ഞത്.

   വയനാട്  തലപ്പുഴ മക്കി മലയിൽ ഗവ: എൽ.പി. സ്കൂളിന്   സമീപം പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് കനത്ത മഴയിൽ ഉരുൾപൊട്ടിയത്. ഓടിട്ട വീടിന്റെ പിൻ ഭാഗത്താണ് മണ്ണിടിഞ് വീണത്. ഈ ഭാഗത്തെ മുറയിലായിരുന്നു ഹോട്ടൽ തൊഴിലാളിയായ മംഗലശ്ശേരി റസാഖും ഭാര്യ സീനത്തും കിടന്നുറങ്ങിയിരുന്നത്. തൊട്ടടുത്ത മുറികളിൽ കിടന്നുറങ്ങിയ    മൂത്ത മകൻ പതിനേഴ് കാരൻ മുഹമ്മദ് റെജ് മലും   രണ്ടാമത്തെ മകൻ പതിനഞ്ചുകാരൻ വയസ്സുകാരൻ റെജിനാസും ഇളയ മകൻ  എട്ട് വയസ്സുകാരൻ  മുഹമ്മദ് റിഷാനും വീടിന് പുറത്തേക്കോടിയാണ്  രക്ഷപ്പെട്ടത്. എന്തു ചെയ്യണമെന്നറിയാതെ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് ധൈര്യം വീണ്ടെടുത്ത് അയൽ പക്കത്തേക്ക് ഓടുകയായിരുന്നു. നാല്പത് മീറ്റർ മാത്രം അകലെയുള്ള ഉത്താര വീട്ടിൽ ഉണ്ണിയുടെ വീട്ടിലാണ് ഇവർ ആദ്യമെത്തിയത്. ഉണ്ണിയും കുട്ടികളും ചേർന്ന് പുത്തൻപുരക്കൽ പ്രദീപിന്റെ വീട്ടിലെത്തി. ഇവരും മറ്റ്   നാട്ടുകാരും സ്ഥലത്തെത്തിയങ്കിലും മണ്ണിടിച്ചിൽ തുടർന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. തലപ്പുഴയിൽ റോഡ് ബ്ലോക്കായതിനാൽ ഫയർ ഫോഴ്സിനും എത്താനായില്ല .പതിനൊന്ന് മണിയോടെ റസാഖിനെയും സീനത്തിനെയും കണ്ടത്തിയങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചു. മരവിച്ച മനസ്സുമായി നിന്ന കുട്ടികളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വേദന ഉള്ളിലൊതുക്കി. പിന്നീട് മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു. റസാഖിന്റെ വീടിന്റെ തൊട്ടടുത്ത് സഹോദരി അസ്മാബിയുടെ വീടും ഉരുൾപൊട്ടലിൽ തകർന്നു. അസ്മാബിയും വീട്ടുകാരും മറ്റൊരു ബന്ധുവീട്ടിൽ പോയതിനാലാണ് അപകടത്തിൽ നിന്ന്  രക്ഷപ്പെട്ടത്. റസാഖിന്റെ മറ്റ് ബന്ധുക്കൾ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. തറവാട് വീടും ഇതിനടുത്താണ്. പരേതനായ അബ്ദുറഹ്മാന്റെയും ആസിയയുടെയും മകനാണ് റസാഖ്. മാനന്തവാടി ആറാട്ടുതറ പൂക്കോട്ട് വീട്ടിൽ പരേതനായ അന്ത്രുവിന്റെയും  ആയിഷയുടെയും 

മകളാണ് സീനത്ത്. മാതാപിതാക്കളുടെ ദാരുണമായ മരണത്തോടെ വിദ്യാർത്ഥികളായ മൂവരും അനാഥരായി.


മഴക്കാലത്ത് പലപ്പോഴും മണ്ണിടിടിച്ചിൽ ഭീഷണി ഉള്ള പ്രദേശമാണ് ഇതെങ്കിലും ജനവാസ മേഖലയുമാണ്. പ്രദേശത്തെ ഒമ്പതിലധികം ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിനെ തുടർന്ന് തലപ്പുഴയിൽ വെള്ളപ്പൊക്കവും ഉണ്ടായി. മാനന്തവാടി – കണ്ണൂർ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *