April 28, 2024

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍ സ്ഥലപരിശോധന നടത്തി

0

കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് പിടിച്ചെടുത്തതും കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്നതുമായ ഭൂമിയില്‍ സര്‍വേ വകുപ്പ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭൂമിയില്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഓഗസ്റ്റ് രണ്ടിനു സര്‍വേ നടത്താനാരിക്കെയായിരുന്നു പരിശോധന. സര്‍വേ ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്, മാനന്തവാടി റീ സര്‍വേ സൂപ്രണ്ട്, താലൂക്ക് സര്‍വേയര്‍, ഹെഡ് സര്‍വേയര്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം  സ്ഥലപരിശോധനയ്ക്കു എത്തിയത്. വനം വകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടണമെന്ന ആവശ്യവുമായി 2015 ഓഗസ്റ്റ് 15 മുതല്‍ കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസിനെയും കൂട്ടിയാണ് സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തു എത്തിയത്. കാഞ്ഞിരങ്ങാട് വില്ലേജിലെ നീലോമില്‍  സര്‍വേ നമ്പര്‍ 238/1ല്‍ ആണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനം വകുപ്പ് പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിയിടം. കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്നു  കാഞ്ഞിരത്തിനാല്‍ ജോസ് 1967ല്‍ വിലയ്ക്കു വാങ്ങിയ ഭൂമി മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍പ്പെട്ടതാണെന്നു വാദിച്ച് അടിയന്തരാവസ്ഥക്കാലത്താണ് വനം വകുപ്പ് അധീനപ്പെടുത്തിയത്. ഇതിനെതിരായ വ്യവഹാരങ്ങളില്‍ വിധി  കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായിരുന്നില്ല. 
ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരികെ ലഭിക്കുന്നതിനു ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷക സംഘടനയായ ഹരിതസേനയുടെ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.ടി. പ്രദീപ്കുമാറാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയെ സമീപിച്ചത്. കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷനായ കമ്മിറ്റി ജൂണ്‍ മൂന്നിനു തിരുവനന്തപുരത്ത് തെളിവെടുപ്പു നടത്തിയിരുന്നു.   ഹരജിക്കാരനു പുറമേ വനം, റവന്യൂ, സര്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഹാജരായ തെളിവെടുപ്പിനുശേഷമാണ് ഓഗസ്റ്റ് രണ്ടിനു കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍  തീരുമാനമായത്. ഇതിനു മുന്നോടിയായി നീലോത്ത് എത്തിയ സര്‍വേ ഉദ്യോഗസ്ഥര്‍ 1987ലെ റീ സര്‍വേ രേഖകളും കല്ലുകളും പരിശോധിച്ചു. കാഞ്ഞിരത്തിനാല്‍ കുടുംബം അവരുടേതെന്നു പറയുന്ന ഭൂമിയുടെ അതിരുകളിലുള്ള കൈവശക്കാരെ സംബന്ധിച്ച വിവരം ശേഖരിച്ചു. സ്ഥല പരിശോധനയില്‍ ഭൂമിയില്‍ തെങ്ങടയാളം കൊത്തിയ സര്‍വേക്കല്ലുകളാണ് ഉദ്യോഗസ്ഥര്‍ക്കു കാണാനായത്. സ്ഥലം കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്നതാണ് തെങ്ങടയാളം കൊത്തിയ സര്‍വേക്കല്ലുകള്‍.  സര്‍വേ അഡീഷണല്‍ ഡയറക്ടര്‍ അടുത്ത ദിവസം സ്ഥലപരിശോധനയ്ക്കു എത്തുമെന്നാണ് അറിയുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *